ADVERTISEMENT

ബകു∙ കറുത്ത കുതിരകളുടെ പന്തയം! യൂറോ ക്വാർട്ടർ ഫൈനലിൽ ചെക് റിപ്പബ്ലികും ഡെൻമാർക്കും ഏറ്റുമുട്ടുമ്പോൾ‌ അതിനപ്പുറം വിശേഷണമില്ല. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഇരുടീമുകളും. പ്രീ ക്വാർട്ടറിൽ വെയ്ൽസിനെ 4-0നു നിലംപരിശാക്കിയാണ് ഡെൻമാർക്ക് അവസാന എട്ടിലേക്കു ടിക്കറ്റെടുത്തത്. ചെക് റിപ്പബ്ലിക് ഫേവറിറ്റുകളിലൊന്നായ ഹോളണ്ടിനെ 2-0ന് അട്ടിമറിച്ചു. 

യൂറോ കപ്പിൽ ഉജ്വല ചരിത്രമുള്ള ടീമുകളാണ് രണ്ടും. ചെക് റിപ്പബ്ലിക് 1996ൽ റണ്ണേഴ്സ്അപ്പായിരുന്നു. 2004ൽ സെമിഫൈനലിലുമെത്തി. ഡെൻമാർ‌ക്ക് 1992ൽ വൈൽഡ് കാർഡ് എൻട്രിയുമായി വന്ന് കപ്പടിച്ചാണ് മടങ്ങിയത്. പക്ഷേ 2004നു ശേഷം ക്വാർട്ടർ ഫൈനൽ കളിച്ചിട്ടില്ല. 2008ലും 2016ലും യോഗ്യത തന്നെ നേടിയില്ല. 2012ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയും ചെയ്തു. 

നാലു ഗോളുകൾ നേടിയ ബയേർ ലെവർക്യുസൻ താരം പാട്രിക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റത്തിലെ കുന്തമുന. ടൊമാസ് സൂസെകിനും ടൊമാസ് ഹോലെഷിനും മധ്യനിരയിൽ സ്ഥാനമുറപ്പ്. ഹോളണ്ടിനെതിരെ മിന്നിക്കളിച്ച അന്റോണിൽ ബാരകിനും പീറ്റർ സെസികിനും കോച്ച് സിൽഹാവി പ്ലേയിങ് ഇലവനിൽ അവസരം നൽകിയേക്കും. വിലക്കിലായിരുന്ന ഡിഫൻഡർ യാൻ ബോറിൽ ഈ മത്സരത്തിൽ തിരിച്ചെത്തും. 

ഡെന്മ‍ാർ‌ക്ക് നിരയിൽ ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്ന യൂസുഫ് പോൾസൻ, ഡാനിയേൽ വാസ്, സിമോൺ കെയർ എന്നിവരെല്ലാം ഇന്നു കളിക്കും. പോൾസനും വാസും വെയ്ൽസിനെതിരെ കളിച്ചിരുന്നില്ല. കെയറിനെ കോച്ച് കാസ്പർ യുംലൻഡ് 2-ാം പകുതിയിൽ സബ് ചെയ്യുകയും ചെയ്തു. വാസും കെയറും ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇറങ്ങും.

പക്ഷേ പോൾസൻ റിസർവ് ബെഞ്ചിലിരിക്കാനാണ് സാധ്യത. കഴിഞ്ഞ കളിയിൽ മിന്നിയ ബ്രാത്‌വെയ്റ്റ്-ഡോൾബർഗ്-ഡാംസ്ഗാർഡ് ത്രയത്തെ കോച്ച് മാറ്റാനിടയില്ല. തോമസ് ഡിലേനിയും പിയെറി എമിൽ ഹോയ്ബർഗും മധ്യനിരയിൽ കളി നിയന്ത്രിക്കും. 

∙ നേർക്കുനേർ- മത്സരങ്ങൾ-11, ഡെൻമാർക്ക് ജയം- 2, ചെക്ക് റിപ്പബ്ലിക് ജയം-3, സമനില-6 

English Summary: Euro cup football - Czech Republic vs Denmark match review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com