ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസിന്റെ ഏഴാം നമ്പർ താരത്തിന് എതിർ ടീമിന്റെ ഹാഫിലെ ഇടതുവിങ്ങിൽ വച്ച് ഒരു ലോങ് പാസ് ലഭിച്ചാൽ അദ്ദേഹം എങ്ങനെയാകും പിന്നീടുള്ള നീക്കങ്ങൾ നടത്തുകയെന്ന് അറിയാമോ..? ഇതെന്തു ചോദ്യമെന്നു പറയാൻ വരട്ടെ. ഗോകുലം കേരള എഫ്സിയുടെ ഇറ്റാലിയൻ കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസേയോടു ചോദിച്ചാൽ ഇതിനുത്തരം കിട്ടും. എതിരാളികളുടെ കളി അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശേഷം അതനുസരിച്ചാണ് വിഞ്ചെൻസോ ഓരോ മത്സരത്തിനായും തന്റെ ടീമിനെ സജ്ജമാക്കിയിരുന്നത്. ഗോകുലം താരങ്ങൾ എതിരാളികളുടെ പ്രതിരോധനിരയെ കീറിമുറിച്ച് ഐ ലീഗിൽ 31 ഗോളുകൾ അടിച്ചുകൂട്ടാനുള്ള കാരണവും ഇതുതന്നെ.

നാലു മാസത്തെ ബയോ ബബിളിനും സമ്മർദം നിറഞ്ഞ സീസണും ശേഷം ഐ ലീഗ് കിരീടവുമായി കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ  കുറച്ചുനാൾ വിശ്രമിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയൊക്കെ ഒന്നു ചുറ്റിയടിച്ചു കാണാനാണ് അദ്ദേഹത്തിന്റെ പദ്ധതി. കിരീടവിജയത്തെക്കുറിച്ചും ടീമിനെക്കുറിച്ചും വിഞ്ചെൻസോ സംസാരിക്കുന്നു.

∙ ട്രാവുവിനെതിരായ അവസാന മത്സരത്തിൽ 70–ാം മിനിറ്റ് വരെ ഗോകുലം ഒരു ഗോളിനു പിന്നിലായിരുന്നു. എന്തായിരുന്നു മനസ്സിൽ?

ട്രാവു പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. പക്ഷേ എപ്പോഴെങ്കിലും എന്റെ കളിക്കാർ അതു ഭേദിക്കുമെന്നു എനിക്കു വിശ്വാസമുണ്ടായിരുന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോൾ എനിക്കും സമ്മർദമുണ്ടായിരുന്നു എന്നതാണ് സത്യം. എതിരാളികളുടെ ഒരു പിഴവ് മുതലാക്കാൻ സാധിച്ചാൽ വിജയിക്കാൻ സാധിക്കും. ഒടുവിൽ ഷെരീഫ് തുടക്കമിട്ടു. 10 മിനിറ്റിനുള്ളിൽ 3 ഗോളുകൾ അടിക്കുകയും ചെയ്തു.

∙ ഐ ലീഗിൽ ഏറ്റവും ഓർത്തുവയ്ക്കുന്ന അനുഭവം?

രണ്ടാം റൗണ്ടിൽ പഞ്ചാബ് എഫ്സിക്കെതിരെയുള്ള വിജയം. പഞ്ചാബിന്റെ പ്രതിരോധനിര വളരെ ശക്തമായിരുന്നു. ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഇരു ടീമുകൾക്കും അടിക്കാൻ സാധിച്ചില്ല. നമുക്ക് വിജയം അനിവാര്യമായ കളിയുമായിരുന്നു അത്. ഒടുവിൽ ഡെന്നിസ് അഗ്യാരെ പെനൽറ്റിയിലൂടെയാണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. 

∙ ലീഗ് നിലവാരത്തെക്കുറിച്ച്? 

ദേശീയ ടീമിൽ വരെ ഇടം കണ്ടെത്താൻ സാധിക്കുന്ന നിലവാരമുള്ള കളിക്കാരാണ് ഐ ലീഗിൽ കളിക്കുന്നത്. എമിൽ ബെന്നിയും ട്രാവു എഫ്സിയുടെ വിദ്യാസാഗർ സിങ്ങും ഉദാഹരണം. പക്ഷേ, തന്ത്രങ്ങളൊരുക്കുന്നതിലും അതു നടപ്പാക്കുന്നതിലും ഇന്ത്യയിലെ ക്ലബ്ബുകൾ പിറകിലാണ്. താരങ്ങൾക്കു മികച്ച പരിശീലനം ലഭിക്കാത്തതിന്റെ കുറവുമുണ്ട്.

∙ ആക്രമണശൈലിയുടെ വക്താവാണല്ലോ

മൈതാനത്തുള്ള എല്ലാവരും സദാസമയവും ആക്രമണോത്സുകരായിരിയിക്കണം. ലീഗിലുടനീളം 4–4–3 ഫോർമേഷനിൽ കളിച്ചതു നമ്മൾ മാത്രമാണ്. അതു ഫലം കാണുകയും ചെയ്തു. 10 പേരാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. മറ്റൊരു ടീമിലും ഇത്രയധികം പേർ ഗോൾ നേടിയിട്ടുണ്ടാകില്ല.

∙ ഇറ്റാലിയൻ ഫസ്റ്റഡിവിഷൻ ലീഗായ സിരി എയിൽ കളിച്ചതിനെക്കുറിച്ച്

26 വയസ്സ് വരെ മാത്രമേ അതു നീണ്ടുള്ളൂ. പിന്നീട് തുടർച്ചയായി പരുക്കുകൾ പറ്റി. കളിയിൽ കൂടുതൽ ശോഭിക്കാനാകില്ല എന്നു തോന്നിയതോടെ പരിശീലനത്തിലേക്കു തിരിഞ്ഞു. അതിൽ ഞാൻ വിജയിക്കുന്നുണ്ടെന്നാണു വിശ്വാസം. ലോകമെമ്പാടുമുള്ള പരിശീലകരെ ഞാൻ പിന്തുടരുന്നുണ്ട്. ഇന്റർമിലാൻ കോച്ച് അന്റോണിയോ കോന്റെയാണു ഫേവറൈറ്റ്. ഫുട്ബോളാണ് എന്റെ ജീവിതം. ഇന്ത്യൻ താരങ്ങളെയുൾപ്പെടെ ലോകമെമ്പാടുമുള്ള താരങ്ങളെയും പരിശീലകരെയും ഞാൻ നിരീക്ഷിക്കാറുണ്ട്.

∙ എഎഫ്സി കപ്പിനുള്ള പദ്ധതികൾ

റെക്കോർഡുകളെ ഞാൻ സ്നേഹിക്കുന്നു. എഎഫ്സി കപ്പിലും അതിനായി ശ്രമിക്കും. എഎഫ്സി കപ്പിൽ ഇപ്പോഴുള്ള ടീമിലെ ഭൂരിഭാഗം ആളുകളും തുടരും. ഏഷ്യൻ നിലവാരത്തിലേക്കു ടീമിനെ സജ്ജമാക്കണം. കപ്പ് നേടുമെന്നുള്ള അമിതാത്മവിശ്വാസമൊന്നും ഇപ്പോൾ ഞാൻ പ്രകടിപ്പിക്കുന്നില്ല. പക്ഷേ, എഎഫ്സി കപ്പിൽ ഇതുവരെ ഒരു ഇന്ത്യൻ ക്ലബ്ബും ഇതുവരെ എത്താത്ത ഘട്ടത്തിലേക്ക് ഞങ്ങളെത്തും. 

∙ ആദ്യമായാണല്ലോ ഇന്ത്യയിലേക്ക്. എങ്ങനെയുണ്ട് അനുഭവം

കൊൽക്കത്തയിലായിരുന്നു ഭൂരിഭാഗം സമയവും. അതും ഹോട്ടൽ മുറിയും ട്രെയിനിങ്ങും മാത്രമായി ബയോബബിളിൽ ഒതുങ്ങി. കേരളത്തിലും കൊൽക്കത്തയിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും ഇറ്റലിയിൽ നിന്നു വ്യത്യസ്തമായ രീതികളും ക്യാംപെയ്നുമാണെന്നും മനസ്സിലായി. വിദേശികളെ അതിഥികളെപ്പോലെ സ്വീകരിക്കാൻ ഇവിടുത്തെ നാട്ടുകാർക്കറിയാം എന്നതാണു മറ്റു സ്ഥലങ്ങളിൽ നിന്നു കേരളത്തിനുള്ള വ്യത്യാസം.

English Summary: Interview with Gokulam Kerala FC head coach Vincenzo Alberto Annese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com