ADVERTISEMENT

മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഏഴാം സീസണിൽ തുടർ തോൽവികളുമായി നിരാശപ്പെടുത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ ഒരു മുൻ താരം ‘സഹായിച്ചു’. ജംഷഡ്പുർ എഫ്‍സിയുടെ മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷിന്റെ പിഴവിൽനിന്ന് പിറന്ന ഗോൾ സഹിതം മത്സരത്തിലാകെ മൂന്നു ഗോൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന്, ഈ സീസണിലെ രണ്ടാം ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പുരിനെ തോൽപ്പിച്ചത്. ചുവപ്പുകാർഡ് കണ്ട ലാൽറുവാത്താര 67–ാം മിനിറ്റിൽ പുറത്തുപോയതിനെ തുടർന്ന്് രണ്ടാം പകുതിയിൽ ഏറിയ പങ്കും 10 പേരുമായി പൊരുതിയാണ് ബ്ലാസ്റ്റേഴ്സ് 10–ാം മത്സരത്തിൽ രണ്ടാം ജയം കുറിച്ചത്. 10 പേരായി ചുരുങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ടു ഗോൾ നേടിയത്. ഐഎസ്എൽ ചരിത്രത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുരിനെ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്.

79, 82 മിനിറ്റുകളിലായി ഇരട്ടഗോൾ നേടിയ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മറിയാണ് ബ്ലാസ്റ്റേഴ്സിന് ആവേശ ജയം സമ്മാനിച്ചത്. ഇതിൽ രണ്ടാം ഗോളാണ് രഹനേഷിന്റെ പിഴവിൽനിന്ന് പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ 22–ാം മിനിറ്റിൽ നമോയ്നെസു കോസ്റ്റ നേടി. ജംഷഡ്പുരിനായി നെരിയൂസ് വാൽസ്കിസും ഇരട്ടഗോൾ (36, 84) നേടി. വിജയത്തോടെ 10 കളികളിൽനിന്ന് രണ്ട് ജയവും മൂന്നു സമനിലയും അഞ്ച് തോൽവിയും സഹിതം ഒൻപതു പോയിന്റുള്ള ബ്ലാസ്റ്റേല്സ് 10–ാം സ്ഥാനത്തു തന്നെ തുടരുന്നു. സീസണിലെ മൂന്നാം തോൽവി വഴങ്ങി ജംഷഡ്പുർ ആകട്ടെ, മൂന്നു ജയവും നാല് സമനിലയും സഹിതം 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

22–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ആദ്യ ഗോളിന്റെ പിറവി. ഫക്കുൻഡോ പെരേര തൊടുത്തുവിട്ട ഷോട്ട് ജംഷഡ്പുർ പ്രതിരോധത്തിനു മേൽ ഉയർന്നു ചാടിയ നമോയ്നെസു കോസ്റ്റ തലകൊണ്ടു ചെത്തി വലയിലിട്ടു. സ്കോർ 1–0.

അധികം വൈകാതെ നെരിയൂസ് വാൽസ്കിസിലൂടെ ജംഷഡ്പുർ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്സ് ബോക്സിനു പുറത്ത് ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിന്റെ പിറവി. കിക്കെടുത്ത വാൽസ്കിസ് കൃത്യമായി വരച്ച രേഖയിലെന്നപോലെ പന്ത് പോസ്റ്റിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ ഡൈവിനും പന്ത് തടയാനായില്ല. സ്കോർ 1–1.

ലീഡ് നേടാൻ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്നതിനിടെയാണ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ലാൽറുവാത്താര പുറത്തുപോയത്. 67–ാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ രണ്ടാം പകുതിയിൽ ഏറിയ പങ്കും 10 പേരുമായി പൊരുതേണ്ട അവസ്ഥയിലായി ബ്ലാസ്റ്റേഴ്സ്. എന്നാൽ, കഠിനാധ്വാനവും ഭാഗ്യവും സമ്മേളിച്ചതോടെ കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിമിഷങ്ങൾ പിറന്നു.

79–ാം മിനിറ്റിലാണ് ജംഷഡ്പുരിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. ജംഷഡ്പുർ ബോക്സിനുള്ളിൽ ബ്ലാസ്റ്റേഴ്സിന്റെ അർജന്റീന താരം ഫക്കുൻഡോ പെരേര നടത്തിയ തകർപ്പൻ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. അസാമാന്യ പന്തടക്കത്തോടെ ജംഷഡ്പുർ പ്രതിരോധം പിളർത്തി ബോക്സിനുള്ളിൽ കയറിയ പെരേരയുടെ ഷോട്ട് രഹനേഷ് തടുത്തു. എന്നാൽ, ഓടിയെത്തിയ ജോർദാൻ മറി, അനായാസം പന്ത് വലയിലാക്കി. സ്കോർ 2–1.

മൂന്നു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം രഹനേഷിന്റെ പിഴവ് ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോളും സമ്മാനിച്ചു. ഫക്കുൻഡോ പെരേരയുടെ മുന്നേറ്റം ജംഷഡ്പുർ ബോക്സിലെത്തുമ്പോഴേയ്ക്കും തീർത്തും ദുർബലമായിരുന്നു. പന്തിലേക്ക് എത്താനുള്ള പെരേരയുടെ ശ്രമം തടഞ്ഞ് ജംഷഡ്പുർ താരം മുന്നിൽ കയറിനിന്നതോടെ ഓടിയെത്തിയ രഹനേഷ് പന്ത് കയ്യിലൊതുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, പന്ത് പിടിക്കാനുള്ള ആവേശത്തിൽ രഹനേഷിന് അത് കയ്യിലൊതുക്കാനായില്ല. തട്ടിത്തെറിച്ച പന്ത് തൊട്ടടുത്തുണ്ടായിരുന്ന മറി അനായാസം വലയിലേക്ക് തട്ടിയിട്ടു. സ്കോർ 3–1.

എന്നാൽ, തൊട്ടടുത്ത മിനിറ്റിൽത്തന്നെ നെരിയൂസ് വാൽസ്കിസിലൂടെ ജംഷഡ്പുർ രണ്ടാം ഗോൾ നേടി. തകർപ്പനൊരു മുന്നേറ്റത്തിനൊടുവിൽ പന്ത് വലതുവിങ്ങിൽ മൊബാഷിർ റഹ്മാന് നൽകിയശേഷം ബോക്സിലേക്ക് ഓടിക്കയറിയ വാൽസ്കിസിന് പിഴച്ചില്ല. റഹ്മാന്റെ കിറുകൃത്യം ക്രോസ് ഉയർന്നുചാടിയ വാൽസ്കിസ് തലകൊണ്ട് ചെത്തി വലയിലാക്കി. സ്കോർ 2–3.

English Summary: Kerala Blasters FC Vs Jamshedpur FC, ISL 2020-21 Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com