sections
MORE

ഡോർട്മുണ്ടിന് ജയം; ബയണിന് തോൽവി: ഹാലൻഡിന് ആര് മണി കെട്ടും ?

SOCCER-GERMANY-S04-DOR/REPORT
ഗോൾ നേടിയ ഹാലൻഡിന്റെ ആഹ്ലാദം.
SHARE

ഡോർട്മുണ്ട് ∙ എർലിങ് ഹാലൻഡിനു ഗോളടി നിർത്താൻ ഒരു ഉദ്ദേശ്യവുമില്ല. ചാംപ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരെ ‍‍ഡബിൾ അടിച്ച നോർവെ താരം ഇന്നലെ ഷാൽക്കെയ്ക്കെതിരെയും അതാവർത്തിച്ചതോടെ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനു തകർപ്പൻ ജയം (4–0). 45, 79 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്റെ ഗോളുകൾ. ജെയ്ഡൻ സാഞ്ചോയുടെ ചിപ് പാസിൽനിന്ന് സുന്ദരമായൊരു ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ഹാലൻഡിന്റെ ആദ്യ ഗോൾ. സാഞ്ചോ (42’), റാഫേൽ ഗ്വുറെയ്റോ (60’) എന്നിവരും ഡോർട്മുണ്ടിനായി ലക്ഷ്യം കണ്ടു. 22 കളികളിൽ 36 പോയിന്റുമായി ലീഗിൽ 6–ാം സ്ഥാനത്താണു ടീം ഇപ്പോൾ. 49 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബയൺ മ്യൂണിക് ഇന്നലെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനോടു 2–1നു തോറ്റു. 

ആഞ്ഞു പിടിച്ചാൽ അത്‌ലറ്റിക്കോ വീഴും

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഒന്നാം സ്ഥാനത്തിനു ഭീഷണി. ലെവാന്തെയോട് അത്‍ലറ്റിക്കോ 0–2നു തോറ്റതിനു പിന്നാലെ, 2–ാം സ്ഥാനത്തുള്ള റയൽ മ‍ഡ്രിഡ് 1–0നു വല്ലദോലിദിനെതിരെ ജയിച്ചു. 3–ാം സ്ഥാനത്തുള്ള ബാർസിലോന കാദിസിനെതിരെ സമനില വഴങ്ങി (1–1). 23 കളികളിൽ 55 പോയിന്റുമായാണ് അത്‌ല‌റ്റിക്കോ ഒന്നാം സ്ഥാനത്തു തുടരുന്നത്. 24 മത്സരം കളിച്ച റയലിന് 52 പോയിന്റ്. 23 കളികളിൽ 47 പോയിന്റുമായി ബാർസ 3–ാമത്. 

ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ അടക്കം 8 താരങ്ങൾ പരുക്കേറ്റു പുറത്തിരുന്ന മത്സരത്തിൽ വല്ലദോലിദിനെതിരെ കാർലോസ് കസീമിറോയാണു റയലിന്റെ വിജയഗോൾ നേടിയത്. 

കാദിസിനെതിരെ 89–ാം മിനിറ്റുവരെ മുന്നിൽ നിന്ന ശേഷമാണു ബാർസ സമനില വഴങ്ങിയത്. 32–ാം മിനിറ്റിൽ മെസ്സിയുടെ പെനൽറ്റി ഗോളിൽ ബാർസ ലീഡെടുത്തു. 89–ാം മിനിറ്റിൽ അലക്സ് ഫെർണാണ്ടസിന്റെ പെനൽറ്റി ഗോളിൽ കാദിസ് തിരിച്ചടിച്ചു. 

വീട്ടിലെ കാര്യം കഷ്ടമാണ്

ലണ്ടൻ ∙ ‘വെൽക്കം ടു ആൻഫീൽഡ്’ എന്നു കേൾക്കുമ്പോൾ ഇപ്പോൾ പേടിക്കുന്നത് എതിരാളികളല്ല; ലിവർപൂൾ തന്നെയാണ്! ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ മുൻപെങ്ങുമില്ലാത്തവിധം കഷ്ടകാലം പിടികൂടിയ ലിവർപൂൾ അവിടെ തുടരെ 4–ാം മത്സരവും തോറ്റു. എവർട്ടനാണ് ഇത്തവണ യൂർഗൻ ക്ലോപ്പിന്റെ ചെമ്പടയെ വീഴ്ത്തിയത് (2–0). നേരത്തേ മാഞ്ചസ്റ്റർ സിറ്റി, ബ്രൈട്ടൻ, ബേൺലി എന്നിവരോടും ഹോം മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടിരുന്നു. റിച്ചാർലിസൻ, ഗിൽഫി സിഗർദസൻ എന്നിവരാണ് എവർട്ടന്റെ ഗോളുകൾ നേടിയത്. 2010നു ശേഷം ഇതാദ്യമായിട്ടാണ് എവർട്ടൻ ലിവർപൂളിനെതിരെ ജയിക്കുന്നത്. 23 മത്സരങ്ങൾക്കു ശേഷമാണ് ഈ ജയം.  

തോൽവിയോടെ ലിവർപൂൾ (40 പോയിന്റ്) ലീഗ് പട്ടികയിൽ 6–ാംസ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. 5–ാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ 3 പോയിന്റ് പിന്നിൽ. ചെൽസി കഴിഞ്ഞ ദിവസം സതാംപ്ടനോടു സമനില വഴങ്ങി (1–1). 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണു ലീഗിൽ ഒന്നാം സ്ഥാനത്ത്.

Content Highlights: German Bundesliga: Dortmund wins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA