ADVERTISEMENT

യൂറോ കപ്പിൽ ബൽജിയത്തിനെതിരെ പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുമ്പോൾ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് മനസ്സിൽ കുറിച്ചിട്ട പ്രധാന എതിർ കളിക്കാർ‌ റൊമേലു ലുക്കാകുവും കെവിൻ ഡിബ്രൂയ്നെയും ഏദൻ ഹസാഡുമാകും. ഏദന്റെ അനിയൻ തോർഗൻ അതിനിടയിൽ അപകടം വിതച്ചിട്ടു പോകും എന്നാരു കണ്ടു! പോർച്ചുഗീസ് താരങ്ങൾ മത്സരത്തിലാകെ പായിച്ച 23 ഷോട്ടുകളെക്കാളും വിസ്ഫോടന ശേഷിയുണ്ടായിരുന്നു 42-ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള തോർഗന്റെ ഡ്രൈവിന്.

മത്സരത്തിൽ ബൽജിയം കൃത്യമായി എതിർഗോൾമുഖത്തേക്കു പായിച്ച ഒരേയൊരു ഷോട്ട് കൂടിയായിരുന്നു അത്. സെവിയ്യയിലെ ലാ കാർറ്റുഹ സ്റ്റേഡിയത്തിൽ 90 മിനിറ്റും പോരാടിയ ഇരുടീമുകളെയും വേർതിരിച്ചത് ആ ഒരേയൊരു ഗോൾ. 1-0 ജയത്തോടെ ക്വാർട്ടറിലേക്കു മുന്നേറിയ ബൽജിയത്തിന്റെ അടുത്ത എതിരാളികൾ ഇറ്റലി. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് മ്യൂണിക്കിലാണു മത്സരം.

തോർഗന്റെ കരിയറിലെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് ഈ ഗോൾ. ജർമൻ ബുന്ദസ്‌ലിഗ സ്ഥിരമായി കാണുന്നവർക്കൊഴികെ ഏദൻ ഹസാഡിന്റെ അനിയൻ തന്നെയാണ് ഇപ്പോഴും ഈ ഇരുപത്തെട്ടുകാരൻ. ഇരുവരും തമ്മിൽ 2 വയസ്സ് വ്യത്യാസം മാത്രം. ഏദൻ ബൽജിയത്തിനു വേണ്ടി 111 മത്സരങ്ങൾ കളിച്ചെങ്കിൽ തോർഗന് 38 മത്സരങ്ങൾ ആയിട്ടേയുള്ളൂ. അരങ്ങേറ്റ മത്സരത്തിനു ശേഷം മൂന്നര വർഷം കഴിഞ്ഞാണു ദേശീയ ജഴ്സിയിൽ രണ്ടാമതൊരു അവസരം കിട്ടുന്നത്.

ക്ലബ് കരിയറും ഇതുപോലെ തന്നെ. ഏദൻ ഫ്രഞ്ച് ക്ലബ് ലീലിലൂടെ ചെൽസിയിലെത്തിയെങ്കിൽ തോർഗൻ ഫ്രഞ്ച് ക്ലബ് ലെൻസിലൂടെയാണ് അവിടെയെത്തിയത്. ഇരുവരും 2012ലെത്തി. ചേട്ടൻ 7 വർഷം ലണ്ടനിൽ തുടർന്നെങ്കിൽ അനിയനെ വാങ്ങിയ പാടേ ഇംഗ്ലിഷ് ക്ലബ്, ബൽജിയൻ ക്ലബ് സുൽട്ട് വെർഗമിനു വായ്പ നൽകി. 2 വർഷം അവിടെ കളിച്ച് തിരിച്ചെത്തിയതിനു ശേഷവും ചെൽസി തോർഗനെ കളിപ്പിച്ചില്ല. നേരെ ജർമൻ ക്ലബ് ബൊറൂസിയ മൻഷൻഗലാഡ്ബാഹിനു നൽകി. അവിടെയാണ് ശരിക്കും തോർഗന്റെ രാശി തെളിഞ്ഞത്. ഒരു വർഷം വായ്പയിലും 4 വർഷം സ്ഥിരം കരാറായും നൂറിലേറെ മത്സരങ്ങൾ അവർക്കു വേണ്ടി കളിച്ചു. 2019ൽ ബൊറൂസിയ ഡോർട്‌മുണ്ടിലെത്തി. ഏദൻ ചെ‍ൽസിയിൽനിന്നു റയൽ മഡ്രിഡിലേക്കു പോയി.

hazard-brothers
കിലിയൻ ഹസാഡ്, തോർഗൻ ഹസാഡ്, ഏദൻ ഹസാഡ് എന്നിവർ കുട്ടിക്കാലത്ത്.

ഹസാഡ് കുടുംബത്തിലെ ഫുട്ബോൾ താരങ്ങൾ ഏദനിലും തോർഗനിലും തീരുന്നില്ല. ഇവരുടെ അനിയൻമാരായ കിലിയൻ ഹസാഡും ഈതൻ ഹസാഡും പ്രഫഷനൽ താരങ്ങൾ തന്നെ. അച്ഛൻ തിയെറി ഹസാഡ് ബൽജിയൻ ലോവർ ഡിവിഷനുകളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ചിട്ടുണ്ട്. അമ്മ കരിൻ ബൽജിയൻ വനിതാ ലീഗിൽ ടോപ് ഡിവിഷനിൽ തന്നെ സ്ട്രൈക്കറായി സജീവമായിരുന്നു. ഫുട്ബോൾ നിർത്തിയ ശേഷം ഇരുവരും കായികാധ്യാപകരായി. അച്ചൻ തിയെറി അതിനു ശേഷം ഫുട്ബോൾ ഏജന്റാവാനുള്ള ഫിഫ ലൈസൻസിനും ശ്രമിച്ചു. 4 മക്കളും ഫുട്ബോൾ താരങ്ങളായ ഒരു അച്ഛൻ മറ്റേതു ജോലിയാണ് തിരഞ്ഞെടുക്കുക!

∙ ബൽജിയത്തിന് ഇരട്ടനഷ്ടം

പോർച്ചുഗലിനെതിരെ പ്രീ ക്വാർട്ടർ മത്സരം ജയിച്ചെങ്കിലും ബൽജിയത്തിനു തലവേദനയായി സൂപ്പർ താരങ്ങളുടെ പരുക്ക്. കാൽമുട്ടിനു പരുക്കേറ്റ കെവിൻ ഡിബ്രൂയ്നെയ്ക്ക് ടൂർണമെന്റ് തന്നെ നഷ്ടമായേക്കും. വെള്ളിയാഴ്ച ഇറ്റലിക്കെതിരെ ക്വാർട്ടർ ഫൈനലിൽ ക്യാപ്റ്റൻ ഏദൻ ഹസാഡ് കളിക്കുന്ന കാര്യവും സംശയം. പോർച്ചുഗീസ് താരം ജോവോ പൗളീഞ്ഞോയുടെ ഫൗളിലാണ് ഡിബ്രൂയ്നെയ്ക്കു പരുക്കേറ്റത്. കടുത്ത വേദനയെത്തുടർന്ന് 48-ാം മിനിറ്റിൽ മാർട്ടിനസ് ഡിബ്രൂയ്നെയെ പിൻവലിച്ചു. 87-ാം മിനിറ്റിൽ പേശിക്കു പരുക്കേറ്റ് ഏദൻ ഹസാഡും മടങ്ങി. സ്കാനിങ്ങിനു വിധേയരായതിനു ശേഷമേ ഇരുവരും ഇറ്റലിക്കെതിരെ കളിക്കുമോയെന്നു പറയാനാകൂ എന്ന് മാർട്ടിനസ് പറഞ്ഞു.

English Summary: Football Career of Hazard Brothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com