sections
MORE

ഈ ഗോൾ എങ്ങനെ മറക്കും? ഗോളടിയിലെ മൂന്നാം തമ്പുരാനാകാൻ റോയ് കൃഷ്ണ

roy-krishna-celebrates-goal
സഹതാരങ്ങൾക്കൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന റോയ് കൃഷ്ണ (ഐഎസ്എൽ ചിത്രം)
SHARE

മൂന്നുപേരെ മറികടന്ന് നാലാമത്തെ ടച്ചിൽ വലംകാലുകൊണ്ടുള്ള പുഷിലൂടെ 14–ാം ഗോൾ, റോയ് കൃഷ്ണ ഗോളുകളുടെ മൂന്നാം തമ്പുരാനാകാനുള്ള സ്പ്രിന്റിലാണ്. ഗോവയിൽ വെള്ളിയാഴ്ച നടന്ന കൊൽക്കത്ത വമ്പന്മാരുടെ ഡാർബിയിൽ‌ എടികെ മോഹൻബഗാനുവേണ്ടി ഈ ഫിജിയൻ താരം നേടിയ ഗോൾ ഐഎസ്എലിലെ റോയിയുടെ 14 –ാം ഗോളാണ്. അതിവേഗ ഓട്ടത്തിന്റെ മനോഹര പരിപൂർണതകൂടിയായി മാറിയ, ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഈ ഗോളോടെ ഐഎസ്എലിലെ ടോപ് സ്കോറർ പദവി കുതിപ്പിലേക്ക് റോയ് ഒരു ചുവടുകൂടി മുന്നോട്ടാഞ്ഞിരിക്കുന്നു.

കഴിഞ്ഞ സീസണിൽ ഈ ഫിജി ദേശീയ താരം നേടിയത് 15 ഗോളാണ്. ഇത്രയും ഗോൾതന്നെ നേടിയ ചെന്നൈയിൻ എഫ്സിയുടെ വാൽസ്കിസ് ടോപ് സ്കോററായി മാറിയത് സാങ്കേതികത്വത്തിന്റെ കണക്കുകൂട്ടലിലായിരുന്നെങ്കിൽ ഇത്തവണ അത് കവച്ചുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയും മത്സരങ്ങൾ ഉള്ളതിനാൽ ഗോൾഡൻ ബൂട്ടിനുള്ള സാധ്യത ഏറെ. കഴിഞ്ഞ വർഷം ജൂണിൽ എടികെയിൽ എത്തുന്നതിനു തൊട്ടുമുൻപ് ഓസ്ട്രേലിയൻ എ ലീഗിലെ മികച്ച താരത്തിനുള്ള ജോണി വാറൻ പുരസ്കാരം റോയിക്കു ലഭിച്ചതും ഗോൾനേട്ടത്തിന്റെ കൂടി മികവിലായിരുന്നു. ഗോളടിമികവിലെ മൂന്നാം സീസണാണ് റോയി എന്ന 33 വയസ്സുള്ള താരത്തിന് ഈ ഐഎസ്എൽ.

∙ കണ്ണെടുത്താൽ നഷ്ടം എന്ന് ബോധ്യപ്പെടുത്തുന്നൊരു ഗോൾ. ഒപ്പം 2 കിടിലൻ അസിസ്റ്റുകൾ. വെള്ളിയാഴ്ച നടന്ന എടികെ – ഈസ്റ്റ് ബംഗാൾ മത്സരം ശരിക്കും റോയ് കൃഷ്ണ സ്വന്തം പേരിലേക്ക് എഴുതിമാറ്റുകയായിരുന്നു. ആ ഗോളൊന്നു കാണുക. സ്വന്തം ബോക്സിൽനിന്ന് പ്രതിരോധനിരക്കാരൻ ടിരി നൽകിയ ലോങ് ബോൾ ഈസ്റ്റ് ബംഗാൾ മേഖലയുടെ പകുതിയിൽ വച്ച് റോയ് കാലിൽ സ്വീകരിക്കുമ്പോൾ മൂന്നു പ്രതിരോധനിരക്കാർ ഒപ്പമുണ്ടായിരുന്നു. ഇവിടെയാണ് പന്തുമായി ഈ സ്ട്രൈക്കറുടെ സ്പ്രിന്റ് തുടങ്ങുന്നത്. 30 മീറ്റർ ഓട്ടത്തിനിടെ 3 പേരെയും പിന്തള്ളി, 4 തവണ പന്തിൽ തൊട്ടു. നാലാം തവണത്തെ ബോൾ പ്ലേസിങ് നേരെ ഗോളിലേക്ക്.

പിന്നാലെയെത്തി 2 അസിസ്റ്റുകളും. ഈസ്റ്റ് ബംഗാൾ താരത്തിന്റെ മിസ് പാസ് കാലിൽ കുടുക്കിയ റോയ് പന്ത് നേരെ ഡോവിഡ് വില്യംസിനു നൽകുന്നു. വില്യംസിന്റെ ഷോട്ട് നേരെ ഗോളിലേക്ക്. പകരക്കാരനായിറങ്ങിയ ഹാവിയസ് ഫെർണാണ്ടസിനും ഗോളവസരമൊരുക്കി റോയ്. വലതുവശത്തുനിന്നുള്ള റോയിയുടെ ക്രോസിലെ ഹാവിയുടെ പെർഫെക്ട് ഹെഡറിൽ എടികെ മത്സരം സ്വന്തമാക്കുമ്പോൾ (3 – 1) ആദ്യപാദത്തിലെ വിജയത്തിന്റെ തുടർച്ചകൂടിയായി. 2 ഗോളിനു ജയിച്ച ആ കളിയിലും റോയ് ഒന്നടിച്ചിരുന്നു. ഐഎസ്എൽ ഉദ്ഘാടന മത്സരംതന്നെ തന്റേതാക്കി മാറ്റിയാണ് റോയ് വരവറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനെ എടികെ തോൽപിച്ചത് റോയിയുടെ ഏകഗോളിനാണ്, മാൻ ഓഫ് ദ് മാച്ചും ഈ താരമായിരുന്നു.

∙ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോൾ ഒരു സംശയം തോന്നിയിരുന്നു. റോയ് കൃഷ്ണയ്ക്ക് ഓവർ‌വെയ്റ്റ് (അമിതഭാരം) ഉണ്ടോയെന്നായിരുന്നു അത്. തന്റെ ശരീരത്തിനല്ല, ഗോളുകൾക്കാണ് ഓവർ വെയ്റ്റെന്ന് ആദ്യ മത്സരം മുതൽത്തന്നെ റോയ് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതുവരെ 18 കളിയിൽനിന്ന് 14 ഗോൾ നേടി, 2 ഗോൾ അസിസ്റ്റും. 

∙ അണ്ടർ 20, 23, സീനിയർ ടീമുകളിലടക്കം ഫിജി ദേശീയ ടീമിനായി നിരവധി കളിച്ച റോയ് 54 കളികളിൽനിന്നായി 32 ഗോളടിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ വേരുകളുള്ള റോയ് പിന്നീട് ചേക്കേറിയത് ന്യൂസീലൻഡിലേക്കാണ്. 2008–13ൽ വൈതാകരെ യുണൈറ്റഡിനായി 75 തവണ കളത്തിലിറങ്ങി, നേടിയത് 55 ഗോൾ. തുടർന്ന് ഓക്‌ലൻഡ് സിറ്റി. അവിടെനിന്ന് വെല്ലിങ്ടൺ ഫീനിക്സിനായി (2014–19) 122 മത്സരം, നേടിയ ഗോൾ 51. 2018ൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറി. പോൾ ഇഫിൽസിന്റെ 33 ഗോൾ എന്ന നേട്ടമാണ് മറികടന്നത്. ഓസ്ട്രേലിയൻ എ ലീഗിലെ (എഫ്എഫ്എ അനുമതി പ്രകാരമാണ് ഈ ന്യൂസീലൻഡ് ടീം ഓസ്ട്രേലിയൻ എ ലീഗിൽ കളിക്കുന്നത്) 2019ലെ മികച്ച താരത്തിനുള്ള ജോണി വാറൻ പുരസ്കാരവും നേടി.

∙ കഴിഞ്ഞ ഐഎസ്എൽ സീസണിൽ നെരിജസ് വാൽസ്കിസ്, ബർത്തലോമ്യ ഓഗ്ബച്ചെ എന്നിവർക്കൊപ്പം റോയ് കൃഷ്ണയും 15 ഗോൾ നേടിയെങ്കിലും ഗോൾഡൻ ബൂട്ട് വാൽസ്കിസിനായിരുന്നു. വാൽസ്കിസും റോയിയും ഗോൾ അസിസ്റ്റിലും തുല്യമായിരുന്നെങ്കിലും (6) റോയിയേക്കാൾ ഒരു മത്സരം കുറവ് കളികളിൽനിന്നാണ് (20) 15 ഗോൾനേട്ടം എന്നതിനാൽ ടോപ് സ്കോറർ പട്ടം വാൽസ്കിസിനായി.

English Summary: Roy Krishna heroics propel ATKMB closer to another ISL Trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA