ADVERTISEMENT

ബാർസിലോന ∙ നൂകാംപിലെ ബാർസിലോന ആരാധകരെ ലയണൽ മെസ്സി മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയും മിസ് ചെയ്തു! മത്സരത്തിനായി സ്പെയിനിൽ വിമാനമിറങ്ങിയപ്പോൾ കൂവി വരവേറ്റവരുടെ കൺമുന്നിൽ തന്നെ ഗോളടിക്കണം, ജയിക്കണം എന്ന് റൊണാൾ‍ഡോ കൊതിച്ചിട്ടുണ്ടാകില്ലേ..!

റയൽ മഡ്രിഡ് വിട്ട ശേഷം ആദ്യമായി ബാർസിലോനയുടെ മൈതാനമായ നൂകാംപിൽ കളിക്കാനെത്തിയ മത്സരത്തിൽ റൊണാൾഡോ ബാർസയുടെ വലയിലെത്തിച്ചത് 2 ഗോളുകൾ. യുവെ ജയിച്ചത് 3–0ന്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കാണികൾക്കു പ്രവേശനമുണ്ടായിരുന്നില്ല.

ബാർസയും യുവെയും നേരത്തേ നോക്കൗട്ട് യോഗ്യത നേടിയതിനാൽ മത്സരഫലത്തിനു വലിയ പ്രാധാന്യമില്ലെങ്കിലും മെസ്സിക്കു മേൽ മറ്റൊരു ജയം കൂടി എന്ന സന്തോഷത്തോടെയാണ് റൊണാൾഡോ മൈതാനം വിട്ടത്. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ 25 മത്സരങ്ങൾക്കു ശേഷമാണ് ബാർസ തോൽക്കുന്നത്. ജയത്തോടെ ഗ്രൂപ്പ് ജിയിൽ ബാർസയെ മറികടന്ന് യുവെ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

റൊണാൾഡോ  VS ടെർസ്റ്റെഗൻ

ഇരുപകുതികളിലായി 2 പെനൽറ്റി കിക്കുകളിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 13–ാം മിനിറ്റിൽ ബാർസ ഡിഫൻഡർ റൊണാൾഡ് അറോജോ റൊണാൾഡോയെ വീഴ്ത്തിയതിനു റഫറി യുവെയ്ക്കു പെനൽറ്റി അനുവദിച്ചു. റൊണാൾഡോയുടെ കിക്ക് നേരേ മധ്യത്തിലേക്കായിരുന്നു. ഗോൾകീപ്പർ ടെർസ്റ്റെഗൻ പക്ഷേ ഇടതുഭാഗത്തേക്കു ചാടി. 52–ാം മിനിറ്റിൽ ക്ലെമന്റ് ലാങ്‌ലെ പന്ത് കൈ കൊണ്ടു തൊട്ടതിനു യുവെയ്ക്കു വീണ്ടും പെനൽറ്റി.

ഇത്തവണയും റൊണാൾഡോയ്ക്കു മുന്നിൽ ടെർസ്റ്റെഗനു പിഴച്ചു. 20–ാം മിനിറ്റിൽ മെയ്‌വഴക്കം നിറഞ്ഞ ഒരു ശ്രമത്തിലൂടെ വെസ്റ്റൻ മക്കെനി യുവെയുടെ 2–ാം ഗോൾ നേടിയിരുന്നു. 2–ാം പകുതിയിൽ ലിയൊനാർഡോ ബൊന്നൂച്ചിയും ബാർസ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ്.

മെസ്സി    VS ബുഫൺ

യുവെ ഗോൾമുഖത്ത് തുറന്ന അവസരങ്ങൾക്കു കാത്തു നിൽക്കാതെ നെടുനീളൻ ഷോട്ടുകളിലൂടെ ലക്ഷ്യം കാണാനാണ് മെസ്സി ശ്രമിച്ചത്. എന്നാൽ യുവെയുടെ നാൽപത്തിരണ്ടുകാരനായ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫൺ എല്ലാം പൂ പോലെ പിടിച്ചെടുത്തു. ഗോൾ ലക്ഷ്യം വച്ചുള്ള മെസ്സിയുടെ 5 ഷോട്ടുകളാണ് ബുഫൺ നിഷ്ഫലമാക്കിയത്. 4–2–3–1 ഫോർമേഷനിൽ അന്റോയ്ൻ ഗ്രീസ്മാനെ മെസ്സിക്കു മുന്നിൽ നിയോഗിച്ച ബാർസ കോച്ച് റൊണാൾഡ് കൂമാന്റെ തന്ത്രം ഫലിച്ചതുമില്ല. ഗ്രീസ്മാനും പ്യാനിച്ചുമെല്ലാം നിറം മങ്ങിയതോടെ മെസ്സിയുടേത് വീണ്ടും ഒറ്റയാൾ പോരാട്ടമായി.

എതിരാളിയല്ല മെസ്സി: റൊണാൾഡോ

ലയണൽ മെസ്സി ഒരിക്കലും തന്റെ എതിരാളിയല്ലെന്നും മെസ്സിയുമായി നല്ല ബന്ധമാണുള്ളതെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘‘മെസ്സി എല്ലായ്പോഴും അദ്ദേഹത്തിന്റെ ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനത്തിനു പ്രയത്നിക്കുന്നു. ഞാൻ എന്റെ ടീമിനും വേണ്ടിയും..’’– ചാംപ്യൻസ് ലീഗിൽ ബാർസ–യുവെ മത്സരത്തിനു ശേഷം റൊണാൾഡോ പറഞ്ഞു. തന്നെക്കുറിച്ച് മെസ്സിക്കും ഇതേ അഭിപ്രായമായിരിക്കും എന്നും റൊണാൾഡോ പറഞ്ഞു. മത്സരം തന്റെ ടീം ജയിച്ചെങ്കിലും മെസ്സി പതിവു പോലെ നന്നായി കളിച്ചെന്ന് റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് പുറത്ത്

ലൈപ്സീഗ് ∙ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളെയും സെമി ഫൈനലിസ്റ്റുകളെയുമെല്ലാം തോൽപിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. എച്ച് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമൻ ക്ലബ് ലൈപ്സീഗിനോട് 3–2നു തോറ്റതോടെ ഇംഗ്ലിഷ് വമ്പൻമാർ പുറത്ത്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ യുണൈറ്റഡ് നേരത്തെ 5–0ന് തോൽപിച്ചു വിട്ട ടീമാണ് ലൈപ്സീഗ്. 12 പോയിന്റോടെ ലൈപ്സീഗും 10 പോയിന്റോടെ പിഎസ്ജിയും ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടി. യുണൈറ്റഡിന് 9 പോയിന്റ് മാത്രം. 3–ാം സ്ഥാനക്കാരായ യുണൈറ്റഡിനു യൂറോപ്പ ലീഗിൽ കളിക്കാം.  

 ബൽജിയൻ ടീം ക്ലബ് ബ്രൂഗിനെ 2–2 സമനിലയിൽ പിടിച്ച് ഇറ്റാലിയൻ ക്ലബ് ലാസിയോ 20 വർഷത്തിനു ശേഷം ഇതാദ്യമായി നോക്കൗട്ടിലെത്തി. ചൊവ്വാഴ്ച രാത്രി നടന്നമറ്റു മത്സരങ്ങളിൽ ബൊറൂസിയ ഡോർട്മുണ്ട് സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ 2–1നും, സെവിയ്യ റെന്നെയെ 3–1നും, ഡൈനമോ കീവ് ഫെറൻസ്‌വറോസിനെ 1–0നും തോൽപിച്ചു. ചെൽസി ക്രാസ്നോദറിനോട് സമനില വഴങ്ങി (1–1).

∙ മറ്റു ഫലങ്ങൾ

മറ്റു മത്സരങ്ങളിൽ ഗ്രൂപ്പ് എഫിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ തോൽപ്പിച്ച് ബൊറൂസിയ ഡോർഡ്മുണ്ട് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോർട്മുണ്ടിന്റെ വിജയം. ഇതേ ഗ്രൂപ്പിൽ ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗിനെ സമനിലയിൽ (2–2) തളച്ച് ലാസിയോയും നോക്കൗട്ടിലേക്ക് മുന്നേറി.

ഗ്രൂപ്പ് ഇയിൽ റഷ്യൻ ക്ലബ് എഫ്കെ ക്രാസ്നൊദാറുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ഇംഗ്ലിഷ് ക്ലബ് ചെൽസി ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. ഫ്രഞ്ച് ക്ലബ് സ്റ്റാഡ് റെന്നൈയെ തോൽപ്പിച്ച് സ്പെയിനിൽനിന്നുള്ള സെവിയ്യ രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിലെത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെവിയ്യയുടെ വിജയം.

English Summary: Manchester United crash out after 2-3 loss to RB Leipzig Cristiano Ronaldo gets the better of Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com