sections
MORE

വെൽഡൺ മിസ്റ്റർ പെരേര; ഇതു വിദേശ താരങ്ങൾ സമ്മാനിച്ച ജയം: ഐ.എം.വിജയൻ

jordan-murray-costa-1
ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയ ജോർദാൻ മറിയും കോസ്റ്റ നമോയ്നെസുവും ആഹ്ലാദം പങ്കിടുന്നു (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഇതുപോലൊരു ജയത്തിനാണു കേരളം കാത്തിരുന്നത്. ഇതുപോലൊരു കളി കാണാനാണ് ആരാധകർ കൊതിച്ചിരുന്നത്. ലീഗിൽ മികച്ച പ്രകടനം നടത്തിവന്നൊരു ടീമിനെയാണു അഗ്രസീവ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ജയിക്കണമെന്ന ലക്ഷ്യം കളിയിലുടനീളം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ശരീരഭാഷയിലും വ്യക്തമായിരുന്നു. പ്രത്യേകിച്ചും വിദേശ താരങ്ങളിൽ. അവർക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. പാസിങ്ങിലും പ്രസിങ്ങിലും ഒരുപോലെ മികച്ചുനിന്നതിന്റെ ഫലം കൂടിയാണീ വിജയം.  

ടീമിന്റെ ഊർജകേന്ദ്രമായി ഗ്രൗണ്ടിൽ നിറഞ്ഞ ഫാകുൻഡോ പെരേരയും നിർണായക സമയത്തു സംയമനം കൈവിടാതെ സ്കോറിങ് നടത്തിയ ജോർദൻ മറിയും ഗോളടിച്ചും തടുത്തും വീറോടെ നിന്ന കോസ്റ്റയുമാണു ജംഷദ്പുരിൽ നിന്ന് ഈ മത്സരം പിടിച്ചുവാങ്ങിയത്. പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിനെ തളയ്ക്കാൻ എതിരാളികൾക്കു കഴിയാതെ പോയതും ഇവരുടെ പോരാട്ടവീര്യം കൊണ്ടുതന്നെ.

ഇന്നലത്തെ മൂന്നു ഗോളിനു പിന്നിലെയും നായകനാണ് അർജന്റീന താരം പെരേര. ഗോളടിക്കാനായില്ലെന്നതൊഴിച്ചാൽ ഗാരി ഹൂപ്പറും ഈ മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണു പുറത്തെടുത്തത്. എതിരാളികളുെട കണക്കുകൂട്ടലുകളും താളവും തെറ്റിക്കുന്ന ഒന്നായി ഉശിരൻ നീക്കങ്ങളും ത്രൂ ബോളുകളും പുറത്തെടുത്ത ഹൂപ്പറിന്റെ സാന്നിധ്യം. മുന്നേറ്റത്തിലും പ്രതിരോധത്തിലും കണ്ണെത്തിയ വിസന്റെ ഗോമസിന്റെ പരിചയസമ്പത്തിനുമുണ്ട് ഈ ജയത്തിൽ പങ്ക്. 

വിലയേറിയ മൂന്നു പോയിന്റ് കിബു വിക്കൂനയ്ക്കു നൽകുന്ന ആശ്വാസം ചെറുതാകില്ല. എങ്കിലും 3–2 എന്ന സ്കോറിനുമപ്പുറം പോകേണ്ട ഒന്നായിരുന്നു ഈ വിജയമെന്നാകും വിക്കൂനയുടെ പക്ഷം. അഭിനന്ദനം മാത്രമല്ല, ഓപ്പൺ എന്നു പറയാവുന്ന ഒട്ടേറെ അവസരങ്ങൾ കളഞ്ഞുകുളിച്ചതിനു കോച്ചിന്റെ വക ശകാരവും കളിക്കാർക്കു പ്രതീക്ഷിക്കാം. തീർച്ചയായും വലയിൽ എത്തേണ്ടവയായിരുന്നു അവയെല്ലാം. സ്ട്രൈക്കർമാരെന്ന നിലയ്ക്ക് ഹൂപ്പറിനും മറിക്കും ഏറെ നിരാശ സമ്മാനിച്ചിട്ടുണ്ടാകും ആ നഷ്ടങ്ങളെന്നു തീർച്ച. ഏതായാലും ആ നഷ്ടങ്ങൾ മത്സരഫലത്തെ ബാധിക്കുന്നതായി മാറിയില്ലെന്നതു ടീമിന്റെ ഭാഗ്യം. 

ഈ പ്രകടനം ആവർത്തിക്കുന്നതിനാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇനി ശ്രമിക്കേണ്ടത്. ബ്ലാസ്റ്റേഴ്സിനു ലഭ്യമായിട്ടുള്ളതിൽ വച്ചേറ്റവും മികച്ച വിദേശനിരയാണ് കിബു വിക്കൂനയ്ക്കു ലഭിച്ചിട്ടുള്ളത് .എല്ലാ പൊസിഷനിലും ആശ്രയിക്കാവുന്ന താരങ്ങളുണ്ട് അക്കൂട്ടത്തിൽ. ഇവർക്കു പിന്തുണ നൽകുക എന്ന ലളിതമായ ജോലി മാത്രമേയുള്ളൂ ഇന്ത്യൻ താരങ്ങൾക്ക്. ആ ഉത്തരവാദിത്തം അവർ എങ്ങനെ നിർവഹിക്കുമെന്നതിനെ ആശ്രയിച്ചാകും ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഭാവി. 

English Summary: IM Vijayan Congratulates KBFC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA