sections
MORE

ബ്രൈറ്റ്, ബ്രൈറ്റർ, ബ്രൈറ്റസ്റ്റ് ! ഐഎസ്എൽ വലയിലൊരു വോൾവ്സ് ഗോളാരവം

bright-goal
എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ ബ്രൈറ്റ്, താരം വോൾവ്സ് ജഴ്സിയിൽ
SHARE

ഗോവയിലെ തിലക് മൈതാൻ. അവസാന പത്തു മിനിറ്റുകളിലേക്കു കുതിക്കുന്നതിന്റെ നിമിഷങ്ങളിലാണ് എഫ്സി ഗോവയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കടുകട്ടി പോരാട്ടം. ബംഗാൾ ഗോളി ദേബ്ജിത് മജുംദാറിൽ നിന്നു ഇടതുപാർശ്വം ചേർന്നൊരു ലോങ് ബോൾ ജാക്വസ് മാഗോമയെത്തേടി പറന്നെത്തി. മാഗോമ അതു വലംകാലിൽ കോർത്തു മധ്യത്തിലേയ്ക്കു കോരിയിടുന്നു. ഉയർന്നു പറന്നെത്തിയ ആ പന്തിനെ നെഞ്ചിൽ ഇടിച്ചിറക്കി ഈസ്റ്റ് ബംഗാളിന്റെ പത്താം നമ്പറുകാരൻ മുന്നോട്ട്.

ബ്ലോക്ക് ചെയ്യാൻ ഓടിെയത്തിയ ഗോവൻ താരം പ്രിൻസ്ടൺ റെബെല്ലോയെ സമർഥമായി വെട്ടിയൊഴിഞ്ഞ് ആ കുതിപ്പ് ഫൈനൽ തേഡിലേയ്ക്ക്. ഇടതു വിങ്ങിൽ നിന്നു പറന്നെത്തിയ ഐയ്ബൻ ദോഹ്‌ലിങിന്റെ വക ടാക്ക്ൾ ശ്രമത്തിന്റേതായിരുന്നു അടുത്ത നിമിഷം. പന്തും ഓട്ടവും വലത്തോട്ടു തിരിച്ചതോടെ അതും വിഫലം. ബോക്സിൽ പ്രവേശിച്ചയുടനെ വന്നത് ഇവാൻ ഗോൺ‍സാലസിന്റെ പ്രതിരോധം. ന്യൂട്ടന്റെ മൂന്നാം ചലന നിയമം കണക്കെ, ഇടത്തേയ്ക്കൊരു ഡ്രിബ്ളിൽ അതും നിഷ്ഫലം. അവസാന രക്ഷകനെന്ന നിലയ്ക്കു ഗോളിക്കും മുന്നിലായി വലതുവശത്തു നിന്നു സേവ്യർ ഗാമയുടെ മിന്നൽ വേഗത്തിലുള്ള നെടുനീളൻ ഡൈവ്. പക്ഷേ അതിനും മുൻപേ പന്തും ഡ്രിബ്ൾ ചെയ്തു വലത്തോട്ടു കടന്നിരുന്നു ആ പത്താം നമ്പറുകാരൻ.

ആ ഗതിയും വേഗവും മനസിലാക്കാതെ ഗോളി മുഹമ്മദ് നവാസിന്റെ നീക്കത്തിനും അടിതെറ്റി. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന മട്ടിൽ പ്രതിരോധക്കാരെ കബളിപ്പിച്ചോടി ഒടുവിൽ ഗോളിയുടെ ദിശാബോധവും തകർത്ത് ആ താരം വലംകാലിൽ നിലംപറ്റെയൊരു ഷോട്ടിലൂടെ പന്ത് ഗോവൻ വലയിലേക്ക് തിരിച്ചിട്ടു. ഐഎസ്എലിന് എക്കാലവും ഓർമിക്കാനൊരു ബ്രൈറ്റ് ഗോൾ !

ബ്രൈറ്റ്, ബ്രൈറ്റർ, ബ്രൈറ്റസ്റ്റ് എന്നൊക്കെ വിശേഷിപ്പിച്ചാലും മതിവരില്ലാത്ത ആ ഗോളിന്റെ ശിൽപിയുടെ ജഴ്സിയിൽ എഴുതിയിരുന്നതും മറ്റൊന്നുമല്ല – ബ്രൈറ്റ്. ഗോവയുടെ വല കുലുങ്ങിയ ആ എഴുപത്തിയൊൻപതാം മിനിറ്റു മുതൽ ബ്രൈറ്റ് എനോബാഖരെയെന്ന നൈജീരിയൻ പേരിനു പിന്നാലെയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം. നുവാൻകോ കാനുവിന്റെയും ജേജേ ഒക്കേച്ചയുടെയും നാട്ടിൽ നിന്നെത്തിയൊരു ഇരുപത്തിരണ്ടുകാരൻ ആ ഒരേയൊരു ഗോളിൽ, അല്ല, ഒന്നൊന്നര ഗോളിൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ഹൃദയം കൂടിയാണ് കുലുക്കിക്കളഞ്ഞത്. 

∙ ഈസ്റ്റ് ബംഗാളിന്റെ ന്യൂ ഇയർ ഗിഫ്റ്റ്

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന ബ്രഹ്മാണ്ഡ പഞ്ച് ഡയലോഗിന്റെ ഫുട്ബോൾ പരിപ്രേക്ഷ്യം കണ്ടു പകച്ചുപോയിക്കാണും ഇന്ത്യൻ സൂപ്പർ ലീഗ്. കളത്തിൽ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരായി മാറിയ എഫ്സി ഗോവ മാത്രമല്ല, ഈസ്റ്റ് ബംഗാൾ പോലും ആ യുവതാരത്തിൽ നിന്ന് ഇങ്ങനെയൊരു ഇന്ദ്രജാലം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

പത്തു പേരുമായി പൊരുതിയ ഈസ്റ്റ് ബംഗാളിന്റെ പത്താം നമ്പർ അണിഞ്ഞ ആ നൈജീരിയൻ താരത്തിനിത് ഇന്ത്യയിലെ രണ്ടാം മത്സരം മാത്രമായിരുന്നു. ഇന്ത്യൻ മണ്ണിൽ കാലു കുത്തിയിട്ട് വിരലിൽ എണ്ണാവുന്ന ദിവസങ്ങളും. ഐലീഗ് വിട്ടുള്ള ഐഎസ്എൽ കൂടുമാറ്റത്തിൽ വിരണ്ടുനിന്ന ടീമിൽ മാറ്റം വരുത്തണമെന്ന ദൗത്യവുമായി ഈസ്റ്റ് ബംഗാളിന്റെ ഇംഗ്ലിഷ് പരിശീലകൻ റോബി ഫോളറുടെ തുറുപ്പുചീട്ടായാണു നൈജീരിയയുടെ അണ്ടർ–23 ടീമിന്റെ ഭാഗമായ സ്ട്രൈക്കർ ഇന്ത്യയിലേക്കു പറന്നത്. ജനുവരി ഒന്നിനു കരാറൊപ്പിട്ട ബ്രൈറ്റ് ഫലത്തിൽ കൊൽക്കത്ത ക്ലബിന്റെ പുതുവർഷസമ്മാനം കൂടിയായെന്നു തെളിയിക്കുകയാണു ഗോവയുടെ തിലക് മൈതാനം.

സൂപ്പർ ലീഗിൽ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന്റെ ആദ്യവിജയത്തിനു ഗോളടിച്ചായിരുന്നു ബ്രൈറ്റിന്റെ വരവ് തന്നെ. ഈ വാരാദ്യം ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനിറ്റിൽ ജാക്വസ് മാഗോമയുടെ പകരക്കാരനായി അരങ്ങേറ്റം കുറിച്ച ബ്രൈറ്റ് കളത്തിലെത്തി പതിനഞ്ചാം മിനിറ്റിൽ ഗോൾ സ്കോറർമാരുടെ പട്ടികയിൽ പേരും ചേർത്തു. ഇപ്പോഴിതാ പ്ലേയിങ് ഇലവനിലെ അരങ്ങേറ്റത്തിൽ കുറിച്ചതു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെതന്നെ സുപ്പീരിയർ എന്നു പറയേണ്ടുന്നൊരു ഗോളും. ഇതിനു പിന്നാലെ ഗോവയ്ക്കെതിരെ ഈസ്റ്റ് ബംഗാളിന്റെ വിജയം കുറിക്കുന്നൊരു ഗോളിനു കൂടി എനോബാഖരെ ബൂട്ട് ചേർത്തതാണ്. പക്ഷേ, ഐഎസ്എലിലെ പതിവ് എന്ന മട്ടിലായിക്കഴിഞ്ഞ റഫറിയിങ്ങിലെ പിഴവിൽ ആ ഗോളിന്റ വഴിയടഞ്ഞു. 

∙ ചെന്നായ്ക്കൂട്ടത്തിലെ കരുത്തൻ

എന്തൊരു ഗോൾ, എന്തൊരു വരവ് എന്നൊക്കെയുള്ള വിശേഷണങ്ങളുമായി ഇന്ത്യൻ ഫുട്ബോളിൽ എനോബാഖരെ തന്റെ ബ്രൈറ്റ് സ്റ്റാർട്ടിനു വല കുലുക്കുമ്പോൾ ഇതൊക്കെയെന്ത് എന്ന മട്ടിൽ കുലുങ്ങിച്ചിരിക്കുന്നൊരു പരിശീലകനുണ്ടാകും.– പോയവാരങ്ങളിൽ ചെൽസിയെയും ടോട്ടനം ഹോട്സ്പറിനെയും പിടിച്ചിട്ട ഇംഗ്ലിഷ് പ്രീമിയർ ലീഗ് ടീം വോൾവ്സിന്റെ നുനോ സാന്റോ.

‘സ്പെഷൽ പ്ലെയർ’ എന്നു സാന്റോയുടെ പ്രശംസ നേടിയ പ്രതിഭയാണ് സെന്റർ ഫോർവേഡായും റൈറ്റ് വിങ്ങറായും സെക്കൻഡ് സ്ട്രൈക്കറായും തിളങ്ങാൻ കെൽപ്പുള്ള എനോബാഖരെ. നൈജീരിയയിലെ ബെനിൻ സിറ്റിയിൽ ജനിച്ചു പതിനഞ്ചാം വയസിൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലേയ്ക്കു ചേക്കേറിയ ബ്രൈറ്റിന്റെ പ്രഫഷനൽ ഫുട്ബോളിന്റെ തുടക്കം വോൾവ്സ് വാണ്ടറേഴ്സിന്റെ അക്കാദമിയിലായിരുന്നു. 

ഇംഗ്ലണ്ടിൽ ലാൻഡ് ചെയ്തു രണ്ടാം വർഷം, പതിനേഴാം വയസിൽ, വോൾവ്സുമായി കരാർ ഒപ്പിട്ട പയ്യൻ അവിടെയും അരങ്ങേറ്റം ആഘോഷിച്ചതു ഗോൾ നേട്ടത്തോടെയാണ്. ആ വർഷം തന്നെ ഇംഗ്ലിഷ് ലീഗ് കപ്പിൽ ആദ്യമായി ബൂട്ടണിഞ്ഞപ്പോഴും കഥ മാറിയില്ല. കളത്തിലിറങ്ങി മൂന്നാം മിനിറ്റിൽ ഗോൾ കുറിച്ച എനോബാഖരെയ്ക്ക് അസിസ്റ്റ് സമ്മാനിച്ച താരത്തെയും ഇന്ത്യൻ ഫുട്ബോൾ ഇന്നു നന്നായി അറിയും – മുംബൈ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ ആഡം ലെ ഫോൻഡ്രേ.

മൂന്നു സീസൺ മുൻപ് ഇംഗ്ലിഷ് ഫുട്ബോളിലെ രണ്ടാം ഡിവിഷനായ ചാംപ്യൻഷിപ്പ് കിരീടം ഉയർത്തി ഇപിഎല്ലിലേയ്ക്ക് കുതിച്ച വോൾവ്സ് നിരയിലും അംഗമായിരുന്നു ഈ നൈജീരിയൻ ടീനേജർ. മൂന്നു സീസണുകളിൽ നിന്നായി 41 ചാംപ്യൻഷിപ്പ് മത്സരങ്ങളിൽ വോൾവ്സ് ജഴ്സിയണിഞ്ഞിട്ടുള്ള ബ്രൈറ്റ് രണ്ടു സീസണുകളിൽ അവരുടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സ്ക്വാഡിലും ഇടംകണ്ടെത്തിയിരുന്നു. പോയ സീസണിൽ റൗൾ ജിമിനസ് ഉൾപ്പെടെയുള്ള മുന്നേറ്റനിര താരങ്ങൾ വന്നതോടെയാണ് ഇപിഎല്ലിലെ ‘ചെന്നായ്ക്കൂട്ടം’ എന്നു പേരെടുത്ത നുനോ സാന്റോയുടെ താരസംഘത്തിൽ നിന്നു ബ്രൈറ്റിനു വിടവാങ്ങേണ്ടിവന്നത്.

വോൾവ്സിൽ നിന്ന് ഇംഗ്ലണ്ടിലെ തന്നെ വിഗാൻ അത്‌ലറ്റിക്കിനും സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബിനും വേണ്ടി ലോൺ അടിസ്ഥാനത്തിലും കളിച്ചിട്ടുള്ള എനോബാഖരെ കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബ് എഇകെ ആതൻസിനു കളിച്ചാണ് ഈസ്റ്റ് ബംഗാളിലെത്തിയിട്ടുള്ളത്. പുതുവർഷത്തിൽ ബംഗാൾ ടീമിനു പുത്തനൂർജം നിറയ്ക്കാൻ കഴിഞ്ഞ റോബി ഫോളറുടെ വജ്രായുധമാകും ഇനിയുള്ള മത്സരങ്ങളിൽ എനോബാഖരെ. ഇരുപതിന്റെ പടിവാതിൽക്കൽ മാത്രമെത്തുന്നതിനിടെ സമാനതകളില്ലാത്ത പരിചയസമ്പത്തും കൈവരിച്ചെത്തുന്ന യുവതുർക്കിയിൽ പ്രായം ചെന്നവരുടെ തട്ടകമെന്ന ഐഎസ്എലിന്റെ ദുഷ്പേരും കൂടി തിരുത്തപ്പെടുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഒന്നു കരുതിയിരുന്നോളൂ, സ്റ്റീവൻ മെൻഡോസയെപ്പോലെ ഇന്ത്യൻ ലീഗിൽ കളിച്ച് ഉന്നതങ്ങളിലേക്കു പറക്കാൻ പോന്നൊരു മുതലാണു ഈസ്റ്റ് ബംഗാളിന്റെ പത്താം നമ്പറിൽ കളത്തിലിറങ്ങിയിരിക്കുന്നത്. ടിരിയും കോസ്റ്റയും ഫാളും സാബിയയും ജുവാനനും ഉൾപ്പെടെയുള്ളവർ ഒന്നു സൂക്ഷിച്ചോളൂ, പ്രതിരോധത്തിന്റെ ഏതു പൂട്ടും പൊളിക്കുമെന്ന  മുന്നറിയിപ്പ് കൂടിയാണ് ഗോവയെ കീറിമുറിച്ചുകളഞ്ഞ ആ ഗോൾ. 

English Summary: A sensational solo goal in the Indian Super League by East Bengal’s Bright Enobakhare

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA