ADVERTISEMENT

ടൂറിൻ ∙ എസി മിലാനോട് 0–3ന് തോറ്റതോടെ യുവന്റസിന്റെ ചാംപ്യൻസ് സ്വപ്നങ്ങളും ആശങ്കയിൽ. ഇറ്റാലിയൻ ലീഗിൽ തുടരെ 9 തവണ കിരീടം നേടിയ ക്ലബ്ബിനാണ് ഇത്തവണ ആദ്യ 4 സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടാൻ പറ്റാത്ത അവസ്ഥ! മിലാനോടു തോറ്റതോടെ യുവന്റസ് പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തായി. ഇനി 3 മത്സരങ്ങൾ മാത്രമാണു ബാക്കി. യുവെയുടെ 9 വർഷത്തെ കുത്തക അവസാനിപ്പിച്ച് സീരി എ കിരീടം ഇന്റർ മിലാൻ കഴിഞ്ഞയാഴ്ച സ്വന്തമാക്കിയിരുന്നു. 

ബ്രാഹിം ഡയസ്, ആന്റെ റെബിച്, ഫികായോ ടോമോറി എന്നിവരാണ് എസി മിലാന്റെ ഗോളുകൾ നേടിയത്. ജയത്തോടെ 35 കളിയിൽ 72 പോയിന്റോടെ മിലാൻ 3–ാം സ്ഥാനത്തേക്കു കയറി. നാലാം സ്ഥാനത്തു നാപ്പോളി; 35 കളിയിൽ 70. യുവന്റസിന് 35 കളിയിൽ 69. ശേഷിക്കുന്ന 3 കളിയും ജയിച്ചാൽ മാത്രം പോര, നാപ്പോളി തോൽക്കുകയും കൂടി ചെയ്തെങ്കിലേ ഇനി യുവന്റസിനു പ്രതീക്ഷയുള്ളൂ. വർഷങ്ങൾക്കു ശേഷം ക്രിസ്റ്റ്യാനോയില്ലാത്ത യൂറോപ്യൻ ചാംപ്യൻഷിപ് അരങ്ങേറാനും സാധ്യതയുണ്ട്. 2003–04 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ മത്സരം കളിച്ചതിനു ശേഷം ഇതുവരെ എല്ലാ സീസണിലും പോർച്ചുഗീസ് താരം ചാംപ്യൻസ് ലീഗിൽ എത്തിയിട്ടുണ്ട്. 

English Summary: Juventus may miss next years champions league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com