ADVERTISEMENT

മാലെ∙ മാലദ്വീപിൽ പോയി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്‍സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‍സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ആവശ്യപ്പെട്ടു. ബെംഗളൂരു എഫ്‍സി ടീമിലെ താരങ്ങളിൽ ചിലർ മാലദ്വീപിലെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതാണ് വിവാദമായത്. ഇതോടെ, ടീം ഉടമ പാർഥ് ജിൻഡാൽ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി. എഎഫ്സി കപ്പ് പ്ലേ ഓഫിനു വേണ്ടിയാണ് ഇന്ത്യൻ താരം സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‍സി മാലദ്വീപിലെത്തിയത്.

ബെംഗളൂരു എഫ്‍സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉൾപ്പെടുന്ന മൂന്നു പേരാണ് മാലദ്വീപ് സർക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നാണ് വിവരം. ട്വിറ്ററിലൂടെ പരസ്യമായി മാപ്പുചോദിച്ച ടീം ഉടമ പാർഥ് ജിൻഡാലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

‘മാലെയിൽവച്ച് ടീമിലെ വിദേശ താരങ്ങളും സ്റ്റാഫും ഉൾപ്പെടെ മൂന്നുപേർക്കു സംഭവിച്ച ‘ക്ഷമയർഹിക്കാത്ത പ്രവർത്തി’ക്ക് ബെംഗളൂരു എഫ്‍സി ടീമിന്റെ പേരിൽ മാപ്പു ചോദിക്കുന്നു. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. എഎഫ്‍സി കപ്പിനു തന്നെ ഞങ്ങളുടെ പ്രവർത്തി മാനക്കേടായി എന്ന് മനസ്സിലാക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനൽകുന്നു’ – പാർഥ് ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ടീമംംഗങ്ങൾ ഏതു വിധത്തിലാണ് മാലദ്വീപിൽവച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമല്ല. എഎഫ്‍സി കപ്പ് യോഗ്യതാ മത്സരത്തിൽ മാലദ്വീപിലെ ക്ലബ് ഈഗിൾസിനെ നേരിടാൻ വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്‍സി മാലെയിലെത്തിയത്.

‘രാജ്യത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‍സിയുടെ പ്രവർത്തികൾ അംഗീകരിക്കാനാകില്ല. ഇത്തരം ചെയ്തികൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കാത്തതിനാൽ ബെംഗളൂരു എഫ്‍സി എത്രയും പെട്ടെന്ന് മാലദ്വീപ് വിടണം’ – അവിടുത്തെ ആരോഗ്യമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

‘മത്സരം നടത്താനാകില്ലെന്ന കാര്യം ഞങ്ങൾ മാലദ്വീപ് ഫുട്ബോൾ അസോസിയേഷനെ (എഫ്എഎം) അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്‍സിയെ ഇവിടെനിന്ന് തിരിച്ചയയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മാലദ്വീപ് ഫുട്ബോൾ അസോസിയേഷൻ വഴി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനുമായി (എഎഫ്‍സി) ബന്ധപ്പെടും’ – മഹ്‌ലൂഫ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചിട്ടും ജനവികാരം എതിരായിട്ടും മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപു നൽകിയ വാക്ക് പാലിക്കാനാണ് മാലദ്വീപ് ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഎഫ്സി കപ്പിന്റെ പ്ലേ ഓഫ് മത്സരവും ഗ്രൂപ്പ് ഡി മത്സരങ്ങളും ഇത്തവണ മാലദ്വീപിലാണ് നടക്കേണ്ടത്. കോവിഡ് വ്യാപനം പരിഗണിച്ച് ഒറ്റ വേദിയിൽ മത്സരം നടത്താൻ എഎഫ്‍സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ ഗ്രൂപ്പ് ഡി മത്സരങ്ങളും മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് വിവരം. ബെംഗളൂരു എഫ്‍സി – ക്ലബ് ഈഗിൾസ് പ്ലേ ഓഫ് മത്സരവിജയികളുമായി എടികെ മോഹൻ ബഗാൻ ഈ മാസം 14ന് ആദ്യ മത്സരം കളിക്കാനിരിക്കുകയാണ്. 

English Summary: Bengaluru FC asked to leave Maldives over Covid-19 protocol breach, owner Parth Jindal promises strict action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com