ADVERTISEMENT

മഡ്രിഡ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ ആദരമർപ്പിക്കുമ്പോൾ, നിലത്ത് പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച വനിതാ ഫുട്ബോൾ താരത്തിന് വധഭീഷണിയെന്ന് പരാതി. സ്പെയിനിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനു മുന്നോടിയായാണ് സംഭവം. മറഡോണയ്ക്ക് ആദരമർപ്പിച്ച് ഇരു ടീമുകളിലെയും താരങ്ങൾ നിരയായി നിന്ന് മൗനമാചരിച്ച് ആദരമർപ്പിക്കുമ്പോഴാണ് പൗള ഡാപ്പെന പുറംതിരിഞ്ഞ് നിലത്തിരുന്ന് പ്രതിഷേധിച്ചത്. എന്നാൽ, ഈ സംഭവത്തിനു പിന്നാലെ തനിക്കെതിരെ ഫുട്ബോൾ ആരാധകരിൽനിന്ന് വധഭീഷണിയുണ്ടെന്നാണ് താരത്തിന്റെ പരാതി.

ഗാർഹിക പീഡനത്തിന്റെ പേരിൽ കുറ്റവാളിയായ ഒരാളെ ആദരിക്കാൻ താനില്ലെന്ന് വ്യക്തമാക്കിയാണ് പൗള ഡാപ്പെന വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. സ്പാനിഷ് മൂന്നാം ഡിവിഷനിൽ കളിക്കുന്ന വനിതാ ക്ലബ്ബായ വിയാജെസ് ഇന്റെരിയാസിന്റെ താരമാണ് പൗള. ശനിയാഴ്ച നടന്ന ഡിപോർടീവോ ലാ കൊരൂണയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളിലെയും താരങ്ങൾ മറഡോണയ്ക്ക് ആദരമർപ്പിച്ച് ഗ്രൗണ്ടിൽ ഒരു നിമിഷം മൗനമായി നിന്നു. എന്നാൽ ഇരുപത്തിനാലുകാരിയായ ഡപ്പെന ഇതിനു തയ്യാറായില്ല. താരങ്ങളെല്ലാം നിരന്നുനിന്ന് മൗനമാചരിക്കുമ്പോൾ പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

'കുറ്റവാളിയായ, ജീവിതത്തിൽ സാമാന്യ മര്യാദ പോലും പുലർത്താത്ത ഒരാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എന്റെ മനസ്സു സമ്മതിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് വ്യാജമാകുമായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിറ്റ് മൗനമാചരിക്കാൻ ആർക്കും സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ സാധിക്കുന്നില്ല' – ഡാപ്പെന വ്യക്തമാക്കി. ഫുട്ബോൾ താരമെന്ന നിലയിൽ ഉജ്വല മികവുള്ള താരമായിരുന്നു മറഡോണയെങ്കിലും, വ്യക്തി ജീവിതത്തിൽ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നുവെന്നാണ് ഡാപ്പെനയുടെ ആരോപണം.

ഈ സംഭവത്തിനു പിന്നാലെ തനിക്കെതിരെ വധഭീഷണി പോലും ഉയർന്നതായി ചൂണ്ടിക്കാട്ടിയാണ് ഡാപ്പെന വീണ്ടും രംഗത്തെത്തിയത്. ‘ഞാൻ മാത്രമല്ല ഇതിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടത്. എന്റെ സഹതാരങ്ങൾ പോലും സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെടുന്നു. എന്റെ വിലാസം കണ്ടുപിടിച്ച് വീട്ടിൽവന്ന് കാലു തല്ലിയൊടിക്കുമെന്നാണ് സന്ദേശങ്ങളിൽ ചിലത്. ചിലർ വധഭീഷണിയും ഉയർത്തുന്നു’ – ഡാപ്പെന വെളിപ്പെടുത്തി.

English Summary:Female footballer cops death threats over Diego Maradona protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com