sections
MORE

ക്ലബ് ഫുട്ബോളിലെ സൂപ്പർ സബുകൾ, ദേശീയ ടീമിലെ സൂപ്പർ താരങ്ങൾ

Football-players
സിമെ വ്രസാൽക്കോ, സിൻചെങ്കോ, ഗരെത് ബെയ്ൽ, ഒളിവർ ജിരൂദ്, ഷെർദാൻ ഷക്കീരി
SHARE

ക്ലബ് ഫുട്ബോളിൽ പലപ്പോഴും പകരക്കാരുടെ വേഷത്തിലാണെങ്കിലും ദേശീയ കുപ്പായത്തിൽ പകരം വയ്ക്കാനാളില്ലാത്ത ചില സൂപ്പർ താരങ്ങളുണ്ട്. ഈ യൂറോ കപ്പിലും അവരിൽ ചിലരെ കാണാം. സീസണിൽ കുറച്ചു മത്സരങ്ങൾ മാത്രം കളിച്ച ഇവർ ടീമുമായി എങ്ങനെ പൊരുത്തപ്പെടുമെന്നതിനെ ആശ്രയിച്ചാകും ചില ടീമുകളുടെ ടൂർണമെന്റിലെ മുന്നേറ്റം. 

∙ ഗരെത് ബെയ്ൽ 

രാജ്യം: വെയ്‌ൽസ് 

വയസ്സ്: 31 

1958 ഫിഫ ലോകകപ്പിനു ശേഷം ആദ്യമായി ഒരു മേജർ ടൂർണമെന്റ് കളിച്ചതിനു വെയ്‌ൽസിനു കടപ്പാട് ബെയ്‌ലിനോടാണ്. യോഗ്യതാ റൗണ്ടിൽ 7 ഗോളടിച്ച ബെയ്‌ലാണു വെയ്‌ൽസിനെ 2016 യൂറോയിലെത്തിച്ചത്. 3 ഗോളോടെ മുന്നേറ്റനിരയിൽ താരം മിന്നിക്കത്തിയപ്പോൾ ടീം സെമി വരെയെത്തി. പരിശീലകൻ സിനദിൻ സിദാനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നു 2019 മുതൽ റയൽ മഡ്രിഡിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരുന്നു. പഴയ ക്ലബ് ടോട്ടനത്തിലേക്കു വായ്പ അടിസ്ഥാനത്തിൽ മടങ്ങിയെത്തിയ കഴിഞ്ഞ സീസണിൽ 20 കളികളിൽ നേടിയത് 

11 ഗോൾ. 

∙ ∙ഷെർദാൻ ഷാഖിരി 

രാജ്യം: സ്വിറ്റ്സർലൻഡ് 

പ്രായം: 29 

2016 യൂറോ പ്രീക്വാർട്ടറിൽ പോളണ്ടിനെതിരെ ഷാഖിരി നേടിയ ഇടംകാൽ ബൈസിക്കിൾ കിക്ക് ഗോൾ ആരാധകർ മറന്നുകാണില്ല. 2018 ലോകകപ്പിൽ സെർബിയയ്ക്കെതിരായ ഗോൾനേട്ടം സഹതാരം ഗ്രാനിറ്റ് ഷാക്ക‌യ്ക്കൊപ്പം കൊസൊവോ അനുകൂല മുദ്രകാട്ടി ആഘോഷിച്ചതിനു പിഴയടയ്ക്കേണ്ടി വന്ന താരം. വൈകാരികതയും ക്ലാസും സമ്മേളിക്കുന്ന അതിവേഗക്കാരൻ വിങ്ങർ. 2018 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് സ്റ്റോക് സിറ്റിയിൽനിന്നു ലിവർപൂളിൽ എത്തിയെങ്കിലും പിന്നീടുള്ള 3 സീസണിൽ കളിച്ചത് 45 മത്സരങ്ങളിൽ മാത്രം. 

∙ ഒളിവർ ജിരൂദ് 

രാജ്യം: ഫ്രാൻസ് 

പ്രായം: 34 

ഫ്രഞ്ച് കുതിപ്പ് ഫൈനൽ വരെ നീണ്ട 2016 യൂറോയിൽ നേടിയത് 3 ഗോൾ. വഴിയൊരുക്കിയതു 2 ഗോളിന്. പിന്നാലെ ഫ്രാൻസ് ജേതാക്കളായ 2018 ലോകകപ്പിൽ 7 മത്സരങ്ങളും കളിച്ചു. ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരത്തിൽ സെവിയ്യയ്ക്കെതിരെ 4 ഗോൾ നേടിയെങ്കിലും ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയിൽ പകരക്കാരന്റെ റോൾ തന്നെ. കഴിഞ്ഞ പ്രിമിയർ ലീഗ് സീസണിൽ പ്ലേയിങ് ഇലവനിൽ കളിച്ചത് 8 മത്സരങ്ങൾ. 9 കളിയിൽ പകരക്കാരനായി. ഗോൾനേട്ടം 4. 

∙ സിമെ വ്രസാൽക്കോ 

രാജ്യം: ക്രൊയേഷ്യ 

പ്രായം: 29 

ക്രൊയേഷ്യ ഫൈനൽ വരെയെത്തിയ 2018 ലോകകപ്പിൽ പ്രതിരോധ നിരയുടെ വിശ്വസ്ത കാവലാൾ. ലോകകപ്പിനു പിന്നാലെ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്നു വായ്പയ്ക്ക് ഇന്റർ മിലാനിൽ എത്തിയെങ്കിലും കളിച്ചതു 10 മത്സരങ്ങൾ. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം 2020–21 സീസണിൽ അത്‌ലറ്റിക്കോയിലേക്കു തിരികെയെത്തിയെങ്കിലും ലാ ലിഗയിൽ കളിച്ചത് 9 മത്സരങ്ങൾ. 

∙ ഒലെക്സാണ്ടർ സിൻചെങ്കോ 

രാജ്യം: യുക്രെയ്ൻ 

പ്രായം: 24 

2016 യൂറോയിൽ 20–ാം വയസ്സിൽ അരങ്ങേറ്റം. കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുക്രയ്ൻ ടീമിന്റെ ക്യാപ്റ്റൻ. മാഞ്ചസ്റ്റർ‌ സിറ്റിയിൽ കഴിഞ്ഞ സീസൺ പ്രിമിയർ ലീഗിൽ കളിച്ചത് 15 മത്സരങ്ങൾ. 5 കളിയിൽ പകരക്കാരനായി. അതേ സമയം, ചെൽസിക്കെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിൽ സിറ്റി പ്രതിരോധനിരയിൽ പരിശീലകൻ പെപ് ഗ്വാർഡയോള സിൻചെങ്കോയ്ക്ക് ഇടം നൽകി.

Content Highlight: UEFA EURO 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA