ADVERTISEMENT

മിലാൻ∙ സീക്കോയും സോക്രട്ടീസും ഉൾപ്പെടുന്ന കരുത്തരായ ബ്രസീലിനെതിരെ ഹാട്രിക്, സെമിഫൈനലിൽ പോളണ്ടിനെതിരെ ഇരട്ടഗോൾ, ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഗോൾ... ഒടുവിൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടത്തിനു പുറമെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ടും! 1982ലെ സ്പെയിൻ ലോകകപ്പിൽ ഇറ്റലിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഇതിഹാസ താരമാണ് വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച പാബ്ലിറ്റോ എന്ന് ആരാധകർ വിളിക്കുന്ന പാവ്‌ലോ റോസി. ലോകകപ്പ് ചരിത്രത്തിൽ എക്കാലവും ഇതിഹാസമായി സ്മരിക്കപ്പെടുന്ന സൂപ്പർതാരം!

2002ൽ ബ്രസീൽ സൂപ്പർതാരം റൊണാൾഡോ ലോകകപ്പ് കിരീടത്തിനു പുറമെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടുന്നതിനു മുൻപ്, ഈ മൂന്നു നേട്ടങ്ങളും സ്വന്തമാക്കി അപൂർവ ഹാട്രിക് സ്വന്തമാക്കിയ താരമാണ് റോസി. 1980കളിൽ ഒത്തുകളിയുടെ പേരിൽ മൂന്നു വർഷത്തെ വിലക്ക് നേരിട്ട ശേഷമായിരുന്നു ചരിത്രം കുറിച്ച് റോസിയുടെ മടങ്ങിവരവ്. ഒത്തുകളിയിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന റോസിയുടെ വിലക്ക്, പിന്നീട് രണ്ടു വർഷമായി ഇളവുചെയ്തിരുന്നു. അങ്ങനെയാണ് 1982 ലോകകപ്പ് കളിക്കാൻ താരത്തിന് കഴിഞ്ഞത്. പിന്നീട് സംഭവിച്ചത് ചരിത്രം. ഇറ്റലി നാലാം സ്ഥാനത്തെത്തിയ 1978 ലോകകപ്പിലും കളിച്ചിരുന്നു. അന്ന് മൂന്നു ഗോളുകളും നാല് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചു.

rossi-with-world-cup
1982ലെ ലോകകപ്പ് കിരീടവുമായി.

64–ാം ജന്മദിനം ആഘോഷിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി റോസിയുടെയും വിടവാങ്ങൽ. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

1982 ലോകകപ്പിലെ ഐതിഹാസിക പ്രകടനവും അതേ വർഷം ക്ലബ് കരിയറിലെ അസാമാന്യ പ്രകടനവും ഒത്തുചേർന്നതോടെ, ലോക ഫുട്ബോളിലെ മികച്ച താരത്തിനുള്ള ബാലൻ ദ് ഓർ പുരസ്കാരവും റോസിയെ തേടിയെത്തി. 1977–1986 കാലഘട്ടത്തിൽ ഇറ്റലിക്കായി 48 മത്സരങ്ങളിലാണ് റോസി കളത്തിലിറങ്ങിയത്. 20 ഗോളുകളും സ്വന്തമാക്കി. ലോകകപ്പ് വേദികളിൽനിന്നു മാത്രം ഒൻപതു ഗോളുകൾ നേടിയ റോസി, റോബർട്ടോ ബാജിയോ, ക്രിസ്റ്റ്യൻ വിയേരി എന്നിവർക്കൊപ്പം ഇറ്റലിക്കായി കൂടുതൽ ലോകകപ്പ് ഗോളുകളെന്ന നേട്ടവും പങ്കിടുന്നു.

maradona-rossi
സമകാലികനായിരുന്ന ഡിയേഗോ മറ‍ഡോണയ്‌ക്കൊപ്പം.

ഇറ്റാലിയിലെ വിചെൻസയിലാണ് റോസിയുടെ ക്ലബ് കരിയറിന്റെ തുടക്കം. പിന്നീട് പെരൂഗിയയിലേക്ക് മാറി. 1973ൽ യുവെന്റസിലെത്തിയെങ്കിലും പരുക്കുകൾ അലട്ടിയതോടെ വായ്പാടിസ്ഥാനത്തിൽ കോമോയിലേക്ക് പോയി. പിന്നീട് കോമോയ്ക്ക് കളിക്കുന്ന കാലത്താണ് ഇറ്റാലിയൻ സെരി എയിലെ അരങ്ങേറ്റം. 1981ൽ യുവെന്റസിൽ തിരികെയെത്തിയതോടെയാണ് സൂപ്പർതാരത്തിലേക്കുള്ള റോസിയുടെ വളർച്ച. കരിയറിന്റെ അവസാന ഘട്ടത്തിൽ എസി മിലാൻ, വെറോണ ക്ലബ്ബുകൾക്കായും കളിച്ചു. കളത്തിൽ സജീവമായിരുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി പരിഗണിക്കപ്പെട്ടിരുന്ന റോസി, 338 മത്സരങ്ങളിൽനിന്ന് 134 ഗോളുകൾ സ്വന്തമാക്കി.

യുവെന്റസ് ജഴ്സിയിൽ രണ്ട് തവണ സെരി എ കിരീടവും ഒരു തവണ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആദ്യ രൂപമായ യൂറോപ്യൻ കപ്പും നേടി. 1981–82, 1983–84 സീസണുകളിലാണ് സെരി എ കിരീടം സ്വന്തമാക്കിയത്. 1984–85 കാലഘട്ടത്തിൽ യൂറോപ്യൻ കപ്പും നേടി. കളമൊഴിഞ്ഞ ശേഷവും കോളമിസ്റ്റായും കളി വിശകലനം ചെയ്യുന്ന വിദഗ്ധനായും സജീവമായിരുന്നു. 

English Summary: Italian legend Paolo Rossi dies aged 64

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com