അങ്കാറ (തുർക്കി) ∙ ഒടുവിൽ, മെസൂട് ഓസിൽ ഇംഗ്ലണ്ട് വിടുന്നു. ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ തുർക്കി വംശജനായ ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ തുർക്കി ക്ലബ് ഫെനർബാച്ചെയിലേക്കു മാറിയേക്കുമെന്നു സൂചന. ഫെനർബാച്ചെ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തുർക്കിയിലെ വൻനഗരമായ ഇസ്തംബൂളിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുപ്പത്തിരണ്ടുകാരൻ ഓസിൽ അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു.
കഴിഞ്ഞ മാർച്ചിനു ശേഷം ആർസനലിനു വേണ്ടി ഒരു മത്സരം പോലും ഓസിൽ കളിച്ചിട്ടില്ല. ഈ സീസൺ അവസാനം വരെയാണു ക്ലബ്ബുമായി കരാർ. ലണ്ടൻ ക്ലബ്ബിന്റെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ ടീം ലിസ്റ്റിൽ പോലും ഓസിലിന്റെ പേരുണ്ടായിരുന്നില്ല. ഓസിലിനെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽതന്നെ ക്ലബ് വിടാൻ അനുവദിച്ച് സാമ്പത്തിക സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യവും ആർസനലിനുണ്ട്.
English Summary: Mesut Ozil leaving England