ADVERTISEMENT

ഗ്ലാസ്ഗോ ∙ ചോരയും വിവാദവും പുരണ്ട പെനൽറ്റി കണ്ട കളിയിൽ ചെക് റിപ്പബ്ലിക്കും ക്രൊയേഷ്യയും കൈ കൊടുത്തു പിരിഞ്ഞു. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ മത്സരം 1-1 സമനിലയായതോടെ ചെക്ക് റിപ്പബ്ലിക്കിന് ആശ്വാസം. ആദ്യ കളി തോറ്റ ക്രൊയേഷ്യയുടെ നില പരുങ്ങലിലാണ്. 37-ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നു പാട്രിക് ഷിക്കാണ് ചെക് റിപ്പബ്ലിക്കിന്റെ ഗോൾ നേടിയത്. 47-ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കി.

പന്തിനായി ഉയർന്നു ചാടിയപ്പോൾ ക്രൊയേഷ്യൻ‌ ഡിഫൻഡർ ദെജാൻ ലോവ്‌റന്റെ കൈമുട്ട് ഷിക്കിന്റെ മുഖത്തു തട്ടിയതിനായിരുന്നു പെനൽറ്റി. വിഎആർ പരിശോധനയ്ക്കു ശേഷം റഫറി അനുവദിച്ച പെനൽറ്റി വിവാദമായി. താൻ മനഃപൂർവം ചെയ്തതല്ല എന്ന ലോവ്റന്റെ വാദം റഫറി കണക്കിലെടുത്തില്ല. ഷിക്കിന്റെ മൂക്കിൽനിന്നു ചോരയൊലിച്ചതും റഫറി കഠിനശിക്ഷ നൽകാൻ കാരണമായി. വൈദ്യസഹായം തേടിയതിനു ശേഷം കിക്കെടുത്ത ഷിക്കിനു പിഴച്ചില്ല; ടൂർണമെന്റിൽ ഷിക്കിന്റെ 3–ാം ഗോൾ.

ഹാഫ്ടൈമിനു പിരിഞ്ഞപ്പോഴും പെനൽറ്റിയുടെ പേരിൽ ഒഫിഷ്യൽസിനോടു തർക്കിച്ചു നിന്ന ക്രൊയേഷ്യ 2-ാം പകുതിയുടെ തുടക്കത്തിൽ തന്നെ മറുപടി നൽകി. ഇടതു ടച്ച് ലൈനിനു സമീപം ക്രമാരിച്ചിൽ നിന്ന് പാസ് സ്വീകരിച്ച ഇവാൻ പെരിസിച് പെട്ടെന്നു തോന്നിയ ആസൂത്രണത്തിൽ ഓടിക്കയറി, ചെക് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത്, ബോക്സിലേക്കു കട്ട് ചെയ്തു പായിച്ച ഷോട്ടിൽ ചെക് ഗോൾകീപ്പർ തോമസ് വാസ്‌ലിക് നിഷ്പ്രഭനായി. ആദ്യ കളി തോറ്റ തങ്ങൾക്കാണ് വിജയം അത്യാവശ്യം എന്ന ഉൽസാഹത്തോടെ ക്രൊയേഷ്യ ആക്രമിച്ചെങ്കിലും ചെക്കുകാർ ചെറുത്തു നിന്നു.

English Summary: Euro cup football - Czech Republic vs Croatia match ends in tie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com