sections
MORE

മറഡോണ മടങ്ങി, പുതിയ താരങ്ങൾക്ക് ഒപ്പമെത്താൻ ഏറെ തലപ്പൊക്കം ബാക്കിയാക്കി!

FBL-WC2010-MATCH03-ARG-NGR
SHARE

‘ഇതാ നമ്മൾ ഒരുങ്ങിക്കഴിഞ്ഞു, നമ്മുടെ എല്ലാ കരുത്തുമെടുത്ത് പൊരുതാം. 2 മണിക്കൂർ...2 മണിക്കൂറിനുള്ളിൽ നമ്മൾ ലോക ജേതാക്കളാകാൻ പോവുകയാണ്. ലോകകപ്പുയർത്താൻ സമയമായി. വരൂ, നമുക്കവരെ തീർക്കാം....’

ഇളകി മറിയുന്ന ആവേശക്കടലായ അസ്ടെക സ്റ്റേഡിയത്തിൽ 1986 ജൂൺ 29 ന് ലോകകപ്പ് ഫൈനലിൽ ജർമനിയെ നേരിടാനിറങ്ങും മുൻപ് ഡിയേഗോ മറഡോണ ടീം അംഗങ്ങളോട് പറഞ്ഞ വാക്കുകൾ. കൂടെയുള്ള ഓരോ കളിക്കാരനിലും  ലോകകപ്പ് ജേതാവകുമെന്ന് ഉറപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ ഗോളിലേക്കുളള പാസായിരുന്നു അത്. ദേശീയ ടീമിലും ക്ലബ്ബുകളിലും തലയുയർത്തി, നെഞ്ചുവിരിച്ച് മുന്നിൽ നിന്നു നയിച്ച ആ പ്രതിഭയുടെ തലപ്പൊക്കം തന്നെയാണ് ഡിയേഗോയെ മറ്റു കളിക്കാരിൽ നിന്നു വ്യത്യസ്തമാക്കുന്നത്. 

മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നീ സൂപ്പർ താരങ്ങളുമായുള്ള താമതമ്യത്തിലും ഡിയേഗോയെ മുന്നിലെത്തിക്കുന്നത് ടീം പ്ലെയർ എന്ന മികവാണ്. മറഡോണയ്ക്കു ശേഷം അർജന്റീനക്കാരുടെ പ്രതീക്ഷയായിരുന്നു മെസ്സി. ഡിയഗോയെ പോലെ ടീമിനെ മെസ്സി ലോകകിരീടങ്ങളിലേക്കു നയിക്കുന്നത് അവർ സ്വപ്നം കണ്ടു. പക്ഷേ, കേളീശൈലിയിലെ മികവിൽ മാത്രമായിരുന്നു മെസ്സി മറഡോണയുടെ വഴിയേ പോയത്. കാലിൽ പന്ത് നൂലിൽ കെട്ടിയിട്ടപോലെയുള്ള ഇടംകാൽ പെരുമ മറഡോണയുടെ ഓർമകളുണർത്തി. ഡിയേഗോയെ പോലെ എതിർ ടീമുകളിലുടെ നോട്ടപ്പുള്ളിയായി മെസ്സിയും. ടീമിന്റെ ജീവശ്വാസമായി.

ക്ലബിനൊപ്പമുള്ള നേട്ടങ്ങളിൽ മെസ്സി മറഡോണയെ പിന്നിലാക്കുമെങ്കിലും അർജന്റീനയുടെ കുപ്പായത്തിൽ ലിയോ ഡിയേഗോയുടെ നിഴൽ മാത്രമായിപ്പോയി പലപ്പോഴും. പ്രതിസന്ധികളിൽ മുന്നിൽ നിന്ന് ഡിയേഗോ ടീമിനെ നയിച്ചപ്പോൾ അത്തരം അവസരങ്ങളിലെല്ലാം മെസ്സിയുടെ തല കനിഞ്ഞു. ബാർസിലോനയ്ക്കൊപ്പമായിരുന്നു മെസ്സിയുടെ ഫുട്ബോൾ പ്രതിഭയുടെ തിളക്കമെല്ലാം കണ്ടത്. അതേസമയം, അർജന്റീനയുടെ കുപ്പായത്തിലും അന്നത്തെ ഏറ്റവും കടുപ്പമേറിയ പ്രതിരോധനി രകളുണ്ടായിരുന്ന ഇറ്റാലിയൻ ലീഗിലുമായിരുന്നു ഡിയേഗോയുടെ ഇന്ദ്രജാലമേറെയും. പെരുമയിൽ മറഡോണയെക്കാൾ ഒരു ലോകകപ്പ് വിജയത്തിന്റെ അകലം പിന്നിലാണ് മെസ്സി ഇന്നും.

കാലം തേച്ചുമിനുക്കിയെടുത്ത സ്വാഭാവിക പ്രതിഭയായിരുന്നു മറഡോണയെങ്കിൽ നിശ്ചയദാർഢ്യവും പരിശ്രമവും കൊണ്ട് പ്രതിഭയെ ഒരുക്കിയെടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മറഡോണയെപ്പോലെ തന്നെ അവസാന നിമിഷം വരെ ടീമിന് പ്രതീക്ഷ നൽകുന്ന താരം. പരാജയത്തിൽ നിന്നും അയാൾ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന് ആരാധകരെല്ലാം വിശ്വസിക്കുന്ന താരം. ഡിയഗോയിൽ നിന്നു വ്യത്യസ്തമായി ഡ്രിബ്ലിങ് മികവല്ല പോർച്ചുഗൽ താരത്തിന്റെ കരുത്ത്. ഫ്രീകിക്കുകളും ഹെഡറുകളുമാണ് ആ മികവിന് തെളിവാകുന്നത്.

പന്തിലെ ഇന്ദ്രജാലത്തിനുപരി നായകനെന്ന നിലയിലുള്ള മികവാണ് ക്രിസ്റ്റ്യാനോയെ മെസ്സിയെക്കാൾ മറഡോണയ്ക്കടുത്തെത്തിക്കുന്നത്. 2016 യൂറോകപ്പിൽ പോർച്ചുഗലിനെ കീരീടനേട്ടത്തിലേക്ക് നയിച്ച നായകനായ ക്രിസ്റ്റ്യാനോ പലപ്പോഴും അർജന്റീനകുപ്പായത്തിലെ ഡിയഗോയെ ഓർമിപ്പിച്ചു. മറഡോണയെപ്പോലെ തന്റെ സാന്നിധ്യം കൊണ്ടു മാത്രം അയാൾ പോർച്ചുഗൽ ടീമിന്റെ പ്രതീക്ഷയാകുന്നു. 

പന്തടക്കത്തിലും ഗോളിലേക്കുള്ള കാണാവഴികൾ കണ്ടെത്തുന്നതിലും മറഡോണയെ ഓർമിപ്പിക്കും നെയ്മർ. പക്ഷേ താരതമ്യം ഏതാണ്ട് അവിടെ തീരുന്നു. ബ്രസീലിനും ബാർസലോനയ്ക്കുമായിരുന്നു നെയ്മറുടെ മികച്ച പ്രകടങ്ങൾ. പക്ഷേ മെസ്സിയപ്പോലെ ഡിയഗോയുമായുള്ള ഒപ്പംനിർത്തലിൽ നെയ്മറും പിന്നിലായിപ്പോകുന്നത് ദേശീയ ടീമിനായുള്ള പ്രകടനങ്ങളിലാണ്. ബാർസ വിട്ട് പിഎസ്ജിയിലേക്കു പോയതോടെ മികവിന്റെ ഈ താരതമ്യത്തിൽ നെയ്മർ വീണ്ടും പിന്നിലേക്കു പോവുകയാണ്. മെസ്സിയെപ്പോലെ മറഡോണയ്ക്കൊപ്പം ചേർത്തുവയ്ക്കാൻ നെയ്മറിനും വേണം ബ്രസീലിനൊപ്പമുള്ള ഒരു ലോകകപ്പ് വിജയം. 

അർജന്റീനയുടെ ദേശീയകുപ്പായം നെഞ്ചിൽ ചേർത്ത് തലയുയർത്തി നെഞ്ചു വിരിച്ചാണ് ഫുട്ബോൾ ലോകത്തിന്റെ പ്രീയ ഡിയഗോ ദൈവത്തിന്റെ കൈകളിലേക്കു പോയത്. പുതിയ സൂപ്പർ താരങ്ങൾക്ക് ഒപ്പമെത്താൻ ഏറെ തലപ്പൊക്കം ബാക്കിയാക്കി.

English Summary: Remembering Diego Maradona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA