ADVERTISEMENT

ബ്രസീലിയ∙ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ വീഴ്ത്തി ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. കോവിഡ് വ്യാപനം നിമിത്തം പ്രമുഖ താരങ്ങളിൽ പലരെയും നഷ്ടമായ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ബ്രസീൽ തകർത്തത്. ഏതാനും ഉറച്ച ഗോളവസരങ്ങൾ പാഴാക്കിയെങ്കിലും ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും സൂപ്പർതാരം നെയ്മർ ബ്രസീലിന്റെ വിജയശിൽപിയായി. 64–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് നെയ്മർ ഗോൾ നേടിയത്. മാർക്വീഞ്ഞോസ് (23), ഗബ്രിയേൽ ബാർബോസ (89) എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു.

പ്രതിരോധത്തിലൂന്നിക്കളിച്ച വെനസ്വേലയ്‌ക്കെതിരെ നിർഭാഗ്യം കൊണ്ടാണ് ബ്രസീലിന് കൂടുതൽ ഗോളുകൾ നേടാനാകാതെ പോയത്. മറുവശത്ത് കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച വെനസ്വേലയ്ക്ക്, പ്രമുഖ താരങ്ങളിൽ പലരുടെയും സേവനം നഷ്ടമായി. വെനസ്വേല നിരയിലെ താരങ്ങളും സ്റ്റാഫും ഉൾപ്പെടെ 12 പേർക്ക് മത്സരത്തിനു മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരിച്ചടികൾക്കിടയിലും മിക്കപ്പോലും ബ്രസീൽ പ്രതിരോധത്തെ ഫലപ്രദമായി തടയാൻ വെനസ്വേലയ്ക്ക് സാധിച്ചു.

സൂപ്പർതാരം നെയ്മർ എടുത്ത കോർണർ കിക്കിൽനിന്ന് പ്രതിരോധനിരയിലെ മാർക്വീഞ്ഞോസാണ് ബ്രസീലിനായി ഗോളടി തുടങ്ങിവച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചു കളിച്ച ബ്രസീൽ 23–ാം മിനിറ്റിലാണ് ഗോളടിക്ക് തുടക്കമിട്ടത്. തുടക്കം ബ്രസീലിന് ലഭിച്ച കോർണറിൽനിന്ന്. നെയ്മർ തൊടുത്തുവിട്ട പന്ത് വെനസ്വേല ബോക്സിലേക്ക്. പന്ത് ലഭിച്ച റിച്ചാർലിസൻ അത് കുറച്ചുകൂടി ഉള്ളിലേക്ക് തട്ടിയിട്ടു. തൊട്ടുമുന്നിൽ ലഭിച്ച പന്തിനെ നിയന്ത്രിച്ചുനിർത്തി വലയിലേക്കു തട്ടിയിടേണ്ട ചുമതലയേ മാർക്വീഞ്ഞോസിന് ഉണ്ടായിരുന്നുള്ളൂ. കോപ്പ അമേരിക്കയുടെ ഏറ്റവും പുതിയ പതിപ്പിലെ ആദ്യ ഗോൾ. ബ്രസീൽ ജഴ്സിയിൽ മാർക്വീഞ്ഞോസിന്റെ മൂന്നാം ഗോൾ. സ്കോർ 1–0.

ആദ്യപകുതിയിൽ ബ്രസീൽ പലപ്പോഴും ഗോളിന് അടുത്തെത്തിയെങ്കിലും നിർഭാഗ്യവും വെനസ്വേലയുടെ ഉറച്ച പ്രതിരോധവും തടസ്സമായി. ബ്രസീൽ താരങ്ങൾ പന്തുമായി കയറിയെത്തുമ്പോൾ വെനസ്വേല താരങ്ങൾ ഒന്നടങ്കം സ്വന്തം പകുതിയിലേക്ക് ഇറങ്ങി പ്രതിരോധിക്കുന്നത് പതിവു കാഴ്ചയായിരുന്നു. ഇതിനിടെ റിച്ചാർലിസനും ബ്രസീലിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. നെയ്മറും ഒന്നുരണ്ട് സുവർണാവസരങ്ങൾ പാഴാക്കി.

ആദ്യപകുതിയെ അപേക്ഷിച്ച് ഇരു ടീമുകളും പന്തടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ രണ്ടാം പകുതിയിൽ വേഗം കുറഞ്ഞു. ബ്രസീൽ നിരയിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂക്കാസ് പക്വേറ്റയ്ക്ക് പകരം എവർട്ടൻ റിബെയ്റോയും റെനാൻ ലോധിക്ക് പകരം അലക്സ് സാന്ദ്രോയുമെത്തി. പെനൽറ്റിയിൽനിന്നാണ് ബ്രസീൽ രണ്ടാം പകുതിയിൽ ഗോളടി തുടങ്ങിയത്. ബ്രസീൽ താരം ഡാനിലോയെ വെനസ്വേല താരം യൊഹാൻ കമാന സ്വന്തം ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത നെയ്മർ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–0.

രണ്ടാം ഗോളിനു പിന്നാലെ റിച്ചാർലിസനു പകരം കളത്തിലിറങ്ങിയ ഗബ്രിയേൽ ബാർബോസയ്ക്കായിരുന്നു മൂന്നാം ഗോൾ നേടാനുള്ള നിയോഗം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബ്രസീൽ നടത്തിയൊരു ആക്രമണത്തിൽനിന്നായിരുന്നു ഈ ഗോളിന്റെ പിറവി. സ്വന്തം പകുതിയിൽനിന്ന് നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ച നെയ്മറിനെ തടയാൻ വെനസ്വേല ഗോൾകീപ്പർ മുന്നോട്ട്. വിദഗ്ധമായി വെട്ടിയൊഴിഞ്ഞ സൂപ്പർതാരം ലൈനിന് തൊട്ടടുത്തുനിന്ന് പന്ത് ചിപ് ചെയ്ത് വെനസ്വേല പോസ്റ്റിന്റെ നടുവിലേക്കിട്ടു. ഓടിയെത്തിയ ബാർബോസ നെഞ്ചുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 3–0.

English Summary: Brazil vs Venezuela LIVE Score, Copa America 2021 Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com