ADVERTISEMENT

പാരിസ് ∙ 21–ാം നൂറ്റാണ്ടിലും ലോക ഫുട്ബോളിലെ വംശീയതയ്ക്ക് അവസാനമില്ല! സഹപരിശീലകനെ, ഫോർത്ത് ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ചതിനെത്തുടർന്ന് യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിയുമായുള്ള മത്സരത്തിൽ നിന്ന് തുർക്കി ക്ലബ് ഇസ്തംബുൾ ബഷക്‌ഷെഹിറിന്റെ താരങ്ങൾ ഇറങ്ങിപ്പോയി. ഐക്യദാർഢ്യം പ്രകടിപ്പിച്ച് പിഎസ്ജി താരങ്ങളും മൈതാനം വിട്ടതോടെ മത്സരം തൽക്കാലം ഉപേക്ഷിച്ചു. കളി പുതിയ ഒഫീഷ്യലുകളെ വച്ച് ബുധനാഴ്ച രാത്രി തുടരും. മത്സരത്തിന്റെ ശേഷിക്കുന്ന സമയമാണ് (77 മിനിറ്റ്) തുടരുക. സംഭവത്തിൽ യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

മത്സരത്തിന്റെ 14–ാം മിനിറ്റിലായിരുന്നു സംഭവം. റഫറിയുടെ ഒരു തീരുമാനത്തിൽ പ്രതിഷേധിച്ചതിന് ബഷക്‌ഷെഹിർ സഹപരിശീലകനായ കാമറൂണുകാരൻ പിയെർ വെബോയെ ചുവപ്പു കാർഡ് കാണിക്കാൻ റുമേനിയക്കാരൻ റഫറി ഒവിദ്യു ഹാതെഗൻ ഡഗ്‌ഔട്ടിന് അരികിലേക്കു വന്നു. റഫറിക്ക് സഹപരിശീലകനെ ചൂണ്ടിക്കാണിക്കാൻ ഫോർത്ത് ഒഫീഷ്യൽ റുമേനിയക്കാരൻ സെബാസ്റ്റ്യൻ കോൾട്ടെസ്ക്യു വംശീയമായ വാക്ക് പ്രയോഗിച്ചു. ബെഞ്ചിൽ ഇരിക്കുകയായിരുന്ന ബഷക്‌ഷെഹിറിന്റെ സെനഗൽ താരം ഡെംബ ബാ  ഇതു കേട്ട് ഓടിയെത്തി കോൾട്ടെസ്ക്യുവിനെ ചോദ്യംചെയ്തു. ‘‘ഒരു വെള്ളക്കാരനെ നിങ്ങൾ ‘ആ മനുഷ്യൻ’ എന്നേ പറയൂ. പക്ഷേ ഒരു കറുത്ത വർഗക്കാരനെ നിങ്ങൾക്ക് അയാളുടെ നിറം ചേർത്തു വിളിക്കണം അല്ലേ..’’– ഡെംബ ബാ ചോദിച്ചു. ഇതോടെ മൈതാനത്തു നിന്ന് താരങ്ങളും കൂട്ടമായെത്തി.

റഫറി അനുനയത്തിനു ശ്രമിച്ചെങ്കിലും ബഷക്‌ഷെഹിർ താരങ്ങൾ വഴങ്ങിയില്ല. നെയ്മറും എംബപെയും ഉൾപ്പെടെയുള്ള പിഎസ്ജി താരങ്ങളും പിന്തുണയുമായെത്തി. 10 മിനിറ്റിലേറെ നീണ്ട ചർച്ചകൾക്കു ശേഷം ബഷക്‌ഷെഹിർ താരങ്ങൾ മൈതാനം വിട്ടു. പിഎസ്ജി താരങ്ങളും പിന്തുടർന്നു. 

ആരാണ്  പിയെർ വെബോ ?

കാമറൂൺ ദേശീയ ടീമിനായി 58 മത്സരങ്ങൾ കളിച്ച താരമാണ് ഇപ്പോൾ ഇസ്തംബുൾ ബഷക്‌ഷെഹിറിന്റെ സഹപരിശീലകനായ പിയെർവെബോ (38). സ്ട്രൈക്കറായിരുന്ന അദ്ദേഹം സ്പെയിനിലും യുറഗ്വായിലും തുർക്കിയിലും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.  കാമറൂണിനായി 2 ലോകകപ്പിലും 2 ആഫ്രിക്കൻ നേഷൻസ് കപ്പിലും കളിച്ചു. 19 ഗോളുകളും നേടി.

ആരാണ് കോൾട്ടെസ്ക്യു ?

റുമേനിയയിലെ കാരിയോവയിൽ ജനിച്ച സെബാസ്റ്റ്യൻ കോൾട്ടെസ്ക്യു (43) 2006ലാണ് ഫിഫയുടെ റഫറിയാകുന്നത്. എന്നാൽ വിവാദ തീരുമാനങ്ങളെത്തുടർന്ന് 2007ൽ ഫിഫ ഇദ്ദേഹത്തെ തരംതാഴ്ത്തി. ഈ സമയത്ത് 2 വട്ടം കോൾട്ടെസ്ക്യു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്രേ. 2008ലാണ് ടോപ് ലെവലിലേക്ക് തിരിച്ചെത്തിയത്. 2013ൽ റുമേനിയയിലെ ഒരു മത്സരത്തിനിടെ 7 ചുവപ്പു കാർഡും 13 മഞ്ഞക്കാർഡും പുറത്തെടുത്ത കുപ്രസിദ്ധിയും കോൾട്ടെസ്ക്യുവിനുണ്ട്.

English Summary: PSG vs Istanbul Basaksehir Game Suspended After Alleged Racist Abuse By Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com