ADVERTISEMENT

കോപ്പൻഹേഗൻ ∙ ഡെൻമാർക്ക് ഫുട്ബോൾ ടീമിന്റെ ആരാധകസംഘം അറിയപ്പെടുന്നത് റോളിഗൻസ് എന്നാണ്. റോളിഗ് എന്ന ഡാനിഷ് വാക്കിന്റെ അർഥം ശാന്തം എന്നാണ്. ഫുട്ബോളിലെ തെമ്മാടിക്കൂട്ടമായ ഹൂളിഗൻസിന് ഒരു മറുപടിയാണവർ. പേരുപോലെ തന്നെ ഗാലറിയിൽ ശാന്തരായ കാണികൾ. ഫിൻലൻഡിനെതിരെ യൂറോയിലെ ആദ്യ മത്സരത്തിൽ തങ്ങളുടെ പ്രിയതാരം ക്രിസ്റ്റ്യൻ എറിക്സൺ കുഴ‍ഞ്ഞു വീണപ്പോഴും ലോകം അതു കണ്ടു. നിറകണ്ണുകളോടെ, കൂപ്പുകൈകളോടെ കാത്തിരിക്കുകയായിരുന്നു അവർ. അവരുടെ പ്രാർഥന ഫലിച്ചു. എറിക്സൺ ജീവിതത്തിലേക്കു തിരിച്ചു വന്നു.

പിന്നാലെ പുനരാരംഭിച്ച ഫിൻലൻഡിനെതിരായ മത്സരം ഡെൻമാർക്ക് അപ്രതീക്ഷിതമായി തോറ്റു. ആ തോൽവിയോടെ ഡെൻമാർക്കിന്റെ യൂറോ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ ഭാഗ്യം ധീര‍ൻമാരെ മാത്രമല്ല, മനസ്സിൽ നന്മയുള്ളവരെയും തുണയ്ക്കും. ഗ്രൂപ്പ് ബിയിൽ റഷ്യയോട് 4–1നു ജയിക്കുക മാത്രം ചെയ്തിട്ടും 2-ാം സ്ഥാനക്കാരായി ഡെ‍ൻമാർക്ക് പ്രീ-ക്വാർട്ടറിലെത്തി. ശനിയാഴ്ച വെയ്ൽസാണ് അവരുടെ എതിരാളികൾ.

എറിക്സൺ ആശുപത്രിയിലായതിനു പിന്നാലെ മത്സരം പൂർത്തിയാക്കാൻ യൂറോ സംഘാടകരായ യുവേഫ, ഡെൻമാർക്ക് ടീമിനു മുന്നിൽ 3 ഓപ്ഷനുകളാണ് വച്ചത് എന്നാണ് മുൻതാരം പീറ്റർ സ്മൈക്കേൽ പറഞ്ഞത്. 1) ബാക്കിയുള്ള 50 മിനിറ്റ് ഇപ്പോൾ പൂർത്തിയാക്കുക. 2) നാളെ ഉച്ചയ്ക്ക് കളിച്ചു തീർക്കുക 3) മത്സരം 0-3ന് അടിയറ വയ്ക്കുക. ഡെൻമാർക്ക് ടീം ആദ്യ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. അതിൽ എറിക്സന്റെ പ്രചോദനം കൂടി ഉണ്ടായിരുന്നെന്നു പറയുന്നു.

മനോഹരമായി കളിച്ചെങ്കിലും നിർഭാഗ്യവശാൽ വീണ ഒരു ഗോളിൽ അവർ തോറ്റു പോയി. മൂന്നു പതിറ്റാണ്ട് മുൻപ് മറ്റൊരു ഡെൻമാർക്ക് ടീമിനും യുവേഫ ഇതു പോലൊരു നിർദേശം നൽകിയിരുന്നു. ഇതിലും കടുപ്പമായിരുന്നു അത്- ഒരാഴ്ച കൊണ്ട് യൂറോയ്ക്കുള്ള ടീമിനെ ഒരുക്കുക!

എൺപതുകളിൽ ആക്രമണഫുട്ബോൾ കൊണ്ടു പേരുകേട്ട ഡാനിഷ് ഡൈനമൈറ്റ് ടീമിന്റെ പിൻഗാമികളായിരുന്നിട്ടും 1992ലെ യൂറോ കപ്പിന് ഡെൻമാർക്ക് യോഗ്യത നേടിയിരുന്നില്ല. എന്നിട്ടും സ്വീഡനിൽ നടക്കുന്ന ചാംപ്യൻഷിപ്പിന് ഒരാഴ്ച മുൻപ് അവർക്കു ക്ഷണമെത്തി. ടൂർണമെന്റിൽ അട്ടിമറികളോടെ ഡെൻമാർക്ക് ഫൈനലിലെത്തി. ലോകചാംപ്യൻമാരായ ജർമനിയെ തോൽപിച്ച് ചാംപ്യൻമാരുമായി! ശുഭാപ്തിവിശ്വാസികളായ ഡാനിഷ് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് മറ്റൊന്നുമല്ല- 1992ലെ അവിസ്മരണീയമായ കുതിപ്പ് ആവർത്തിക്കുമോ ഈ ടീം..!

English Summary: Denmark classic football team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com