ADVERTISEMENT

ലണ്ടൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 750–ാം കരിയർ ഗോൾ, ഒളിവർ ജിറൂദിന്റെ 4 ഗോളുകൾ, നെയ്മറുടെ ഡബിൾ, മത്സരം നിയന്ത്രിച്ച് വനിതാ റഫറി... യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന് ബുധനാഴ്ച ആഘോഷരാവ്. ക്രിസ്റ്റ്യാനോയും ഒപ്പം വനിതാ റഫറി സ്റ്റെഫാനി ഫ്രപ്പാർട്ടും ശ്രദ്ധാകേന്ദ്രമായ ജി ഗ്രൂപ്പ് മത്സരത്തിൽ യുക്രെയ്ൻ ക്ലബ് ഡൈനമോ കീവിനെ 3–0നാണ് യുവന്റസ് തോൽ‌പിച്ചത്. ഒരു ചാംപ്യൻസ് ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി എന്ന നേട്ടമാണ് ഫ്രഞ്ചുകാരിയായ സ്റ്റെഫാനി സ്വന്തമാക്കിയത്.

മത്സരത്തിൽ ഇറ്റാലിയൻ താരം ഫെഡെറിക്കോ കിയേസ, സ്പാനിഷ് താരം അൽവാരോ മൊറാത്ത എന്നിവരാണ് യുവെയുടെ മറ്റു ഗോളുകൾ നേടിയത്. ഫിയോറന്റീന താരമായിരുന്ന പിതാവ് എൻറിക്കോ കിയേസ തന്റെ അവസാന ചാംപ്യൻസ് ലീഗ് ഗോൾ നേടിയതിന്റെ 20–ാം വർഷത്തിലാണ് ഫെഡെറിക്കോയുടെ ഗോൾ.  ഹംഗേറിയൻ ക്ലബ് ഫെറൻസ്‌വാറോഷിനെ 3–0നു തോൽപിച്ച്  ബാർസിലോന തുടർച്ചയായ 5–ാം ജയം നേടി. അന്റോയ്ൻ ഗ്രീസ്മാൻ, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, ഉസ്മാൻ ഡെംബെലെ എന്നിവരാണ് ഗോളുകൾ നേടിയത്.

നാലടിച്ച് ജിറൂദ്

ഇംഗ്ലിഷ് ക്ലബ് ചെൽസി സ്പാനിഷ് ക്ലബ് സെവിയ്യയെ 4–0നു തകർത്തു വിട്ട മത്സരത്തിൽ 4 ഗോളുകളും നേടിയത് ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൂദ്. ഗ്രൂപ്പ് ഇയിൽ, ചെൽസി ഇതോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് സ്താദ് റെന്നെയെ 1–0നു തോൽപിച്ച റഷ്യൻ ടീം ക്രാസ്നോദർ യൂറോപ്പ ലീഗിലേക്കു യോഗ്യത നേടി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഇരട്ടഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് പിഎസ്ജി 3–1നു മുട്ടുകുത്തിച്ചത്. മാർക്വിഞ്ഞോസും ഫ്രഞ്ച് ക്ലബ്ബിനായി ലക്ഷ്യം കണ്ടു. മാർക്കസ് റഷ്ഫോഡാണ് യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്. 

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഇസ്തംബൂൾ ബഷക്‌ഷെഹിറിനെ 4–3നു തോൽപിച്ച് ജർമൻ ക്ലബ് ലൈപ്സീഗും നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. മത്സരത്തിൽ ഇർഫാൻ കഹ്‌വെസി തുർക്കി ക്ലബ്ബിനായി ഹാട്രിക് നേടി.

ഹാലൻഡിനു പരുക്ക്

പരുക്കേറ്റ സൂപ്പർ സ്ട്രൈക്കർ ഏർലിങ് ഹാലൻഡിനെ കൂടാതെ ഇറങ്ങിയ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് ഇറ്റാലിയൻ ക്ലബ് ലാസിയോയോട് സമനില വഴങ്ങിയെങ്കിലും (1–1) നോക്കൗട്ട് ഉറപ്പിച്ചു. 44–ാം മിനിറ്റിൽ റാഫേൽ ഗ്വുറെയ്റോ ഡോർട്ട്മുണ്ടിനായി ഗോൾ നേടിയെങ്കിലും 67–ാം സിറോ ഇമ്മൊബീലെയുടെ പെനൽറ്റി ഗോളിൽ ലാസിയോ തിരിച്ചടിച്ചു. പേശികൾക്കു പരുക്കേറ്റ ഹാലൻഡിന് ഈ വർഷം ഇനി കളിക്കാനാവില്ലെന്നു ഡോർട്ട്മുണ്ട് സ്ഥിരീകരിച്ചു. സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ 3–0നു തോൽപിച്ച ബൽജിയൻ ക്ലബ് ബ്രൂഗും ഗ്രൂപ്പ് എഫിൽനിന്നു നോക്കൗട്ട് സാധ്യത നിലനിർത്തി.

English Summary: Champions league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com