ADVERTISEMENT

ലണ്ടൻ ∙ 19–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി; 33–ാം മിനിറ്റിൽ എതിരാളികളും ആരാധകരും ഒരു പോലെ അമ്പരന്നു പോയൊരു ‘റബോണ ഗോൾ’; 76–ാം മിനിറ്റിൽ ചുവപ്പു കാർഡ്! ഒരു മണിക്കൂർ സമയം കൊണ്ട് അർജന്റീനക്കാരൻ എറിക് ലമേല ടോട്ടനം–ആർസനൽ മത്സരം സ്വന്തം പേരിലെഴുതി. മത്സരം ആർസനൽ 2–1നു ജയിച്ചെങ്കിലും ഫുട്ബോൾ പ്രേമികൾ വീണ്ടും വീണ്ടും കാണുന്നത് ടോട്ടനം താരം ലമേലയുടെ ആ ഉജ്വല ഗോളാണ്. കളി അര മണിക്കൂറായപ്പോൾ ആർസനൽ ബോക്സിനുള്ളിൽ നിന്നായിരുന്നു ലമേലയുടെ മാജിക്. ലൂക്കാസ് മൗറയുടെ പാസ് സ്വീകരിച്ച ലമേല വലംകാലിനെ ചുറ്റി ഇടംകാൽ കൊണ്ട് പായിച്ച ‘കൺകെട്ട് ഷോട്ടിൽ’ ആർസനൽ ഡിഫൻഡർമാരും ഗോൾകീപ്പറും നിഷ്പ്രഭരായി. 76–ാം മിനിറ്റിൽ 2–ാം മഞ്ഞക്കാർഡ് കണ്ടാണ് ലമേല പുറത്തു പോയത്. മാർട്ടിൻ ഒഡെഗാർഡ് (44’), അലക്സാന്ദ്രെ ലകാസെറ്റെ (64’–പെനൽറ്റി) എന്നിവരുടെ ഗോളിലാണ് ആർസനൽ ജയിച്ചത്.

എന്താണ് റബോണ ഗോൾ

ഒരു കാൽ മറ്റൊന്നിന് വട്ടംചുറ്റി അടിക്കുന്ന ഷോട്ടാണ് റബോണ. അതായത് ഒരു കാൽ മുന്നിൽ വച്ച് മറുകാൽകൊണ്ട് ഷോട്ടെടുക്കുന്ന തന്ത്രം. അതീവ ദുഷ്കരമാണെങ്കിലും എതിർ ടീം കളിക്കാരെ കൺകെട്ടുവിദ്യ പോലെ കബളിപ്പിക്കാനാകും എന്നതാണ് റബോണ കൊണ്ടുള്ള ഗുണം. റബോ എന്നാൽ സ്പാനിഷ് ഭാഷയിൽ വാൽ എന്നാണർഥം. പശു കാലിൽ വാലുചുറ്റുന്നതു പോലെയാണ് ഈ ഷോട്ടെന്നതിനാൽ ആ പേരു വീണു. പെലെ മുതൽ ഏയ്ഞ്ചൽ ഡി മരിയ വരെയുള്ള കളിക്കാർ റബോണ ഷോട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ലമേല തന്നെ മുൻപും റബോണ ഗോൾ നേടിയിട്ടുണ്ട്.

ലെസ്റ്റർ–യുണൈറ്റഡ് പോര് !

മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും ജയിച്ചതോടെ പ്രീമിയർ ലീഗിലെ 2–ാം സ്ഥാനപ്പോരാട്ടം കടുപ്പമായി. വെസ്റ്റ് ഹാമിനെ 1–0നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് 57 പോയിന്റ്. ഷെഫീൽഡ് യുണൈറ്റഡിനെ 5–0നു തകർത്ത ലെസ്റ്ററിന് 56 പോയിന്റ്. വെസ്റ്റ് ഹാം താരം ക്രെയ്ഗ് ഡോസന്റെ സെൽഫ് ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ിനെ രക്ഷിച്ചത്. ഷെഫീൽഡിനെതിരെ ലെസ്റ്ററിനു വേണ്ടി കെലെച്ചി ഇയനാച്ചോ ഹാട്രിക് നേടി. അയോസെ പെരസും ഗോളടിച്ചു. ഷെഫീൽഡ് താരം ഏഥൻ അംപദുവിന്റെ സെൽഫ് ഗോൾ ലെസ്റ്ററിന്റെ വമ്പൻ ജയം പൂർത്തിയാക്കി. ഫുൾഹാമിനെ 3–0നു തകർത്ത മാഞ്ചസ്റ്റർ സിറ്റി 14 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. ലീഗ് പോയിന്റ് നില: 1) മാൻ. സിറ്റി– 30 കളി, 71 പോയിന്റ് 2) മാൻ.യുണൈറ്റഡ്–29,57 3) ലെസ്റ്റർ സിറ്റി–29,56 4) ചെൽസി–29,51 5)വെസ്റ്റ് ഹാം–28,48.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com