ADVERTISEMENT

ബകു ∙ യൂറോ കപ്പ് ഫുട്ബോളിലെ സ്വപ്നയാത്രയിൽ ഡെൻമാർക്ക് ക്വാർട്ടർ ഫൈനൽ ‘ചെക്ക് പോസ്റ്റും’ കടന്നു. ചെക്ക് റിപ്പബ്ലിക്കിനെ 2-1നു തോൽപിച്ചാണു ഡാനിഷ് പടയുടെ സെമി ഫൈനൽ മാർച്ച്. തോമസ് ഡിലനി (5), കാസ്പർ ഡോൾബർഗ് (42) എന്നിവരുടെ ഗോളുകൾ ഡെൻമാർക്കിനു വിജയമൊരുക്കി. പാട്രിക് ഷിക്ക് (49) ചെക്ക് റിപ്പബ്ലിക്കിന്റെ ഗോൾ നേടി. സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണ ആദ്യ മത്സരത്തിൽ ഫിൻലൻഡിനെതിരെ തോൽവിയറിഞ്ഞ ശേഷം ഉയിർത്തെഴുന്നേറ്റ ഡാനിഷ് ടീമിന് ഇനി 1992ലെ അവിസ്മരണീയ കിരീടനേട്ടത്തിന്റെ ആവർത്തനം സ്വപ്നം കാണാം.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അസർബൈജാനിലെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ആരാധകർക്കു ഡെന്മ‍ാർക്ക് തുടക്കത്തിലേ സന്തോഷം നൽകി. 5-ാം മിനിറ്റിൽ കിട്ടിയ കോർണർ കിക്ക് സ്ട്രൈഗർ ലാർസൻ നേരേ നൽകിയതു ഡിലനിയുടെ തലപ്പാകത്തിന്. നിലത്തു കുത്തിയ പന്ത് ചെക്ക് ഗോൾകീപ്പർ തൊമാഷ് വാസ്‌ലികിന് ഒരവസരവും നൽകാതെ വലയിലെത്തി. ആ കോർണർ ഡെൻമാർക്ക് അർഹിച്ചതായിരുന്നില്ലെന്നു പിന്നീടു റീപ്ലേയിൽ തെളിഞ്ഞെങ്കിലും ചെക്കിനു സങ്കടപ്പെടാനേ നിർവാഹമുണ്ടായിരുന്നുള്ളൂ.

പ്രതിരോധത്തിനു തുനിയാതെ കളിച്ചതിനാൽ ഇരുടീമുകൾക്കും തുറന്ന അവസരങ്ങൾ ഏറെ കിട്ടിയെങ്കിലും ഹാഫ് ടൈമിനു മുൻപു ഗോളടിക്കാനുള്ള ഭാഗ്യം വീണ്ടും ഡെൻമാർക്കിന്. ഇടതു വിങ്ങിൽനിന്നുള്ള ജൊവാക്വിം മെയ്‌ലെയുടെ ക്രോസ് നിലംതൊടും മുൻപേ ഡോൾബർഗ് കാൽവച്ചു. ബുള്ളറ്റ് വേഗത്തിൽ പന്ത് വലയിൽ. ചെക്ക് ആരാധകർ ഏറ്റവും പ്രതീക്ഷയർപ്പിച്ച കാലുകൾ തന്നെ 2-ാം പകുതിയുടെ തുടക്കത്തിൽ അവർക്കു പ്രതീക്ഷ നൽകി. വ്ലാദിമിർ സൗഫലിന്റെ ക്രോസിനെ ഗോളിലേക്കു തിരിച്ചു വിട്ട് പാട്രിക് ഷിക്ക് യൂറോയിൽ തന്റെ ഗോൾനേട്ടം അഞ്ചാക്കി; ടോപ് സ്കോറർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തി.

സമനിലഗോളിനായി ചെക്കുകാർ അധ്വാനിച്ചു കളിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഡെൻമാർക്ക് നിരയിൽ പകരക്കാരനായി ഇറങ്ങിയ യൂസുഫ് പോൾസന്റെ കുതിപ്പുകൾ അവരെ സമ്മർദത്തിലാക്കുകയും ചെയ്തു. പോൾസന്റെ ഒരു ഷോട്ട് നിലത്തു വീണു തടയുന്നതിനിടയിൽ പരുക്കേറ്റ തൊമാഷ് സുസെക് പിന്നീടു തലയിൽ കെട്ടുമായാണു കളിച്ചത്.

English Summary: Denmark beats Czech Republic 2-1 to enter the semi-final of UEFA EURO 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com