ADVERTISEMENT

പട്ടാമ്പിക്കടുത്തു കൊപ്പം എറയൂർകുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുത്തൻ നാമ്പുകൾക്കു വളരാൻ കളമൊരുങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെത്തന്നെ മികച്ച അക്കാദമികളിലൊന്നായ അൾട്ടിയസ് ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമി (ഐഫ) കിക്കോഫിനു കാത്തിരിക്കയാണ്. വിശാലമായ കളിക്കളങ്ങൾ നഗരവൽക്കരണം മൂലം കൈമോശം വന്ന നമുക്ക് അഞ്ചര ഏക്കറിൽ ഫുട്ബോളിനു മാത്രമായി ഒരുക്കിയിരിക്കുന്ന പുൽമൈതാനങ്ങൾ അത്ഭുതമാണ്. 100 കുട്ടികൾക്കു താമസിച്ചു പഠിക്കാവുന്ന ഹോസ്റ്റലും ജിംനേഷ്യവും യോഗാ സെന്ററും ഡ്രസ്സിങ് റൂമും മറ്റും ഉൾപ്പെട്ടതാണ് ഐഫ.

കായികാധ്യാപകനും സി ലെവൽ ഫുട്ബോൾ പരിശീലകനുമായ സി.ഷൗക്കത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ 34 പേരും ചേർന്നാണു വൻ മുതൽമുടക്കുള്ള അക്കാദമി യാഥാർഥ്യമാക്കിയത്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ പാലൂർ സ്വാദേശിയാണു ഷൗക്കത്ത്. ഫുട്ബോളിന്റെ ഉന്നമനം മാത്രം ലക്ഷ്യമിടുന്ന പദ്ധതി സാമ്പത്തിക നേട്ടം മുന്നിൽക്കാണുന്നില്ല. 

കുരുന്നിലേ പിടികൂടുക

ഗ്രാസ്റൂട്ട് ലെവൽ പരിശീലനത്തിനാണ് ഐഫയിൽ പ്രാധാന്യം. 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സിലബസ് അനുസരിച്ചു പരിശീലനം. കുട്ടികളെ 12 വയസ്സാകുമ്പോഴേക്കും സമ്പൂർണ ടീമായി മാറ്റുകയാണു ലക്ഷ്യം. പരിശീലനം കഴിയുമ്പോഴേക്കും വലിയ മൈതാനത്ത് 11 പേർ വീതമുള്ള ടീമുകളായി മത്സരിക്കാനുള്ള കരുത്ത് ഇവർ നേടിയിരിക്കും. തുടർന്ന് ഇവർക്കു മികച്ച ക്ലബ്ബുകളിലേക്കോ ടീമുകളിലേക്കോ ചേക്കേറാം.

റസിഡൻഷ്യൽ അക്കാദമി

ഫുട്ബോൾ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് ഐഫ ലക്ഷ്യമിടുന്നത്. റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങളിലാണു പ്രവേശനം. 100 കുട്ടികളെ താമസിപ്പിച്ചു പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു നേരവും പരിശീലനം. ഇവർക്കു പഠിക്കാൻ സമീപത്തെ മികച്ച വിദ്യാലയങ്ങളിൽ സൗകര്യമൊരുക്കും. കേരള സിലബസ് പഠിക്കുന്ന വിദ്യാർഥികൾക്കായി കൊപ്പം ഗവ.ഹയർ സെക്കൻഡറി സ്കൂളുമായി ധാരണയിലെത്തിയിട്ടുണ്ട്. സിബിഎസ്ഇ സ്കൂൾ വൈകാതെ തീരുമാനമാകും. നേപ്പാൾ, ഡൽഹി, യുപി, കൊൽക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് അന്വേഷണങ്ങൾ ഉണ്ട്.

നോൺ റസിഡൻഷ്യൽ വിഭാഗത്തിൽ അഞ്ചു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കാണു പരിശീലനം. പെൺകുട്ടികളുടെ ബാച്ചും ഉണ്ടാകും. റസിഡൻഷ്യൻ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങളിലായി 260 പേരെ പരിശീലിപ്പിക്കാനുള്ള സൗകര്യമിവിടെയുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇൻസ്ട്രക്ടർ സി.എം.ദീപക്കാണു ടെക്നിക്കൽ ഡയറക്ടർ. ഉഗാണ്ടക്കാരനായ ഹക്കിം സെയ് തങ്ഹോയാണു മുഖ്യപരിശീലകൻ.

മൂന്നു പുൽമൈതാനങ്ങൾ

രാജ്യാന്തര നിലവാരമുള്ള മൂന്നു മൈതാനങ്ങളാണ് അൾട്ടിയസ് അക്കാദമിയിൽ പച്ചപുതച്ചു കിടക്കുന്നത്. 105 മീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള പ്രധാന കളിക്കളം. (ഇലവൻസ്). 55 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള സെവൻസ് മൈതാനം. 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഫൈവ്സ് മൈതാനം. മൈതാനത്തിന്റെ പരിപാലനമാണ് ഏറെ ശ്രമകരം. പുല്ല് നിശ്ചിത ഇടവേളകളിൽ വെട്ടി നിർത്തണം. കൃത്യമായി നനയ്ക്കണം. 50,000 ലീറ്ററിന്റെ വലിയ ഭൂഗർഭ ടാങ്കാണു നനയ്ക്കാൻ ഒരുക്കിയിരിക്കുന്നത്. 38 ഓട്ടമാറ്റിക് സ്പ്രിങ്ഗ്ലറുകളും. 

കേരളത്തിൽ വേണ്ടത്ര സൗകര്യമുള്ള ഫുട്ബോൾ അക്കാദമികളില്ലെന്ന യാഥാർഥ്യമാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ചു ചിന്തിക്കാൻ ഷൗക്കത്തിനെ പ്രേരിപ്പിച്ചത്. ലക്ഷങ്ങൾ ചെലവുള്ള വൻ അക്കാദമികളെ ആശ്രയിക്കാൻ സാധാരണക്കാരന്റെ മക്കൾക്കാവില്ല. അവരെ കണ്ടെത്തി മികച്ച പരിശീലനം നൽകി ഭാവിയിലെ താരങ്ങളാക്കുക എന്നതാണ് അൾട്ടിയസിന്റെ ലക്ഷ്യം. മിതമായ ചെലവിൽ മികച്ച പരിശീലനം എന്നതാണ് ഐഫയുടെ മുദ്രാവാക്യം. 

ഉദ്ഘാടനം 24ന്

അൾട്ടിയസ് ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമി (ഐഫ) 24ന് ഉദ്ഘാടനം ചെയ്യും. അണ്ടർ 13, 15, 18 ബാച്ചുകളിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 14നും ഏപ്രിൽ 3, 4 തീയതികളിലും ഐഫയിൽ നടക്കും. താൽപര്യമുള്ളവർ www.aifainstitute.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. താമസം, പരിശീലനം, ഭക്ഷണം, ഇൻഷുറൻസ്, വിദ്യാഭ്യാസം എന്നിവ ലഭിക്കും. ഫോൺ: 9544177179.

English Summary : AIFA Institute

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com