ADVERTISEMENT

സെവിയ്യ ∙ സ്പെയിൻ പരിശീലകൻ ലൂയി എൻറിക്വെയുടെ പ്രശസ്തമായ ‘പന്തവകാശക്കളി’ വീണ്ടും പൊളിഞ്ഞു. കളിയുടെ മുക്കാൽ പങ്കുനേരത്തും ബോൾ പൊസഷൻ (പന്തവകാശം) ഉണ്ടായിരുന്നിട്ടും സ്പെയിനു പോളണ്ടിനോടു സമനില വഴങ്ങേണ്ടി വന്നു (1–1). 25–ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോളിൽ സ്പെയിനു ലീഡ്. 54–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹെഡർ ഗോളിൽ പോളണ്ടിനു സമനില (1–1).

58–ാം മിനിറ്റിൽ സ്പെയിനു ലഭിച്ച പെനൽറ്റി ജെറാർദ് മൊറീനോ പോസ്റ്റിലടിച്ചു തെറിപ്പിച്ചു. പോസ്റ്റിൽത്തട്ടി തിരിച്ചുവന്ന പന്ത് മൊറാട്ട അടിച്ചു പുറത്തേക്കു കളയുക കൂടി ചെയ്തതോടെ സ്പെയിന്റെ ദുർവിധി പൂർണം. 2 കളിയിൽ 2 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ 3–ാംസ്ഥാനത്താണു സ്പെയിൻ. സ്വീഡൻ (4), സ്‌ലൊവാക്യ (3) എന്നിവർ ആദ്യ 2 സ്ഥാനങ്ങളിലുള്ള ഗ്രൂപ്പിൽ സ്പെയിനിന്റെ അടുത്ത മത്സരം 23ന് സ്‍‌ലൊവാക്യയ്ക്കെതിരെ. ജയിച്ചാൽ സ്പെയിനു നോക്കൗട്ടിലെത്താം.

സ്വീഡനെതിരെ ഗോളടിക്കാതിരുന്ന ലെവൻഡോവ്സ്കിക്ക് ഇന്നലെ ലക്ഷ്യം കാണാൻ കഴിഞ്ഞതിൽ പോളണ്ടിനു സന്തോഷിക്കാം. യുവന്റസിന്റെ ഗോളിയായ വോയിചെക് സ്റ്റെൻസിയുടെ മികച്ച സേവുകളും പോളണ്ടിനു തുണയായി. 2010 ലോകകപ്പ് നേടിയ കാലത്തെ ശൈലിയിൽനിന്നു വലിയ മാറ്റങ്ങളൊന്നുമില്ലാത്ത കളി തുടരുന്ന സ്പെയിന് മികച്ചൊരു ഫിനിഷർ ഇല്ലാത്തതാണു തിരിച്ചടി.

English Summary: UEFA Euro 2020, Spain vs Poland: Lewandowski, Morata score in 1-1 draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com