ADVERTISEMENT

കോട്ടയം ∙ കുട്ടികളെ പിടിക്കാൻ വിജയനിറങ്ങുന്നു. മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുൻ ഇന്ത്യൻ താരവും കേരള പൊലീസ് ഫുട്ബോൾ ടീം ടെക്നിക്കൽ ഡയറക്ടറുമായ ഐ.എം.വിജയനെയാണ് ആക്കാദമിയുടെ ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ നിയോഗിച്ചിരിക്കുന്നത്. മലബാർ സ്പെഷൽ പൊലീസിന്റെ (എംഎസ്പി) രൂപീകരണത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണു അക്കാദമി സ്ഥാപിക്കുന്നത്. 

∙ വെറുമൊരു തുടക്കമാകില്ല ഉറപ്പ് 

വെറുതെ ഒരു അക്കാദമി സ്ഥാപിക്കുകയല്ല ലക്ഷ്യമെന്ന് ഡയറക്ടര്‍ ഐ.എം.വിജയൻ. ഗ്രാസ് റൂട്ടിൽ നിന്നു മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് അവരെ മികച്ച പ്രഫഷനൽ താരമാക്കി മാറ്റുന്ന ഒരു കേന്ദ്രമാണ് മനസ്സിൽ. ഇതിന് കൂടിയാലോചനകൾ ആവശ്യമാണ്. കായിക മന്ത്രി, ഡിജിപി തുടങ്ങിയവരുമായി അക്കാദമിയുടെ ഘടന ചർച്ച ചെയ്യും. ഇതിനു ശേഷം മുതിർന്ന താരങ്ങള്‍, പൊലീസിൽ തന്നെയുള്ള ഫുട്ബോൾ താരങ്ങള്‍, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ‍, പരിശീലകർ എന്നിവരുമായി കൂടിയാലോചനകൾ നടത്തും. ഇവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാകും അക്കാദമിയുടെ പ്രവർത്തനമെന്നും വിജയൻ പറയുന്നു.

സി.വി.പാപ്പച്ചൻ, കെ.ടി.ചാക്കോ, തോബിയാസ് അടക്കം ഒരു പിടി പൊലീസ് ഫുടബോൾ താരങ്ങളുണ്ട്. ഇവരുടെ എല്ലാം അഭിപ്രായം സ്വീകരിക്കും. മുംബൈ സിറ്റി ഫുട്ബോൾ അക്കാദമി ഡയറക്ടർ ദിനേശ് നായർ വളരെ അടുത്ത സുഹൃത്താണ്. പ്രഫഷനൽ ഫുട്ബോൾ അക്കാദമി നടത്തിക്കൊണ്ടു പോകേണ്ടത് എങ്ങനെയെന്നു പറയാൻ ദിനേശിന് ഏറെ സാധിക്കും. മുന്നു വർഷം മികച്ച അക്കാദമിക്കുള്ള ഐഎസ്എൽ പുരസ്കാരം ലഭിച്ചത് മുംബൈ സിറ്റി അക്കാദമിക്കാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഫുട്ബോൾ താരങ്ങളുമായും ആശയവിനിമയം നടത്തുമെന്നും ഐ.എം.വിജയന്‍ പറഞ്ഞു. 

∙ വലിയ ഉത്തരവാദിത്തം 

കുട്ടികളെ പഠിപ്പിക്കുക എന്നതു വലിയ ഉത്തരവാദിത്തമാണെന്നും വിജയൻ പറയുന്നു. എന്നാൽ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ഒരുക്കിയെടുക്കുന്നതു രാജ്യത്തിന്റെ ഫുട്ബോൾ ഭാവിക്ക് എറ്റുവും ആവശ്യമുള്ള കാര്യമാണ്. കേരള പൊലീസ് ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റ വർഷം തന്നെ നമുക്ക് ഓൾ ഇന്ത്യാ പൊലീസ് ഗെയിംസ് വിജയിക്കാൻ സാധിച്ചു. അത് എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ്. പൊലീസ് താരങ്ങൾക്ക് ഒപ്പം നടന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവര്‍ വേഗത്തിൽ അത് മനസ്സിലാക്കി എടുക്കുന്നുണ്ട്. കുട്ടികളെ പരിശീലിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. വെല്ലുവിളിയുമാണ്. അത് മികച്ച രീതിയിൽ ഏറ്റെടുക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും പൊലീസ് സേനയുടെയും പിന്തുണയുമുണ്ട്.

im-vijayan-training-new

മലപ്പുറത്ത് എംഎസ്പിക്ക് മികച്ച സൗകര്യങ്ങളുണ്, ഗ്രൗണ്ടുകളുണ്ട്, കൂടാതെ മ‍ഞ്ചേരിയിൽ സ്റ്റേഡിയമുണ്ട്. ഇതും പ്രയോജനപ്പെടുത്താം. കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ സൗകര്യങ്ങളുമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികൾക്ക് അവസരം നൽകും വിധമാകും അക്കാദമി സ്ഥാപിക്കുകയെന്നും വിജയന്റെ ഉറപ്പ്. 

∙ വിജയൻസ് നെറ്റ്‌വർക് ഓഫ് ഫുട്ബോൾ

രാജ്യത്തെ മുൻനിര താരങ്ങളും പരിശീലകരും അക്കാദമികളും ഫുട്ബോൾ ഭരണ നേതൃത്വവും എല്ലാമായുള്ള ‘വിജയന്‍സ് നെറ്റ്‌വർക് ഓഫ് ഫുട്ബോൾ’ പുതിയ അക്കാദമിക്ക് മുതൽക്കൂട്ടാണ്. ഇന്ത്യയിലെ ഫുട്ബോൾ സംസ്ഥാനങ്ങളിലെല്ലാം ഐ.എം.വിജയന് ഇപ്പോഴും ഒരു ഇരിപ്പിടമുണ്ട്. കൊൽക്കത്തയിലും ഗോവയിലുമെല്ലാം വിജയൻ ഇപ്പോഴും ഒരു വികാരമാണ്. ഇവിടെയുള്ള ബന്ധങ്ങൾ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.

കളിച്ചു തെളിയിച്ച ഒരാൾ കളി പറഞ്ഞു കൊടുക്കുന്നതു വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാണ്. ബൈസൈക്കിൾ കിക്ക് എടുക്കുന്നതു തിയറിയായി പറഞ്ഞു കൊടുക്കുന്നതും അത് എടുത്ത് വിജയിച്ച ആൾ പ്രാക്ടിക്കലായി കാണിച്ചു കൊടുക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഇതാണു വിജയനു സാധിക്കുന്ന മാജിക്. കൂടാതെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മികച്ച സൗഹൃദമുള്ള വിജയന് കുട്ടികളെ തിരഞ്ഞെടുക്കാനും ഈ സൗഹൃദം ഗുണം ചെയ്യും. 

∙ വേരിൽപ്പിടിക്കണം

താരങ്ങളെ ചെറിയ പ്രായത്തിൽത്തന്നെ കണ്ടെത്തി മികച്ച പരിശീലനം നടത്തുകയെന്നതാണു ഗ്രാസ് റൂട്ട് ലെവൽ പരീശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. മുൻ നിര ഫുട്ബോൾ രാജ്യങ്ങളെല്ലാം ഗ്രാസ് റൂട്ട് ട്രെയിനിങ്ങിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ലോകത്തിലെ പ്രധാന ക്ലബ്ബുകൾക്കെല്ലാം ഗ്രാസ് റൂട്ട് അക്കാദമികളുണ്ട്. ഈ അക്കാദമികൾ വഴി വളർന്നു വന്നതാണ് ഇന്നു കാണുന്ന ലോക ഫുട്ബോൾ നക്ഷത്രങ്ങൾ എല്ലാം.

സ്പെയിനിലെ ബാഴ്സലോണയുടെയോ, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയോ പോലെയുള്ള അക്കാദമികളിൽ അഡ്മിഷൻ കിട്ടാൻ ലോകമെങ്ങുമുള്ള കുട്ടികൾ കാത്തു നിൽക്കുന്നു. ഇന്ത്യയിൽ ടാറ്റാ അക്കാദമി പോലുള്ള മികച്ച അക്കാദമികൾ പ്രവർത്തിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന സന്ദേശ് ജിങ്കാൻ  അടക്കമുള്ളവർ  ടാറ്റാ അക്കാദമി വഴി വളർന്നു വന്നതാണ്. ബെംഗളൂരു ഫുട്ബോൾ  ക്ലബ് രൂപീകരിച്ചതിനൊപ്പം തന്നെ അക്കാദമിയും ആരംഭിച്ചിരുന്നു.

IM-Vijayan

ബെംഗളൂരുവിന്റെ അക്കാദമി ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തമാണ്. ഐഎസ്എൽ ഇന്ത്യയിൽ ആരംഭിച്ചപ്പോൾത്തന്നെ ഗ്രാസ് റൂട്ട് പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയിരുന്നു. എല്ലാ ക്ലബുകളും ഗ്രാസ് റൂട്ട് പരിശീലനത്തിനു സൗകര്യം ഒരുക്കണമെന്നായിരുന്നു നിർദേശം. കേരളകത്തിന്റെ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അടക്കം ഗ്രാസ് റൂട്ട് പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിച്ച്  പ്രത്യേക പരിശീലകനെയടക്കം നിയോഗിച്ചിട്ടുണ്ട്.

Content Highlights: Kerala Police’s Malabar Special Police (MSP) battalion, Football Academy, IM Vijayan, Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com