ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആരാധകരുടെ ‘കളി’ തുടരുന്നു. ആരാധകർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡ് കയ്യേറിയതിനെത്തുടർന്ന് ഞായറാഴ്ച രാത്രി നടക്കേണ്ടിയിരുന്ന യുണൈറ്റഡ്–ലിവർപൂൾ മത്സരം മാറ്റിവച്ചു.

ക്ലബ് ഉടമകളായ ഗ്ലെയ്സർ കുടുംബത്തിനെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണു നൂറുകണക്കിന് ആരാധകർ മൈതാനത്തേക്കു കയറിയത്. ഇതോടെ ടീമുകളോടു ഹോട്ടലിൽ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചു. കിക്കോഫ് സമയം പിന്നിട്ട് ഒരു മണിക്കൂറിനു ശേഷം മത്സരം മാറ്റിവച്ചതായി അറിയിക്കുകയും ചെയ്തു.

കോവിഡ് മൂലം കാണികൾക്കു പ്രവേശനമില്ലാതെയാണു കളി നിശ്ചയിച്ചിരുന്നത്. യുണൈറ്റഡ് ടീം താമസിച്ചിരുന്ന ലൗറി ഹോട്ടലിനു മുന്നിലും ആരാധകർ പ്രതിഷേധവുമായെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 

അമേരിക്കൻ വ്യവസായി മാൽക്കം ഗ്ലെയ്സറിന്റെ നേതൃത്വത്തിലുള്ള കമ്പനി 2005ലാണു യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. 2014ൽ അദ്ദേഹത്തിന്റെ മരണശേഷം മക്കളായ ജോയലും അവ്റാമും ക്ലബിന്റെ സംയുക്ത ചെയർമാൻമാരായി.

ഗ്ലെയ്സർ കുടുംബത്തിന്റെ വാണിജ്യതാൽപര്യങ്ങൾക്കെതിരെ തുടക്കം മുതൽക്കേ ആരാധകപ്രതിഷേധമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനത്തോടെയാണ് ഇതു രൂക്ഷമായത്. യുവേഫ ചാംപ്യൻസ് ലീഗിനു ബദലായി 12 ക്ലബ്ബുകൾ ചേർന്നു രൂപീകരിച്ച സൂപ്പർ ലീഗിന്റെ ബുദ്ധികേന്ദ്രം ഗ്ലെയ്സർ സഹോദരൻമാരായിരുന്നു. വലിയ എതിർപ്പുകളെത്തുടർന്നു സൂപ്പർ ലീഗ് ഉപേക്ഷിച്ചെങ്കിലും യുണൈറ്റഡ് ആരാധകർ പ്രതിഷേധം തുടർന്നു. ജോയൽ ഗ്ലെയ്സർ ഇതിനു മാപ്പു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com