കേരളാ ബ്ലാസ്റ്റേഴ്സിന് ഏഴാം ജന്മദിനം; ‘ഉറപ്പുള്ള’ ടീമും കിരീടവും കാത്ത് ആരാധകർ

kbfc-goal-celebration
SHARE

കേരളത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങളിൽ മഞ്ഞക്കടൽ പരന്നൊഴുകി തുടങ്ങിയിട്ട് 7 വർഷങ്ങൾ പിന്നിട്ടു. കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബായി മാറിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രൂപീകരിച്ചത് 2014 മേയ് 27 ന് ആണ്.  ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പുതു ക്ലബ് ചാംപ്യൻഷിപ്പിനായി  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സഹ ഉടമയായി രൂപീകരിച്ച ക്ലബ്ബിന് അദ്ദേഹത്തിന്റെ വിളിപ്പേരായ മാസ്റ്റർ ബ്ലാസ്റ്ററിന്റെ പാതിയാണ് പേരായി തിരഞ്ഞെടുത്തത് - ബ്ലാസ്റ്റേഴ്സ്. ഉടമകൾ മാറി. സച്ചിൻ ടീം വിട്ടു. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പതാക കേരളത്തിന്റെ ആകാശത്ത് പാറിപ്പറക്കുന്നു. 

∙ തോറ്റ് തുടക്കം; തോൽക്കാതെ ആരാധകർ 

2014 ഒക്ടോബർ 13 ന് ഗുവാഹത്തിയിൽ ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റം. എന്നാൽ കേരളം തോറ്റില്ല. കേരളത്തിലെ ആരാധകർ തോറ്റില്ല. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും വലിയ കാണിക്കൂട്ടമായി ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പട മാറി. ആദ്യ സീസണിൽ തോറ്റ് തുടങ്ങിയെങ്കിലും ഫൈനൽ വരെ ബ്ലാസ്റ്റേഴ്സ് എത്തി, മൂന്നാം സീസണിലും ഫൈനൽ വരെ ടീം എത്തിയെങ്കിലും കിരീടം കയ്യകലത്തിൽ നഷ്ടപ്പെട്ടു.

2014 ലെ ആദ്യ സീസൺ ഐ എസ് എൽ അവസാനിച്ചപ്പോഴേക്കും ഒരു കാര്യം വീണ്ടും ഉറപ്പിച്ചു. ഇന്ത്യയിൽ ഫുട്ബോൾ ആവേശത്തിന്റെ മറുപേര് കേരളം തന്നെ. കുടുംബമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ ഒഴുകിയ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനത അത് ശരിവച്ചു. 

∙ കേരള ഫുട്ബോളിന്റെ മാറ്റം 

ഐ എസ് എൽ മാതൃകയിൽ ഫുട്ബോൾ ലീഗ് എന്ന ആശയവുമായാണ് നിത അംബാനി ചെയർപഴ്സനായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ ലിമിറ്റഡ് ഐ എസ് എൽ ആരംഭിക്കുന്നത്. 2014 ഒക്ടോബറിലായിരുന്നു ലീഗിന്റെ തുടക്കം. ഇതിനു മാസങ്ങൾക്കു മുൻപേ തയ്യാറെടുപ്പുകൾ പൂർത്തിയായി. കേരളത്തിലെ ഫുട്ബോൾ ആവേശം അറിയാവുന്നതു കൊണ്ടു തന്നെ ഏറ്റവും വിലപിടിപ്പുള്ള ടീം ഉടമയായ സച്ചിൻ തെൻഡുൽക്കർ കേരള ടീം സ്വന്തമാക്കി. കേരളത്തിന്റെ ഫുട്ബോൾ കാഴ്ചകൾക്ക് പുതുനിറം നൽകിയതാണ് ബ്ലാസ്റ്റേഴ്സിന്റെയും ഐ എസ് എല്ലിന്റെയും സംഭാവന.

രാജ്യാന്തര നിലവാരത്തിൽ മത്സരങ്ങൾ നേരിൽ കാണാൻ അവസരമുണ്ടായി. ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു സ്റ്റാർട്ടിങ് ബ്ലോക്ക് രക്ഷിതാക്കളിൽ വിട്ടൊഴിഞ്ഞു. മലയാളി താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിലും മറ്റ് ടീമുകളിലും അവസരങ്ങൾ ലഭിച്ചു. ക്രിക്കറ്റിന് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന മികച്ച സൗകര്യങ്ങൾ ഫുട്ബോളിലും  എത്തി. കേരളത്തിലെ ഗ്യാലറിയുടെ ശക്തി ലോക ഫുട്ബോളിനു മുന്നിലും എത്തി. ഇന്ത്യ ആതിഥ്യം വഹിച്ച 2017 ലെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്   വേദിയാകാൻ കൊച്ചി തിരഞ്ഞെടുത്തതും ഈ ഗാലറി പവർ തന്നെ. 

∙ ബ്ലാസ്റ്റേഴ്സിന്റെ മാറ്റം 

ഹൈദരാബാദിൽ നിന്നുള്ള ബിസിനസുകാരനായ പ്രസാദ് വി പൊട്ലൂരിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഉടമ. സച്ചിൻ തെൻഡുൽക്കർ സഹടമയുമായി. പിന്നീട് തെലുങ്ക് സിനിമാതാരം ചിരഞ്ജീവി, നിർമാതാവ് അല്ലു അരവിന്ദ്, ബിസിനസുകാരനായ നിമ്മഗഡെ പ്രസാദ് എന്നിവർ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ എത്തി. ഇവരുടെ ഉടമസ്ഥതയിലുള്ള മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇപ്പോൾ ക്ലബ്ബിന്റെ ഉടമകൾ. സച്ചിൻ തെൻഡുൽക്കറും തന്റെ ഓഹരി കൈമാറി. പ്രോ കബഡി ലീഗിൽ തമിഴ് തലൈവാസിന്റെ ഉടമകളാണ് മാഗ്നം സ്പോർട്സ്. 

∙ കിരീടത്തിലേക്ക് എത്താത്ത ടീം 

7 സീസണുകൾ പിന്നിട്ട ഐ എസ് എല്ലിൽ കിരീട നേട്ടത്തിലേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ആദ്യ സീസണിലും മൂന്നാം സീസണിലും നേടിയ രണ്ടാം സ്ഥാനമാണ് മികച്ച പ്രകടനം. ആദ്യ സീസണിൽ  സന്ദേശ് ജിങ്കാനും അഞ്ചാം സീസണിൽ സഹൽ അബ്ദുൽ സമദും യുവതാരങ്ങളുടെ ബഹുമതി നേടി. കോവിഡ് ക്രമീകരണത്തിൽ നടത്തിയ കഴിഞ്ഞ സീസണിൽ ഒഴികെ എല്ലാ വർഷവും ഗാലറിയിൽ എത്തിയ ആരാധകരുടെ എണ്ണത്തിൽ മുന്നിൽ നിന്നതും ബ്ലാസ്റ്റേഴ്സ് തന്നെ. ടീമിലും പരിശീലകരിലും സ്ഥിരത പുലർത്താനാകാത്തതാണ് ടീമിനെ പിന്നോട്ട് അടിക്കുന്നത്. പുതിയ സീസണിന് മുന്നൊരുക്കം നടത്തുന്ന ഈ സമയത്ത് ആരാധകർ ആഗ്രക്കുന്നതും സ്ഥിരതയുള്ള ടീമിനെ തന്നെ!

Content Highlights: Kerala Blasters FC, KBFC, ISL, Indian Super League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS