ADVERTISEMENT

ലണ്ടൻ ∙ ചെൽസി ആരാധകരുടെ സങ്കടം തീർത്താൽ തീരില്ല; തുടർ ജയങ്ങൾക്കൊടുവിൽ വന്നത് ഒന്നൊന്നര തോൽവിയായിപ്പോയി. തരംതാഴ്ത്തൽ ഭീഷണിയിൽ നിൽക്കുന്ന വെസ്ബ്രോംവിച്ച് ആൽബിയോനാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നീലപ്പടയെ 5–2 ന് അട്ടിമറിച്ചത്. പരിശീലകൻ തോമസ് ടൂഹലിനു കീഴിൽ ചെൽസിയുടെ ആദ്യ തോൽവി. സ്വന്തം സ്റ്റേ‍ഡിയത്തിലെ തോൽവി ചെൽസിയുടെ ചാംപ്യൻസ് ലീഗ് ബെർത്ത് മോഹങ്ങൾക്കു തിരിച്ചടിയാവുകയും ചെയ്തു. 30 കളികളിൽ 51 പോയിന്റുമായി 4–ാം സ്ഥാനത്തുള്ള ചെൽസിയെ തങ്ങളുടെ അടുത്ത മത്സരം ജയിച്ചാൽ വെസ്റ്റ്ഹാമിനും ടോട്ടനത്തിനും പിന്നിലാക്കാം.

തുടർച്ചയായ 8–ാം മത്സരത്തിലും ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് എന്ന നേട്ടം മനസ്സിലിട്ട് ഇറങ്ങിയ ചെൽസിക്ക് 29–ാം മിനിറ്റിൽ ഡിഫൻഡർ തിയാഗോ സിൽവയെ നഷ്ടമായതാണു തിരിച്ചടിയായത്. 2–ാം മഞ്ഞക്കാർഡ് കണ്ട് ബ്രസീലിയൻ താരം പുറത്തു പോവുകയായിരുന്നു. 2 മിനിറ്റ് മുൻപ് ക്രിസ്റ്റ്യൻ പുലസിച്ചിന്റെ ഗോളിൽ ചെൽസി ലീഡ് എടുത്തിരുന്നെങ്കിലും പിന്നീടു വെസ്ബ്രോം നിറഞ്ഞാടി.

ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ തുടരെ 2 ഗോൾ നേടി മാത്യൂസ് പെരേര ആതിഥേയർക്ക് അപായസൂചന നൽകി. 2–ാം പകുതിയിൽ 5 മിനിറ്റിന്റെ ഇടവേളയിൽ കല്ലം റോബിൻസണും എംബായെ ദയാനെയും ഗോളടിച്ചതോടെ വെസ്ബ്രോം 4–1നു മുന്നിൽ. 71–ാം മിനിറ്റിൽ ഒരു ഗോൾ കൂടി മടക്കി മേസൻ മൗണ്ട് ചെൽസിക്കു പ്രതീക്ഷ നൽകിയെങ്കിലും ഇൻജറി ടൈമിൽ റോബിൻസൻ 2–ാം ഗോൾ നേടി വെസ്ബ്രോമിന്റെ ജയം പൂർത്തിയാക്കി.

English Summary: English Premier League 2021 - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com