ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനും ബാർസിലോനയ്ക്കും പിന്നാലെ റയൽ മഡ്രിഡിനും സമനില! ആദ്യ 3 സ്ഥാനക്കാർ തമ്മിൽ ആവേശകരമായ കിരീടപ്പോര് തുടരുന്ന ലീഗിൽ റയൽ നിർണായക മത്സരത്തിൽ സെവിയ്യയോടു 2–2 സമനില സമ്മതിച്ചു. ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു. ഫലമോ? ജയിച്ചിരുന്നെങ്കിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമായിരുന്ന റയൽ ഈയാഴ്ചയും 2–ാം സ്ഥാനത്തു തന്ന തുടരും! 3 കളികളാണ് ഇനി ബാക്കി. 35 കളികൾ പൂർത്തിയായപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ് (77) ഒന്നാം സ്ഥാനത്ത്. റയൽ (75), ബാർസിലോന (75) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

റയലിന്റെ ഗ്രൗണ്ടിൽ 22–ാം മിനിറ്റിൽ ബ്രസീലിയൻ ഫോർവേഡ് ഫെർണാണ്ടോയുടെ ഗോളിൽ സെവിയ്യ മുന്നിലെത്തി. 67–ാം മിനിറ്റിൽ മാർക്കോ അസ്സെൻസിയോയിലൂടെ റയൽ ഗോൾ മടക്കി. പിന്നീട് അരങ്ങേറിയതു നാടകീയ സംഭവങ്ങൾ. അതിവേഗനീക്കത്തിൽ സെവിയ്യ ഗോൾകീപ്പർ ബോണോയുടെ ഫൗളിൽ റയൽ താരം കരിം ബെൻസേമ വീണു. റഫറി പെനൽറ്റി നൽകിയെങ്കിലും പിന്നീടു വിഎആർ പരിശോധനയിലേക്ക്.

പരിശോധനയിൽ റയൽ ഡിഫൻഡർ എദർ മിലിറ്റാവോയുടെ ഹാൻഡ്ബോൾ ശ്രദ്ധയിൽപ്പെട്ടതോടെ പെനൽറ്റി സെവിയ്യയ്ക്ക് അനുകൂലമായി. ഇവാൻ റാകിട്ടിച്ച് കിക്ക് ലക്ഷ്യത്തിലെത്തിച്ചു. മനസ്സാന്നിധ്യം കൈവിടാതെ കളിച്ച റയൽ കളി തീരാൻ നേരത്ത് സമനില ഗോൾ നേടി. ടോണി ക്രൂസിന്റെ ഷോട്ട് സെവിയ്യ താരം ഡിയേഗോ കാർലോസിന്റെ ബൂട്ടിൽ തട്ടി വലയിൽ (2–2). ഇനിയുള്ള മത്സരങ്ങൾ മൂന്നും ജയിച്ചാൽ അത്‌ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം സ്വന്തമാക്കാം. 

അത്‌ലറ്റിക്കോ, ബാർസിലോന എന്നിവയ്ക്കെതിരെ കളിച്ചപ്പോൾ മികച്ച റെക്കോർഡുള്ള റയൽ മഡ്രിഡിന് അത്‌ലറ്റിക്കോ ഇനി ഒരു കളി തോറ്റെങ്കിൽ മാത്രമേ കിരീടപ്രതീക്ഷയുള്ളൂ. ബാർസയ്ക്ക് 3 കളിയും ജയിക്കുകയും റയലും അത്‌ലറ്റിക്കോയും തോൽക്കാൻ പ്രാർഥിക്കുകയും വേണം! 

ഇന്ന് രാത്രി (നാളെ പുലർച്ചെ) 1.30ന് ലെവാന്തെയെ നേരിടുന്ന ബാർസിലോനയ്ക്ക് കളി അത്യധികം നിർണായകമാണ്. 16ന് രാത്രി 10ന് സെൽറ്റ വിഗോ, 23ന് രാത്രി 9.30ന് ഐബർ എന്നിവയാണു ബാർസയുടെ മറ്റ് മത്സരങ്ങൾ. 13ന് രാത്രി (14നു പുലർച്ചെ) 1.30ന് ഗ്രനഡയ്ക്കെതിരെയാണ് റയലിന്റെ അടുത്ത കളി. 

12ന് രാത്രി (13നു പുലർച്ചെ) 1.30ന്  റയൽ സോസിദാദ്, 16നു രാത്രി 10ന് ഒസാസൂന, 23ന് രാത്രി 9.30ന് വല്ലദോലിദ് എന്നിവയ്ക്കെതിരെയാണ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ മത്സരങ്ങൾ.

English Summary: Real Madrid vs Sevilla match ends in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com