ADVERTISEMENT

‘എന്റെ മനസ്സ് ചെൽസിക്കൊപ്പം’– പറയുന്നതു ജർമനിയുടെ ഇതിഹാസതാരം ലോതർ മത്തേയസ്. ‘ജർമനിക്കാരായ 3 കളിക്കാരും കോച്ചും ചെൽസിയിലുണ്ട്. ജർമൻകാർ കപ്പുയർത്തുന്നതു കാണുമ്പോൾ ജർമൻകാരനായ ഞാൻ സന്തോഷിക്കേണ്ടേ?’ – മത്തേയസ് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു:

∙ സിറ്റിയിലും ജർമൻ കളിക്കാരനുണ്ടല്ലോ?

ശരിയാണ്. പക്ഷേ ഇന്നു രാത്രി ജർമൻ താരങ്ങളായ ടിമോ വെർണർ, കായ് ഹാവേർട്സ് എന്നിവർ ചെൽസിക്കു വേണ്ടി ഗോളടിക്കുമെന്ന് എന്റെ മനസ്സു പറയുന്നു.

∙ ഈ 2 താരങ്ങളുടെയും പ്രത്യേകത?

രണ്ടു പേരും ഗോൾവേട്ടക്കാരാണ്. യുവാക്കൾ. ടിമോ ലൈപ്സീഗിൽ നിന്നാണു ചെൽസിയിലേക്കു പോയത്. ബുദ്ധികൂർമതയുള്ള സ്ട്രൈക്കർ. 20 വർഷത്തിനിടെ ജർമനി കണ്ട ഏറ്റവും മികച്ച ഫുട്ബോൾ പ്രതിഭയാണു ഹാവേർട്സ്. 21 വയസ്സേയുള്ളൂ. ചെൽസിയിൽ തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മുൻ ക്ലബ് ലെവർക്യുസനിൽ കോച്ചും സ്പോർട്ടിങ് ഡയറക്ടറുമെല്ലാം ഹാവേർട്സിനെ സ്വന്തം കുഞ്ഞിനെയെന്നോണമാണു കൊണ്ടുനടന്നിരുന്നത്.

എന്നാൽ, ലണ്ടനിൽ ‘ബിസിനസ്’ വ്യത്യസ്തമാണ്. പ്രിമിയർ ലീഗിന്റേതായ ചില സവിശേഷതകളുണ്ട്. അവയ്ക്കൊപ്പം പൊരുത്തപ്പെടാൻ സമയമെടുത്തു. പക്ഷേ, പിന്നീട് അടിച്ചുകയറുകയായിരുന്നു.

∙ ഫുട്ബോൾ വിലയിരുത്തലിൽ ഏതു ടീമാണു നല്ലത്?

കഴിഞ്ഞ 4 മാസമായി തോമസ് ടൂഹലിനു കീഴിൽ ചെൽസി മെച്ചപ്പെട്ടു വരികയാണ്. മധ്യനിരയിൽ കൂടുതൽ ഒത്തിണക്കമുണ്ട്. നിലവാരമുള്ള 7 കളിക്കാരുടെ സാന്നിധ്യം അവിടെക്കാണാം. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രിമിയർ ലീഗ് കിരീടജയം ആധികാരികമായിരുന്നു. പോയിന്റ് പട്ടികയിൽ വ്യക്തമായ മുൻതൂക്കം അവർ നേടി. പക്ഷേ ഇന്നത്തേത് 50–50 ഗെയിമാണ്. സിറ്റി ‘ഫേവറിറ്റുകൾ’ അല്ല. അവർ ഗ്രേറ്റ് ടീമാണ്. എന്നാൽ, ചെൽസി ദുർബലരാണെന്നു കരുതല്ലേ. കഴിഞ്ഞ 2 കളിയിലും ചെൽസിക്കു മുൻപിൽ സിറ്റി പതറുന്നതു നാം കണ്ടതാണ്. 

∙ ആരാണു മികച്ച കോച്ച്? ഗ്വാർഡിയോളയോ ടൂഹലോ?

ഞാൻ രണ്ടു പേർക്കു കീഴിലും കളിച്ചിട്ടില്ല (ചിരി). പക്ഷേ, രണ്ടു പേരുമായും സംസാരിച്ചിട്ടുണ്ട്. പെപ് ഇടയ്ക്കെല്ലാം വിളിക്കും. വ്യക്തിപരമായി ഇരുവരെയും വിലയിരുത്താൻ ശ്രമിച്ചിട്ടില്ല. മികച്ച പരിശീലകരാണു രണ്ടുപേരും.

(1990ൽ ജർമനി ലോകകപ്പ് നേടുമ്പോൾ മത്തേയസ് ആയിരുന്നു ക്യാപ്റ്റൻ)

English Summary: Interview with Lothar Matthaus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com