ADVERTISEMENT

ഏറെ കാത്തിരിപ്പിനുശേഷം വന്നൊരു വിജയമാണ്. പ്രാർഥനയും നേർച്ചയും നേർന്നു കിട്ടിയ കടിഞ്ഞൂൽ കുട്ടിയെപ്പോലെ തന്നെ. പോരാത്തതിന് പോയവർഷത്തെ അവസാന മത്സരവും. 2020ന്റെ ദുരിതങ്ങളെല്ലാം ഒറ്റയടിക്ക് മായ്ച്ചു കളഞ്ഞ ആദ്യ വിജയത്തിന് നേരിട്ട് ശബ്ദം നൽകുമ്പോൾ ആവേശഭരിതനാവാതിരിക്കുവതെങ്ങനെ..? 

ഹൈദരാബാദിനെതിരെ ഡിസംബർ 27ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം മലയാളം കമന്ററി ബോക്‌സ് ആഘോഷിച്ചത് ആരും മറന്നു കാണാനിടയില്ല. ' ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട.. കനലു കെട്ടിട്ടില്ലെങ്കിൽ പൊള്ളും...'  – സന്ദർഭോചിതമായ ഡയലോഗ് ആയതിനാലാവാം, സെക്കൻഡുകൾക്കകം നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വാട്സാപ്പ് സ്റ്റാറ്റസായി ഇതു മാറി. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിൽ എന്നും സന്തോഷമേയുള്ളൂ. അതിന് അനുസൃതമായ ലൈവ് മുഹൂർത്തങ്ങൾ നമ്മുടെ മുന്നിലേക്ക് വരണമെന്നു മാത്രം. 

വാസ്തവത്തിൽ ഇൗ ഡയലോഗിന്റെ ഉടമസ്ഥർ സുരേഷ്‌ഗോപിയും നിഥിൻ രഞ്ജി പണിക്കരുമാണ്. ഈ കൂട്ടുകെട്ടിന്റെ റിലീസ് ആവാനിരിക്കുന്ന പുതിയ സിനിമ ' കാവലി’ന്റെ ടീസറിൽ നിന്നു കിട്ടിയതായിരുന്നു എനിക്കീ ആശയം. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമാഘോഷിക്കാൻ അനുയോജ്യമെന്നു കരുതിയതിനാൽ ഉപയോഗിച്ചു. ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ അവർ ഇരുവരോടുമുള്ള കടപ്പാട് കമന്ററി ബോക്‌സിലൂടെ പ്രകടിപ്പിക്കുകയാണ്. ഏതായാലും ഐഎസ്എലിലെ എതിർടീമുകൾക്കെല്ലാം ശക്തമായ മുന്നറിയിപ്പാണ് വർഷാവസാനം പൊരുതി നേടിയ ആദ്യ വിജയത്തിലൂടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നൽകിയിരിക്കുന്നത്. പുതുവർഷത്തിൽ ഇനി മുംബൈ സിറ്റി എഫ്സിയുടെ കരുത്തുറ്റ നിരയെ നേരിടുമ്പോൾ ഇതുവഴി നേടിയ ആത്മവിശ്വാസം കേരള ടീമിന് തുണയാകുമെന്ന് കരുതാം.

kbfc-goal-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)

കിട്ടുന്ന അവസരം മുതലാക്കുക. ഏതു കളിയിലും ഇതാണ് മുഖ്യം. കളിയോടുള്ള പ്രഫഷനൽ സമീപനത്തിന്റെ കാതലും ഇതാണ്. മലപ്പുറം തിരൂർക്കാരൻ അബ്ദുൾ ഹക്കുവെന്ന സെന്റർബാക്ക് ചെയ്തതും ഇതുതന്നെ. ഒരവസരം വീണുകിട്ടി. അത് മുതലാക്കി. ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങുമ്പോൾ കോച്ച് കിബു വിക്കൂന കൈക്കൊണ്ട അതിധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു ഹക്കുവിനെയും മണിപ്പൂരുകാരൻ സന്ദീപ് സിങ്ങിനെയും പ്രതിരോധ നിരയുടെ പ്രധാന ചുമതലേൽപ്പിക്കുകയെന്നത്. ഇതു കണ്ട് പലരുടെയും നെറ്റി ചുളിഞ്ഞിരിക്കണം. കാരണം രാജ്യാന്തര താരങ്ങളായ ബക്കാരി കോനെ - കോസ്റ്റ നമോയ്നിസു സഖ്യം കളിച്ചിരുന്ന സ്ഥാനത്താണ് അത്ര പരിചയസമ്പന്നരല്ലാത്ത രണ്ട് ഇന്ത്യൻ കളിക്കാരെ പരീക്ഷിച്ചത്. 

എന്നാൽ സംശയങ്ങളെ അസ്ഥാനത്താക്കി ഇരുവരും കാഴ്ചവച്ചത് തകർപ്പൻ പ്രകടനം. 90 മിനിറ്റു നേരവും കളിച്ചിട്ടും പിഴവുകളൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഹക്കു ഒരു തകർപ്പൻ ഹെഡർ ഗോളിലൂടെ ടീമിന് നിർണായക ലീഡും സമ്മാനിച്ചു. ഫെക്കുണ്ടോയുടെ കോർണറിൽ നിന്നും ഒരു ബുള്ളറ്റ് ഹെഡർ. കോസ്റ്റയും കോനെയും കഴിഞ്ഞ ആറു മത്സരങ്ങളിലായി ശ്രമിച്ചിട്ട് നടക്കാതെ പോയ കാര്യമാണ് ലഭിച്ച ഒരേയൊരു ചാൻസിൽ ഹക്കു സാധിച്ചത്. ആദ്യ പകുതിയിൽ നേടിയ ഈ ലീഡ് തന്നെയാണ് പിന്നീട് കളിയിലുടനീളം ആധിപത്യം നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചതും.

abdul-hakku
ഹൈദരാബാദ് എഫ്‍സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ അബ്ദുൽ ഹക്കു (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്ന പഴയ പരസ്യവാചകമാണ് ഹക്കുവിനെക്കുറിച്ചു പറയാൻ തോന്നുന്നത്. കഴിഞ്ഞ മൂന്നു സീസണുകളായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട് ഈ തിരൂരുകാരൻ. പക്ഷേ ഒന്നറിഞ്ഞു കളിക്കാനുള്ള അവസരമൊത്തുവന്നത് ഇപ്പോഴാണെന്നു മാത്രം. ഹക്കുവിന്റെ ഹെയർസ്‌റ്റൈലിനെ കമന്ററിക്കിടയിൽ ടിവി പ്രോഗ്രാമായ ഉപ്പും മുളകിലെ വിഷ്ണുവിന്റെ മുടിയോട് ഞാൻ ഉപമിച്ചിരുന്നു. ഉടൻ വന്നു ആരാധകരുടെ കമന്റ്.... അല്ല , അത് റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം മാർസലോയുടെ ഹെയർസ്‌റ്റൈലെന്നു പറയുന്നതാണു കൂടുതൽ ശരി. ഒരൊറ്റ ഐഎസ്എൽ ഗോൾ കൊണ്ട് ഹക്കു മലയാളി ഫുട്‌ബോൾ പ്രേമികൾക്കു എത്രമേൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവ്...

ഹക്കുവിന്റെ ഗോൾ ഏറ്റവും കൂടുതൽ ആരവമുയർത്തിയതും തിരൂരിൽത്തന്നെയാകണം. കാരണം സ്‌പോർട്‌സ് അക്കാദമി ഓഫ് തിരൂരിലൂടെ (സാറ്റ്) കളിച്ച് ഉയർന്നുവന്ന ഫുട്‌ബോളറാണ് അബ്ദുൾ ഹക്കു. അതിന്റെ ആവേശമത്രയും കളി കഴിഞ്ഞതിന്റെ പിറ്റേന്ന് സാറ്റ് ടീം മാനേജർ മൊയ്തീൻകുട്ടിയുടെ ഫോൺകോളിലുണ്ടായിരുന്നു. ഹക്കു ഷൈൻ ചെയ്യുമ്പോൾ തീർച്ചയായും അതിലേറ്റവും ആവേശം കൊള്ളാനുള്ള അവകാശം സാറ്റിനു തന്നെയാണ്.

മലപ്പുറം മേഖലയിൽ എത്രയോ വർഷങ്ങളായി മികച്ച ഫുട്‌ബോളർമാരെ കണ്ടെത്തി വളർത്തിയെടുക്കുന്ന റിയൽ ഫുട്‌ബോൾ നഴ്‌സറിയായി സാറ്റ് പ്രവർത്തിക്കുന്നു. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന എത്രയെത്ര തനി നാട്ടുമ്പുറം പ്രതിഭകൾ സാറ്റിലൂടെ ഇന്ത്യൻ ഫുട്‌ബോളിന്റെ വെള്ളിവെളിച്ചത്തിലേക്കു കയറിവന്നിരിക്കുന്നു. നാമെല്ലാവരും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന യഥാർത്ഥ ഫുട്‌ബോൾ വികസനം തുടരാൻ ഇനിയും സ്‌പോർട്‌സ് അക്കാദമി ഓഫ് തിരൂരിനു കഴിയട്ടെ. മികച്ച താരങ്ങളെ ഇവിടെ നിന്നും ഇനിയും ഇന്ത്യൻ ഫുട്‌ബോളിനു ലഭിക്കട്ടെ. എല്ലാ ഭാവുകങ്ങളും.

English Summary: Kerala Blasters FC Register Their First Win in Season 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com