ADVERTISEMENT

സൂറിക്ക് ∙ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോ‍ൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. കോവിഡ് മൂലം വെർച്വലായി നടത്തിയ ചടങ്ങിലാണു മുപ്പത്തിരണ്ടുകാരനായ ലെവൻഡോവ്സ്കിയെ ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. അന്തിമപ്പട്ടികയിൽ ഒപ്പമുണ്ടായിരുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയാണ് ലെവൻഡോവ്സ്കി മറികടന്നത്. 

13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ, ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണു ലെവൻഡോവ്സ്കി. 2018ൽ പുരസ്കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണു മറ്റൊരാൾ. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണു പുരസ്കാര ജേതാക്കളെ നിർണയിച്ചത്.

2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പുരസ്കാരം. ഇക്കാലയളവിൽ ബയണിനുവേണ്ടി 52 മത്സരങ്ങളി‍ൽ ലെവൻഡോവ്സ്കി നേടിയത് 60 ഗോളുകൾ. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോൾ എന്നതായിരുന്നു ശരാശരി. കഴിഞ്ഞ സീസണിൽ ബയൺ മ്യൂണിക്കിനു വേണ്ടി മത്സരിച്ച പ്രധാന ചാംപ്യൻഷിപ്പുകളിലെല്ലാം ടോപ് സ്കോററായതും ലെവൻഡോവ്സ്കി തന്നെ. യുവേഫ ചാംപ്യൻസ് ലീഗ്, ജർമൻ ബുന്ദസ്‌ലിഗ, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. 

 ∙ മറ്റു പുരസ്കാരങ്ങൾ 

∙ മികച്ച വനിതാ താരം: ലൂസി ബ്രോൺസ് (മാഞ്ചസ്റ്റർ സിറ്റി–ഇംഗ്ലണ്ട്) 

∙ മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാൻസ്) 

∙ മികച്ച ഗോളി (പുരുഷൻ): മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് – ജർമനി)

∙ മികച്ച ഗോൾ: സൺ ഹ്യൂങ് മിൻ (ടോട്ടനം – ദക്ഷിണ കൊറിയ) 

∙ മികച്ച വനിതാ  ടീം കോച്ച്: സറീന വീഗ്‌മാൻ (ഹോളണ്ട് ദേശീയ ടീം)

∙ മികച്ച പുരുഷ ടീം കോച്ച്: യൂർഗൻ ക്ലോപ്പ് (ലിവർപൂൾ) 

∙ ഫാൻ പുരസ്കാരം: മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ 

ഫിഫ ലോക ഇലവൻ: മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, കെവിൻ ഡിബ്രുയ്നെ, തിയാഗോ അൽകാൻട്ര, ട്രെന്റ് അലക്സാണ്ടർ അർനോ‍ൾഡ്, വിർജിൽ വാൻദെയ്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ. 

English Summary: Robert Lewandowski wins FIFA award as best men's player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com