മലപ്പുറം∙ കാൽപന്തിൽ കേരളത്തിന്റെ കരുത്തായ പൊലീസിന്റെ നേതൃത്വത്തിൽ ഒരു ഫുട്ബോൾ അക്കാദമി. മലയാളികൾ ഏറെക്കാലം കാത്തിരുന്ന ആ പ്രഖ്യാപനമുണ്ടായത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. മലബാർ സ്പെഷൽ പൊലീസിന്റെ (എംഎസ്പി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കേരള പൊലീസ് ഫുട്ബോൾ അക്കാദമി എന്നു പേരിട്ടിരിക്കുന്ന പരിശീലന സംവിധാനത്തിന്റെ തുടക്കം. അക്കാദമിയുടെ പ്രഥമ ഡയറക്ടറായി നിയുക്തനായ പ്രശസ്ത ഫുട്ബോൾ താരം ഐ.എം.വിജയൻ പൊലീസ് ഫുട്ബോൾ അക്കാദമിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുന്നു...
∙ നേരത്തേ വരേണ്ടിയിരുന്ന ഒന്നാണ് കേരള പൊലീസിന്റെ നേതൃത്വത്തിൽ ഒരു ഫുട്ബോൾ അക്കാദമി. എന്തുകൊണ്ടാണിത്ര വൈകിയത്?
കുറച്ച് ലേറ്റായാലെന്താ ലേറ്റസ്റ്റായല്ലേ അക്കാദമി വന്നത്. പത്താം മിനിറ്റിലടിക്കുന്ന ഗോളിനെക്കാളും ചിലപ്പോൾ ഗുണകരമാവുക ലാസ്റ്റ് മിനിറ്റിലടിക്കുന്ന ഗോളായിരിക്കും. പ്രഫഷനൽ ഫുട്ബോളും സൂപ്പർ ലീഗുമൊക്കെ തിളങ്ങി നിൽക്കുന്ന ഈ കാലത്തുതന്നെയാണ് ഈ അക്കാദമി വരേണ്ടിയിരുന്നത് എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതു വരികയും ചെയ്തു.
പൊലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമി വരണമെന്ന് തീരുമാനമെടുക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഡിജിപി ലോക്നാഥ് ബെഹ്റ സർ, എഡിജിപിമാരായ പത്മകുമാർ സർ, മനോജ് ഏബ്രഹാം സർ, എംഎസ്പി കമൻഡാന്റ് അബ്ദുൽ കരീം സർ എന്നിവരെ പ്രത്യേകം ഓർക്കാതെ വയ്യ. വരും നാളുകളിൽ ഈ ഫുട്ബോൾ അക്കാദമി കേരളത്തിൽ ക്ലിക്കാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
∙ നിലവിൽത്തന്നെ ഒട്ടേറെ ഫുട്ബോൾ അക്കാദമികൾ കേരളത്തിലുണ്ട്, ഏതുകാര്യത്തിലാണ് പൊലീസ് ഫുട്ബോൾ അക്കാദമി വ്യത്യസ്തമാകുന്നത്?
പല അക്കാദമികളും വരുന്നതും പോകുന്നതുമൊന്നും അറിയാറേയില്ല. വന്നതിനെക്കാൾ വേഗത്തിലാണ് പലതും കളം വിടുന്നത്. കൃത്യമായ ചട്ടക്കൂടോ അതിനുവേണ്ട ആൾബലമോ സംവിധാനമോ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പൊലീസ് ഫുട്ബോൾ അക്കാദമിയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല. എംഎസ്പി കമൻഡാന്റ് കൺവീനറായ സമിതിയാണ് മേൽനോട്ടം.
കേരള പൊലീസ് സ്പോർട്സ് ആൻഡ് വെൽഫെയർ സൊസൈറ്റിക്കാണ് അക്കാദമിയുടെ സംഘാടനച്ചുമതല. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന യു.ഷറഫലി ഉൾപ്പെടെ കേരള പൊലീസിലെത്തന്നെ മികച്ച താരങ്ങളും മറ്റു പ്രശസ്ത പന്തുകളിക്കാരും ചേർന്ന സമിതി തയാറാക്കുന്ന പരിശീലന പരിപാടികളാണ് അക്കാദമിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഗാലറിയിലിരുന്നവരല്ല, ദേശീയ, രാജ്യാന്തരവേദികളിൽ കളിച്ചുശീലമുള്ളവർ തന്നെയാണ് ഭാവിതാരങ്ങളെ നയിക്കാനുള്ളതെന്നർഥം.
∙ ആർക്കൊക്കെയാണ് പരിശീലനം, എന്താണ് ലക്ഷ്യം?
നാളെ രാവിലെയൊരു സൂപ്പർ ഫുട്ബോൾ ടീമിനെയുണ്ടാക്കുകയല്ല പ്രധാന ലക്ഷ്യം. പ്രതിഭകളെ ചെറുപ്രായത്തിൽത്തന്നെ കണ്ടെത്തി, മികച്ച താരങ്ങളാവാൻ അവരെ പ്രാപ്തരാക്കുന്ന തരത്തിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 13, 15, 18 എന്നീ പ്രായവിഭാഗങ്ങളിലുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിലൂടെ ഭാവിയിലെ താരങ്ങളെ സൃഷ്ടിക്കലാണ് അക്കാദമിയുടെ ലക്ഷ്യം. ചെറിയ ടൂർണമെന്റ് ടീമുകളിലല്ല, ഇന്ത്യൻ ടീമിലും സംസ്ഥാന ടീമിലും പൊലീസ് അക്കാദമിയിൽനിന്നുള്ള താരങ്ങൾ ഭാവിയിലുണ്ടാവും. കേരളത്തിന്റെ ഫുട്ബോൾ ഫാക്ടറിയായി പൊലീസ് അക്കാദമി മാറുമെന്നു തന്നെയാണ് പ്രതീക്ഷ.
∙ സൗകര്യങ്ങൾ, സംവിധാനങ്ങൾ ?
ഫുൾ പാക്കേജാണ് പരിപാടി. ആഴ്ചയിൽ രണ്ടു ദിവസം കോച്ചിങ് കൊടുത്തിട്ട് ആരെയും ഒരു സൂപ്പർതാരമാക്കാൻ പറ്റില്ല. ദിവസവും രണ്ടുനേരം പരിശീലനം വേണം. അതിനുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസം, വിദ്യാഭ്യാസം എന്നിവയെല്ലാം സൗജന്യമായിരിക്കും.
ആദ്യഘട്ടത്തിൽ 13, 15, 18 പ്രായവിഭാഗങ്ങളിലായി 25 വീതം കുട്ടികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനുള്ള സിലക്ഷൻ ട്രയൽസ് ഏപ്രിലിൽ നടക്കും. നിലവിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്ന 30 കുട്ടികൾ ഉൾപ്പെടെയുള്ള 75 കുട്ടികളെ അക്കാദമിക്കു കീഴിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. മേയ് മുതൽ പരിശീലനം തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.
അക്കാദമിയുടെ ഹോം ഗ്രൗണ്ട് മലപ്പുറത്ത്, എന്തു തോന്നുന്നു?
∙ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ പറ്റിയ ഇതിലും നല്ലൊരു സ്ഥലമുണ്ടോ? കേരള ഫുട്ബോളിന്റെ തലസ്ഥാനമല്ലേ മലപ്പുറം. ഞാൻ ആദ്യമായി പൊലീസ് ടീമിനു വേണ്ടി കളിച്ചത് മലപ്പുറത്താണ്. കേരള കൗമുദി ട്രോഫിക്കു വേണ്ടിയുള്ള ടൂർണമെന്റിലെ പ്രോമിസിങ് പ്ലെയറായി ഞാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വളരെയേറെ നല്ല ഓർമകൾ മലപ്പുറത്തെക്കുറിച്ചുണ്ട്. ഇനിയുമേറെ സ്വരൂപിക്കാൻ അക്കാദമി പ്രവർത്തനങ്ങളുമായി ഞാൻ അങ്ങോട്ടേക്കു തന്നെയാണ്.
English Summary: IM Vijayan Interview on Police Football Academy