ADVERTISEMENT

മ്യൂണിക് ∙ ഈ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമെന്നതിൽ കവിഞ്ഞ് ഇന്നലെ നടന്ന പോർച്ചുഗൽ – ജർമനി മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ജർമൻ താരം റോബിൻ ഗോസൻസിന്റെ മധുരമൂറുന്നൊരു പ്രതികാരത്തിന് വേദിയായ മത്സരം കൂടിയാണിത്! ആരോടാണ് ഈ പ്രതികാരമെന്ന് അറിഞ്ഞാൽ ആരാധകർ ഞെട്ടും. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോസൻസിന്റെ മധുരപ്രതികാരത്തിന് ഇരയായത്. ഒപ്പം പോർച്ചുഗൽ ഫുട്ബോൾ ടീമും!

റോബിൻ ഗോസൻസിനെ മനസ്സിലായില്ലേ? സമകാലിക ഫുട്ബോളിലെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരന്ന പോർച്ചുഗൽ – ജർമനി മത്സരത്തിൽ ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ യുവതാരം. ഇടതുവിങ്ങിലൂടെയുള്ള ജർമൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച് പോർച്ചുഗലിനെ അതി സമ്മർദ്ദത്തിലേക്ക് തള്ളിയിട്ട് തോൽവിയിലേക്ക് നയിച്ച താരം. ജർമനി നേടിയ മൂന്നാം ഗോളിനു വഴിയൊരുക്കിയും നാലാം ഗോൾ നേടിയും കയ്യടി വാങ്ങിയ താരം. പോർച്ചുഗൽ വഴങ്ങിയ ആദ്യ സെൽഫ് ഗോളിന് കാരണക്കാരനായും രണ്ടാമത്തെ സെൽഫ് ഗോളിന് വഴിയൊരുക്കിയും സർവത്ര നാശം വിതച്ച താരം. കളത്തിലുണ്ടായിരുന്ന 62 മിനിറ്റും ക്രിസ്റ്റ്യാനോയുടെ ടീമിനെ വിറപ്പിച്ച പ്രധാന താരം!

ഇനി ഗോസൻസിന്റെ പ്രതികാരത്തിന്റെ കഥയിലേക്ക്... പ്രതികാരത്തിന് വിത്തുപാകിയ സംഭവം നടക്കുന്നത് ക്ലബ് തലത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തു തട്ടുന്ന ഇറ്റലിയിലാണ്. അവിടെ യുവെന്റസിന്റെ മിന്നും താരമാണ് റൊണാൾഡോയെങ്കിൽ, അറ്റലാന്റയുടെ വിങ് ബാക്കാണ് റോബിൻ ഗോസൻസ്.

കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ കപ്പിൽ യുവെന്റസും അറ്റലാന്റയും ഏറ്റുമുട്ടിയിരുന്നു. മത്സരശേഷം സൂപ്പർതാരത്തിന്റെ അടുത്തെത്തിയ ഗോസൻസ്, അദ്ദേഹത്തിന്റെ ജഴ്സി തരാമോയെന്നു ചോദിച്ചു. ഒറ്റയടിക്ക് ‘നോ’ എന്നു പറഞ്ഞ റൊണാൾഡോ, ഗോസൻസിനെ ഗൗനിച്ചതുകൂടിയില്ല. അപമാനിതനായ ഗോസൻസ് തലയും താഴ്ത്തിയാണ് മൈതാനത്തുനിന്ന് മടങ്ങിയത്.

ഈ സംഭവം ഗോസൻസ് തന്നെയാണ് തന്റെ ആത്മകഥയിൽ എഴുതിയത്. ‘അന്നത്തെ ആ സംഭവം എനിക്ക് കനത്ത നാണക്കേടായി. അപമാനിതനായാണ് അന്ന് ഞാൻ മടങ്ങിയത്’ – ഗോസൻസ് കുറിച്ചു. അന്നത്തെ അപമാനത്തിന്റെ ഭാരമാണ് ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച ടീമിനെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ഗോസൻസ് ഇറക്കിവച്ചത്. ഇത്തവണ മത്സരശേഷം റൊണാൾഡോയോട് ജഴ്സി ചോദിക്കാൻ പോയില്ലെന്ന് മത്സരശേഷം ഗോസൻസ് പ്രതികരിച്ചു.

‘ഇന്ന് മത്സരം കഴിഞ്ഞ് ജഴ്സി ചോദിച്ച് ഞാൻ റൊണാൾഡോയുടെ അടുത്തു പോയില്ല. എനിക്ക് ഈ വിജയം മതിയാകുവോളം ആസ്വദിക്കണം. ജഴ്സിക്കായി ഞാൻ ശ്രമിക്കുന്നില്ല’ – ഗോസൻസ് പറഞ്ഞു.

English Summary: Robin Gosens declined Cristiano Ronaldo shirt-swap chance after Germany beat Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com