sections
MORE

മൂന്നാഴ്ചയ്ക്കിടെ ചെൽസിയോട് വീണ്ടും തോറ്റ് സിറ്റി; കിരീടമുറപ്പിക്കാൻ കാത്തിരിക്കണം!

hakim-ziyech-goal-celebration
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസിയുടെ ആദ്യഗോൾ നേടിയ ഹക്കിം സിയെച്ചിന്റെ (നടുവിൽ) ആഹ്ലാദം (ട്വിറ്റർ ചിത്രം)
SHARE

മാഞ്ചസ്റ്റർ∙ ജയിച്ചാൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസിക്കെതിരായ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ജയിച്ചുകയറിയത്. ഈ സീസണോടെ ടീം വിടുന്ന അർജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ പാഴാക്കിയ പെനൽറ്റിയാണ് അന്തിമ ഫലത്തിൽ സിറ്റിക്ക് തിരിച്ചടിയായത്. റഹിം സ്റ്റെർലിങ് 44–ാം മിനിറ്റിൽ നേടിയ ഗോളിൽ മുന്നിലെത്തിയ സിറ്റിയെ, ഹക്കിം സിയെച്ച് (64), മാർക്കോ അലോൻസോ (90+2) എന്നിവരുടെ ഗോളുകളിലാണ് ചെൽസി വീഴ്ത്തിയത്. ആദ്യപകുതിയുടെ ഇൻജറി ടൈമിലാണ് അഗ്യൂറോ പെനൽറ്റി പാഴാക്കിയത്.

തോറ്റെങ്കിലും 35 കളികളിൽനിന്ന് 80 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെൽസിയാകട്ടെ, 35 കളികളിൽനിന്ന് 64 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 33 മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി രണ്ടാമതും ലെസ്റ്റർ സിറ്റി 35 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി നാലാമതുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് 4–2ന് തോറ്റതാണ് ലെസ്റ്ററിന് തിരിച്ചടിയായത്.

ആദ്യപകുതിയിൽ കളംനിറഞ്ഞ് കളിച്ചതിന്റെ പ്രതിഫലമെന്നോണമാണ് റഹിം സ്റ്റെർലിങ്ങിലൂടെ 44–ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടിയത്. തൊട്ടുപിന്നാലെ ഗബ്രിയേൽ ജെസ്യൂസിനെ ബില്ലി ഗിൽമർ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിലൂടെ ലീഡ് ഉയർത്താൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചു. എന്നാൽ, പനേങ്കാ കിക്കിലൂടെ ഗോൾ നേടാനുള്ള സെർജിയോ അഗ്യൂറോയുടെ ശ്രമം ചെൽസി ഗോൾകീപ്പർ എഡ്‌വാർഡ് മെൻഡിയുടെ കൈകളിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ചെൽസി ഹക്കിം സിയെച്ചിലൂടെ ആദ്യ ഗോൾ നേടി. ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റയുടെ പാസിൽ സിയെച്ചിന്റെ ഇടംകാൽ ഷോട്ട് സിറ്റി വലയിൽ കയറി. മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെ ഇൻജറി ടൈമിൽ മാർക്കോ അലോൻസോ ചെൽസിക്ക് വിജയം സമ്മാനിച്ചു. ടിമോ വെർണറിന്റെ പാസിനെ മുന്നോട്ടുകയറിയെത്തിയ സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ തലയ്ക്കു മുകളിലൂടെയാണ് അലോൻസോ വലയിലെത്തിച്ചത്.

മൂന്ന് ആഴ്ചയ്ക്കിടെ സിറ്റിക്കെതിരെ ചെൽസിയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ മാസം വെംബ്ലി സ്റ്റേഡിയത്തിൽ എഫ്എ കപ്പ് സെമിയിൽ ചെൽസി സിറ്റിയെ വീഴ്ത്തിയിരുന്നു. മാത്രമല്ല, ഈ മാസം അവസാനം ഇസ്താംബൂളിൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയെ നേരിടുന്ന ചെൽസിക്ക് ആത്മവിശ്വാസം പകരുന്ന വിജയം കൂടിയാണ് ഇത്.

English Summary: Marcos Alonso and Hakim Ziyech make Manchester City wait as Chelsea win 2-1 to keep Premier League alive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA