ADVERTISEMENT

അറുപതുകളുടെ മധ്യനിരകാലം. മധുരമെത്തും മുൻപേ വാടി വീണൊരു ഓറഞ്ച് അല്ലെങ്കിൽ കീറത്തുണി ചുറ്റിയുണ്ടാക്കിയൊരു പന്ത് ‘ജഗ്ൾ’ ചെയ്തു നടന്നു നീങ്ങുന്നൊരു ബാലൻ വില്ല ഫീരീത്തോയെന്ന അർജന്റീനാ തെരുവിലെ പതിവു കാഴ്ചയായിരുന്നു. ഒരുവട്ടം പോലും അവ നിലത്തു വീഴാതെ ഇരുകാലുകളിലുമായി കോരിയെടുത്തു താളത്തിൽ നടന്നുനീങ്ങുന്ന പയ്യനെ ആളുകൾ അദ്ഭുതത്തോടെ നോക്കിനിന്നു. ഫുട്ബോളിലെ എല്ലാ ജാലവിദ്യകളും അറിയുന്ന മാന്ത്രികനിലേയ്ക്കുള്ള ഡിയേഗോ മറഡോണയുടെ പ്രയാണത്തിന്റെ തുടക്കമായിരുന്നു ഇത്.

∙ പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന്

കളിക്കളത്തിൽ എതിരാളികളുടെ ഏതറ്റം വരെയും നീളുന്ന പ്രതിരോധത്തെ കീറിമുറിച്ച പോരാളിയായി ഡിയേഗോ വളർന്നതിൽ ബ്യൂണസ് ഐറിസിനോടു ചേർന്നുകിടക്കുന്ന ലാനസിലെ ഈ തെരുവിന്റെ നെഞ്ചിടിപ്പുണ്ട്.ഡിയേഗോക്കും മറഡോണയ്ക്കും മധ്യേ ചേർത്ത, സൈനികൻ എന്നർഥമുള്ള അർമാൻഡോ എന്ന പേര് അന്വർഥമാക്കുംവിധമായിരുന്നു താരത്തിന്റെ വളർച്ചയും.യുദ്ധം തന്നെയായിരുന്നു മറഡോണയുടെ ജീവിതം.ദാരിദ്ര്യമായിരുന്നു ആദ്യ വെല്ലുവിളി. അർജന്റീനയുടെ വടക്കു കിഴക്കൻ പ്രവിശ്യയായ പരാനയിൽ ബോട്ട്മാനായി ജോലി നോക്കിയിരുന്ന പിതാവ് ഡോൺ ഡിയേഗോ എട്ടു മക്കളടങ്ങിയ കുടുംബത്തെ മുന്നോട്ടു നയിക്കാനേറെ കഷ്ടപ്പെട്ടു.

സ്വന്തമെന്നു പറയാനൊരു വീടില്ലാത്തതിനാൽ അമ്മ ഡാൽമ സാൽവദോറയും സഹോദരങ്ങളുമായി ചില ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. ലാനസിലെ താമസം അവസാനിപ്പിച്ചു ബന്ധുക്കൾ മടങ്ങിയതോടെ കട്ടകളും തകരപ്പാട്ടകളും ചേർത്തു തെരുവോരത്തു പണിതുയർത്തിയ വീട്ടിലായി ജീവിതം. ആക്രി സാധനങ്ങൾ ശേഖരിച്ചും മറ്റും സ്വന്തം നിലയ്ക്കും വരുമാനം കണ്ടെത്തിയതോടെ ഡിയേഗോയിൽ നിന്നു ഫുട്ബോളിനെ തട്ടിത്തെറിപ്പിക്കാൻ ദാരിദ്ര്യത്തിനായില്ല.പൊട്ടിത്തെറികൾക്കു കുപ്രസിദ്ധി നേടിയ ചേരിയിലെ കലുഷിതമായ അന്തരീക്ഷമാകട്ടെ ആരെയും കൂസാത്ത പ്രകൃതക്കാരനായുള്ള ഡിയേഗോയുടെ വളർച്ചയിൽ നിഴലിക്കുകയും ചെയ്തു.

∙ മാന്ത്രികച്ചുവടുകൾ കളത്തിലേക്ക്

ചേരിയിലെ കല്ലും മണ്ണും നിറഞ്ഞ, ഇടുങ്ങിയ ഓരങ്ങളിൽ നഗ്നപാദനായി പന്തു തട്ടിയ ഡിയേഗോയുടെ കളി പലരും ശ്രദ്ധിച്ചു തുടങ്ങി.ഒരു കോച്ചിന്റെയും സഹായമില്ലാതെ അസാമാന്യ കരുത്തും സാങ്കേതിക മികവും തന്ത്രവും ഒരുമിപ്പിച്ച ഡിയേഗോയെത്തേടി പ്രാദേശിക ക്ലബ് ലോസ് സെബോലിറ്റാസിന്റെ (ലിറ്റിൽ ഒനിയൻസ്) ട്രയൽ അവസരം വന്നത് എട്ടാം വയസിൽ.പയ്യന്റെ കളിയുടെ വലുപ്പം കണ്ട ക്ലബ് അധികൃതർ പക്ഷേ പ്രായം അംഗീകരിക്കാൻ തയാറായില്ല. രേഖകൾ ഹാജരാക്കി പ്രായം തെളിയിച്ചെങ്കിലും പോഷകാഹാരക്കുറവ് ഡിയേഗോയ്ക്കു തടസമായി.ക്ലബ് തന്നെ വൈദ്യസഹായവും ഏറ്റെടുത്ത് ഒപ്പം ചേർത്തുനിർത്തിയതോടെ മറഡോണയെന്ന പ്രതിഭയിൽ പ്രശസ്തിയുടെ തിളക്കം വച്ചുതുടങ്ങി. ലീഗ് മത്സരങ്ങളുടെ ഹാഫ് ടൈമിൽ പന്ത് കൊണ്ടു വിസ്മയം ഒരുക്കുകയായിരുന്നു പയ്യന്റെ ആദ്യ ദൗത്യം.

പ്ലേയിങ് ഇലവന്റെ ഭാഗമായി കളത്തിൽ കാൽവച്ച ഡിയേഗോയ്ക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.കൊച്ചുമറഡോണയുടെ കാൽക്കരുത്തിൽ ടീം തുടർച്ചയായ 136 മത്സരങ്ങളിലാണു വിജയത്തിൽ കൈവച്ചത്.ദേശീയ ചാംപ്യൻഷിപ്പും േനടിക്കൊടുത്തതോടെ ഡിയേഗോയെ പതിനാലാം വയസിൽ അർജന്റീനോസ് ജൂനിയേഴ്സ് ടീം റാഞ്ചി.പതിനാറിന്റെ പടി കയറും മുൻപേ ഫസ്റ്റ് ഡിവിഷൻ ലീഗിൽ കളിക്കാനിറങ്ങിയ താരം വെറും 4മാസത്തിനുള്ളിൽ നീല –വെള്ള വരയൻ കുപ്പായത്തിൽ അർജന്റീനയുടെ ഡിയേഗോ മറഡോണയായി ഹംഗറിക്കെതിരെ അവതരിച്ചു. അർജന്റീനാ നിറമണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഫുട്ബോൾ ചരിത്രത്തിൽതന്നെ ഒട്ടേറെ ഏടുകൾ എഴുതിച്ചേർക്കുന്നതിനുള്ള കിക്കോഫ് ആയിരുന്നുവെന്നു ലോകം വൈകാതെ തിരിച്ചറിഞ്ഞു.

∙ ലോകം കൈകളിലെടുത്ത മാജിക്

സ്വന്തം നാട്ടിൽ നടന്ന1978 ലെ ലോകകപ്പിൽ പാസറെല്ലയുടെയും മരിയോ കെംപസിന്റെയും വിശ്വം ജയിച്ച അർജന്റീനാ സംഘത്തിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും പ്രായക്കുറവിന്റെ േപരിൽ വിളിയെത്തിയില്ല. തൊട്ടടുത്ത വർഷം അണ്ടർ–20 ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേയ്ക്കു നയിച്ചാണു മറഡോണ ആ കുറവ് തീർത്തത്.ടൂർണമെന്റിലെ മികച്ച താരമായി ഡിയേഗോ ലോക ഫുട്ബോളിലെ അശ്വമേധത്തിനു കൂടിയാണു തുടക്കമിട്ടത്. ലോസ് സെബോലിറ്റാസിന്റെയും അവരുടെ സീനിയേഴ്സായ അർജന്റീനോസ് ജൂനിയേഴ്സിൻ്റെയും ടീമിനെക്കാൾ വളർന്ന ഡിയേഗോ അന്നത്തെ ലോകം ഞെട്ടുന്ന പ്രതിഫലവുമായി ബൊക്ക ജൂനിയേഴ്സിൻ്റെയും എഫ്സി ബാർസിലോനയുടെയും നാപ്പോളിയുടെയും ഭാഗമായി.

ഒടുവിൽ 1986 ലെ മെക്സിക്കോ ലോകകപ്പിൽ ഈ ലോകം മുഴുവൻ കൈകളിലെടുത്ത ഡിയേഗോ മാജിക്കുമായി ആ കുറിയ മനുഷ്യൻ അർജൻ്റീനയ്ക്ക് വിശ്വകിരീടവും ചാർത്തി. രാജ്യങ്ങൾക്കിടയിലെ കുമ്മായവരകളുടെ അതിരുകളില്ലാതെ, ഫുട്ബോൾ മിടിക്കുന്ന ഹൃദയങ്ങളിലെല്ലാം ഇന്നും അതേ ആരവത്തിൽ ഇരമ്പിയാർക്കുകയാണ് ഒരിക്കലും നിലയ്ക്കാത്ത ആ മെക്സിക്കൻ അലകൾ. അർജൻ്റീനയുടെ വീരപുത്രൻ ജനിച്ച മണ്ണിൻ്റെ ചൂടിൽ ഉറക്കത്തിനൊരുങ്ങുകയാണ്. ലോകം മുഴുവനൊരു വില്ല ഫീരീത്തോയായി മാറി കണ്ണീർ വാർക്കുകയാണ്. ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഒരിക്കലും മായാത്ത കളിയഴകിൻ്റെ ഓർമകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്.

പ്രണാമം ഡിയേഗോ....

നന്ദി വില്ല ഫീരീത്തോ...

English Summary: RIP Diego Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com