ADVERTISEMENT

ആ ‘പുരസ്കാരം’ സ്വീകരിച്ചു ഡിയേഗോ മറഡോണ പറഞ്ഞതിങ്ങനെ: ‘എനിക്കായിരുന്നു ജനകീയ വോട്ടുകൾ. ‘നഷ്ടപരിഹാരം’ കിട്ടിയാണു പെലെയുടെ ജയം.’ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്താനായി ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ 2000ത്തിൽ നടത്തിയ ശ്രമം കലാശിച്ചത് ഫുട്ബോൾ ലോകത്തെ തന്നെ രണ്ടായി പിളർത്തുന്നതിലാണ്. ഒപ്പം, ആ പുരസ്കാരത്തെയും! ഒരു പക്ഷം, ബ്രസീലിയൻ ഇതിഹാസ താരം പെലെയ്ക്കൊപ്പം നിലകൊണ്ടപ്പോൾ മറുപക്ഷം വികാര തീവ്രതയോടെ വാദിച്ചതു മറഡോണയ്ക്കു വേണ്ടി. ഒടുവിൽ, പുരസ്കാരം പങ്കുവയ്ക്കപ്പെട്ടു; നൂറ്റാണ്ടിന്റെ ‘താരം’, ‘താരങ്ങൾ’ ആയി; പെലെയും മറഡോണയും! ഫിഫ ജൂറിയുടെ തിരഞ്ഞെടുപ്പിലൂടെ പെലെയും ആരാധകരുടെ വോട്ടിലൂടെ മറഡോണയും.

ഫിഫ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണു നൂറ്റാണ്ടിന്റെ താരത്തെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പു നടത്തിയത്. മറഡോണയ്ക്കു ലഭിച്ചത് 53.6 % വോട്ടുകൾ. ഏറെ പിന്നിലായ പെലെയ്ക്ക് 18.5 % മാത്രം. പോർച്ചുഗൽ ഇതിഹാസം യുസേബിയോ 6.2 % വോട്ടുകളുമായി മൂന്നാമത്. എന്നാൽ, അതിനൊപ്പം മറ്റൊരു വോട്ടെടുപ്പു കൂടി ഫിഫ നടത്തി; ഫിഫ ‘ഫുട്ബോൾ കുടുംബാംഗങ്ങളുടെ’ വക തിരഞ്ഞെടുപ്പ്! പങ്കെടുത്തതു ഫിഫ മാഗസിൻ വരിക്കാരും ഫിഫ നിയോഗിച്ച പ്രത്യേക ജൂറിയും. ഫലം: പെലെയ്ക്ക് 72.8 % വോട്ടുകൾ. അർജന്റൈൻ താരം ആൽഫ്രെഡോ ഡിസ്റ്റെഫാനോ (9.8%) രണ്ടാമതും മറഡോണ (6 %) മൂന്നാമതും. എക്കാലവും ഫിഫയുടെ വിമർശകനായിരുന്ന മറഡോണ ആ പട്ടികയിൽ പിന്നിലായതിൽ ആരും അദ്ഭുതപ്പെട്ടില്ല. പെലെയാകട്ടെ, ഫിഫയെന്ന അധികാര കേന്ദ്രത്തോട് ഒരിക്കലും അകൽച്ച കാട്ടിയിരുന്നില്ല.

ടെലിവിഷൻ – ഇന്റർനെറ്റ് വിസ്ഫോടനത്തിനു മുൻപു കളിക്കളമൊഴിഞ്ഞ പെലെയ്ക്കു പുതുകാലത്തിന്റെ ഇഷ്ടം കിട്ടില്ലെന്നു വ്യക്തമായ ഫിഫ അദ്ദേഹത്തിനായി അണിയറയിൽ ആസൂത്രണം ചെയ്ത ‘കളി’ എന്നാണു മറഡോണ ആരാധകർ ആ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. റോമിൽ പുരസ്കാരം സമ്മാനിക്കൽ ചടങ്ങിൽ മറഡോണ പരിഹാസത്തിന്റെ മേമ്പൊടിയോടെ സൂചിപ്പിച്ചു:‘‘ കുട്ടികൾ മാത്രമായിരിക്കും, എനിക്കു വോട്ടു ചെയ്തത്. പക്ഷേ, അവർക്കു കംപ്യൂട്ടർ വാങ്ങിക്കൊടുത്തത് അച്ഛനായിരിക്കും. ചിലപ്പോൾ, അതു വോട്ടിനെയും സ്വാധീനിച്ചിരിക്കും!’’ – തനിക്കു കിട്ടിയതു കുട്ടികളുടെ മാത്രം വോട്ടല്ലെന്ന് ഇതിലും മനോഹരമായി പറയാൻ ഡീഗോയ്ക്ക് അല്ലാതെ ആർക്കു കഴിയും. ഫിഫ പുരസ്കാരം സ്വീകരിച്ചുവെങ്കിലും പ്രതിഷേധം ഒളിപ്പിച്ചു വയ്ക്കാതെ അദ്ദേഹം വേദി വിട്ടു; പുരസ്കാര സ്വീകരണത്തിനായി പെലെ എത്തും മുൻപേ!

∙ 10 –ാം നമ്പർ കുപ്പായക്കാരന്റെ ദശാവതാരം

കാൽപ്പന്തുകളിയിലെ മാന്ത്രികൻ മാത്രമായിരുന്നില്ല, ഡിയേഗോ മറഡോണ.  എക്കാലത്തെയും ഇതിഹാസ താരമെന്ന വിശേഷണത്തിലും ഒതുങ്ങില്ല, 10 –ാം നമ്പറിനെ അനശ്വരമാക്കിയ പ്രിയ ഡിയേഗോ. പല കാലഘട്ടങ്ങളില്‍, പല അവതാര ഭാവങ്ങളിലൂടെ ഒഴുകിപ്പറന്നു, ആ മഹാപ്രതിഭ.

∙ വണ്ടർ കിഡ്

മൂന്നാം പിറന്നാൾ ദിനത്തിൽ ബന്ധു നൽകിയ സമ്മാനം ഒരു കൊച്ചു പന്തായിരുന്നു. ആ പന്തു മറ്റാരും എടുക്കാതിരിക്കാൻ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കുഞ്ഞു മറഡോണയുടെ ഉറക്കം പോലും. ആ മുറിയിൽ 7 കൊച്ചു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു, അവനൊപ്പം! ദാരിദ്ര്യം വേട്ടയാട്ടിയ കുട്ടിക്കാലത്തു കൊച്ചു മറഡോണ ആ വേദന മറന്നതു ഫുട്ബോളിനെ അതിതീവ്രമായി സ്നേഹിച്ചാണ്. ലാനസിലെ തെരുവുകളിൽ ചാരുതയോടെ പന്തു തട്ടി കാണികളെ അമ്പരപ്പിച്ചു, ആ ബാലാവതാരം. 

∙ ദ് മജീഷ്യൻ 

കുഞ്ഞു മറഡോണ കളിച്ചു തെളിഞ്ഞതു തന്നേക്കാൾ പ്രായവും വലുപ്പവും കൂടിയവർപ്പൊപ്പം. അർജന്റീനയിലെ കൊച്ചു ക്ലബുകളിൽ നിന്നു കളിച്ചു വളർന്ന്, ദേശീയ യൂത്ത് ടീമിലും സീനിയർ ടീമിലുമെത്തിയ ഡീയേഗോ 1979 ലെ യൂത്ത് ലോക കപ്പിലും 86 ലെ ലോകകപ്പിലും ടീമിനെ ജേതാക്കളാക്കി. 86 ലെ ലോകകപ്പ് മറഡോണ ഒറ്റയ്ക്കു ജയിച്ചുവെന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. 90 ൽ ടീമിനെ ലോകകപ്പ് ഫൈനലിലുമെത്തിച്ചു, അദ്ദേഹം. അതുവരെ പുറം ലോകം അറിയാത്തൊരു ടീമിനെ രണ്ടു വട്ടം ഇറ്റാലിയൻ ലീഗ് ജേതാക്കളും ഒരു വട്ടം യൂറോപ്യൻ ജേതാക്കളുമാക്കി, ആ മാന്ത്രികൻ. നാപ്പോളിയായിരുന്നു ആ ടീം. 

∙ ഇൻകംപയറബിൾ ലീഡർ 

ഫുട്ബോൾ നിഘണ്ടുവിലെഴുതിയ മികവുകളെല്ലാം തികഞ്ഞൊരു താരം! ഏറെക്കുറെ സമ്പൂർണനായ ഫുട്ബോളർ. കൃത്യതയേറിയ കുറിയ പാസുകളും നീളൻ പാസുകളും ഫ്രീ കിക്കുകളും പെനൽറ്റികളുമെല്ലാം അദ്ദേഹത്തിന് അനായാസം വഴങ്ങി. കളത്തിലെ സൂപ്പർ താരമെന്നതിന് അപ്പുറം, തികഞ്ഞ നായകനായിരുന്നു ഡിയേഗോ. ആ സാന്നിധ്യം പോലും അദ്ദേഹം കളിച്ച ടീമുകളെ പ്രചോദിപ്പിച്ചു, ഓരോ സഹകളിക്കാരനിലും ആവേശവും വിജയതൃഷ്ണയും കുത്തിവച്ച, എന്നും മുന്നിൽ നിന്നു നയിച്ച വീര നായകൻ. 

∙ ട്രെയിനർ 

കളിക്കാലമൊഴിഞ്ഞു ഡിയേഗോ പരിശീലക വേഷവുമിട്ടു. 2010 ൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി എത്തിയ അദ്ദേഹം മെസി ഉൾപ്പെട്ട ടീമിൽ ആവേശം നിറച്ചു. ടീമിന്റെ ഓരോ നീക്കത്തിലും പാർശ്വവരയ്ക്കു പിന്നിൽ നിൽപുറയ്ക്കാതെ പാഞ്ഞു നടന്നു പ്രതികരിക്കുന്ന, നിർദേശങ്ങൾ അലറിക്കൂവി നൽകുന്ന പരിശീലകൻ. കളിയിലെ തന്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിനു പക്ഷേ, ടീം പ്രീക്വാർട്ടറിൽ ജർമനിയോടു തകരുന്നതു കാണേണ്ടിവന്നു. അർജന്റീന പരിശീലക വേഷം കൈവിട്ട ശേഷം ചെറുകിട ക്ലബുകളുടെ പരിശീലകനായി തുടർന്നു, അദ്ദേഹം. മരണം വരെ. 

∙ ഇമോഷനൽ 

കളത്തിലും പുറത്തും ഡിയേഗോ പ്രതികരിച്ചതൊക്കെ വൈകാരികമായി. വിവാദങ്ങൾ പന്തു പോലെ അദ്ദേഹത്തെ ഒട്ടിപ്പിടിച്ചു നിന്നു. തീവ്രമായ അഭിനിവേശത്തോടെ പന്തു തട്ടിയ അദ്ദേഹം ജയത്തിനായി ഹൃദയം നൽകിയാണു പടവെട്ടിയത്. തോൽവികളിൽ അതിനിരാശയോടെ വിതുമ്പുന്ന കുട്ടിയെപ്പോലെയും അദ്ദേഹത്തെ ലോകം കണ്ടു. വിമർശനങ്ങളെ നേരിട്ടതും വൈകാരികമായിതന്നെ. മാധ്യമ പ്രവർത്തകർക്കു നേരെ വെടിവച്ചതുൾപ്പെടെ എത്രയോ വിവാദങ്ങൾ. 

∙ അൺ ഡിപ്ലോമാറ്റിക് 

നയതന്ത്രം വശമില്ലായിരുന്നു അദ്ദേഹത്തിന്. നീലയും വെള്ളയും വരകളുള്ള അർജന്റീന ദേശീയ കുപ്പായമിട്ടപ്പോഴും അതഴിച്ച ശേഷവും മറഡോണയുടെ പെരുമാറ്റത്തിൽ ഏറെ വ്യത്യാസങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പറയാനുള്ളതു തുറന്നു പറഞ്ഞ്, ആരെയും കൂസാതെ, ചിലപ്പോഴൊക്കെ ഒറ്റയാനെപ്പോലെ ഒരു പച്ച മനുഷ്യൻ; മുഖം മൂടി അണിയാത്ത താരം. 

∙ കിങ് ഒാഫ് ഒാൾ കിക്ക്സ് 

തികഞ്ഞ അച്ചടക്കത്തോട മറഡോണ ദീർഘകാലം ഫുട്ബോൾ കളിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു പക്ഷേ, കൂടുതൽ ലോക കിരീടങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു! അറിയില്ല. ലഹരികളുടെ കയത്തിലേക്കു മറഡോണയെ വലിച്ചിട്ടത് 1984 മുതൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കു വേണ്ടി ബൂട്ടണിഞ്ഞ കാലമായിരുന്നു. ആ കയത്തിൽ നിന്ന് അവസാന കാലം വരെയും പൂർണ മോചനം സാധ്യമായില്ല, അദ്ദേഹത്തിന്. 

∙ ലെഫ്റ്റിസ്റ്റ് 

ലെഫ്റ്റ് ഫൂട്ടറായിരുന്ന അദ്ദേഹം എന്നും ഇടതുപക്ഷത്തെയും സോഷ്യലിസ്റ്റ് ആദർശങ്ങളെയുമാണ് ആരാധിച്ചിരുന്നത്. ചെ ഗവാര, ഫിദൽ കാസ്ട്രോ, യൂഗോ ഷാവേസ് തുടങ്ങിയ ലാറ്റിനമേരിക്കൻ വിപ്ളവ നക്ഷത്രങ്ങളായിരുന്നു ഡിയേഗോയുടെ ആരാധനാ മൂർത്തികൾ. ചെ ഗവാരയുടെയും കാസ്ട്രോയുടെയും ചിത്രം സ്വന്തം ദേഹത്തു പച്ച കുത്തിയ ആരാധകൻ. 

∙ പാഷനേറ്റ് 

അതിതീവ്രമായി ഫുട്ബോളിനെ പ്രണയിച്ച ഡിയേഗോ ജീവിതത്തിന്റെ ഒട്ടെല്ലാ ഘട്ടങ്ങളെയും ആസ്വദിച്ചത്, അനുഭവിച്ചതൊരു ഉന്മാദിയുടെ മനസോടെ ആയിരിക്കാം. ചോദനകളെ അടക്കിവയ്ക്കാതെ, അവയോടു പ്രതികരിച്ച, നിയന്ത്രണച്ചട്ടങ്ങളെ ഡ്രിബിൾ ചെയ്തു കളഞ്ഞൊരു മനുഷ്യൻ. 

∙ റിബൽ 

പല വേഷങ്ങളിൽ ഒഴുകിയ ഡിയേഗോ ഫുട്ബോൾ സംഘടനയ്ക്കെതിരെപ്പോലും വിമർശനം തൊടുക്കാൻ ഒരിക്കലും മടിച്ചിട്ടില്ല. ഫുട്ബോൾ ‘റോബട്ടു’കളുടെ കളിയാക്കി മാറ്റിയെന്നു പോലും അദ്ദേഹം വിളിച്ചു പറഞ്ഞു.

English Summary: Diego Maradona and Pele

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com