ADVERTISEMENT

ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ഗോൾ പിറന്നുകഴിഞ്ഞു എന്ന് വിശ്വസിക്കാൻ ഇഷ്ട‌പ്പെടുന്നവരോട് മറ്റുള്ളവർ പറയുമായിരിക്കും, പിറന്നത് മനോഹരം, പിറക്കാനിരിക്കുന്നത് അതിമനോഹരമെന്ന്! ഈ ചാംപ്യൻഷിപ്പിലെ ഏറ്റവും മിടുക്കനായ ഗോളിയാരെന്നു ചോദിച്ചാൽ ആ സ്വിസ് നിക്ഷേപത്തെക്കുറിച്ച് പറയാതെങ്ങനെ..? അപ്പോഴും മറിച്ച് അഭിപ്രായമുള്ളവരുണ്ടായിരിക്കാം... ഗോൾവലയ്ക്കു മുന്നിൽ ശക്തനായൊരു എട്ടുകാലിക്ക് വല നെയ്യാൻ ഇനിയും സമയമുണ്ടല്ലോയെന്ന്.

തിളങ്ങുമെന്ന് കരുതിയ നക്ഷത്രങ്ങളെല്ലാം മിന്നാമിന്നികളായി പൊലിഞ്ഞുവീണ യൂറോ കപ്പിൽ അപ്രതീക്ഷിതമായി വാനിലുയർന്ന സുവർണതാരകങ്ങളാണ് സ്വിസ് നിക്ഷേപവും ഏറ്റവും നീളമുള്ള പറക്കും ഗോളും. ഇരുവരും ടൂർണമെന്റ് തീരും മുൻപ് നാട്ടിലേക്കു മടങ്ങിയെങ്കിലും കാലംതെറ്റി പിറന്ന യൂറോയെ കാലത്തിനു മുന്നിൽ അടയാളപ്പെടുത്താൻ ഇവർ വേണ്ടിവരുന്നു, പാട്രിക് ഷിക്ക് എന്ന മുന്നേറ്റനിരക്കാരനും യാൻ സോമർ എന്ന ഗോളിയും. 

∙ ടോപ് സ്കോറർ, നീളൻ റെക്കോർഡ്

ചെക് റിപ്പബ്ലിക്കിന്റെ താരമായ പാട്രിക് ഷിക്ക് യൂറോയ്ക്കെത്തും മുൻപ് അത്രമാത്രം അറിയപ്പെടുന്ന താരമായിരുന്നില്ല. എന്നാൽ സ്ലോ മോഷനിലെന്നപോലെ പറന്നിറങ്ങിയ ആ ഗോൾ ഉൽക്കയുടെ വേഗത്തോടെ കളിപ്രേമികളു‌ടെ ഹൃദയം കവർന്നു. സ്കോട്‌ലൻഡിനെതിരെ 45.44 മീറ്റർ ദൂരെ നിന്നെ‌ടുത്ത ഷോട്ട് ഒരു കൊള്ളിയാൻ കണക്കെയാണ് ഡേവിഡ് മാർഷലിന്റെ ഗോൾവലയിൽ പതിച്ചത്. ബുന്ദസ് ലിഗയിൽ കളിക്കുന്ന ജർമൻ ക്ലബ് ബയേർ ലെവർക്യൂസൻ താരമായ ഷിക്കിന്റെ ഈ ലോങ് റേഞ്ചറാണ് യൂറോയുടെ ഗോളും ഐശ്വര്യവുമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകുമോ..?

യൂറോയെ സജീവമാക്കിയ ആ ഗോളിൽനിന്ന് അവസാനമത്സരത്തിൽ വരെ ഗോളടിച്ച് നിലവിലെ ടോപ് സ്കോറർ പദവിയിലുമെത്തി ഷിക്ക്, 5 ഗോൾ. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും അകലെനിന്നുള്ള ഗോൾ എന്ന റെക്കോർഡും ഇതോടെ ഈ ഇടംകാലൻ ഷോട്ടിനു വന്നുചേർന്നു. അതുകൊണ്ടുതന്നെയാണ് ഷിക്കിന്റെ സഹതാരം തോമസ് സൂസെക് പറഞ്ഞത്, ഈ യൂറോയുടെ ഗോൾ നിങ്ങൾ കണ്ടുകഴിഞ്ഞു എന്ന്. ക്വാർട്ടറിൽ ഡെൻമാർക്കിനോ‌ടു തോറ്റു പുറത്താകുമ്പോഴും (1 - 2) ടീമിന്റെ ആശ്വാസഗോൾ നേടാൻ ഷിക്ക് വേണ്ടിവന്നു. 

∙ ഷിക്ക്, റൊണാൾഡോ, ഹാരി കെയ്ൻ

5 ഗോളുമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ചെക്കിന്റെ പാ‌ട്രിക് ഷിക്ക് എന്നിവരാണ് നിലവിൽ ടോപ് സ്കോറർ പട്ടികയുടെ മുകൾത്തട്ടിലുള്ളത്. എന്നാൽ 2 ടീമുകളും പുറത്തായതിനാൽ ഇനി വല തുറന്നുകിടക്കുന്നത് ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ് എന്നിവർക്ക് മുന്നിലാണ്, ഒപ്പം ഡെൻമാർക്കിന്റെ കാസ്പർ ഡോൾബെർഗിനും അവസരമുണ്ട്, 3 പേർക്കും 3 ഗോൾ വീതം. 2 ഗോളുമായി ഇറ്റാലിയൻ ത്രയങ്ങളായ സിറോ ഇമ്മൊബൈൽ, മാറ്റിയോ പെസീന, മാനുവൽ ലോകാടെല്ലി എന്നിവരുമുണ്ട്. ഡെൻമാർക്കിന്റെ യൂസഫ് പോൾസനും ഇക്കൂട്ടത്തിലുണ്ട്. സ്പെയിനിന്റെ പാബ്ലോ സറാബിയയും ഫെറാൻ ടോറസും ഇരട്ടഗോൾ നേട്ടക്കാരാണ്.

നാലു ഗോൾ വീതം നേടിയ റൊമേലു ലുക്കാകു (ബൽജിയം), എമിൽ ഫോർസ്ബെർഗ് (സ്വീഡൻ), കരീം ബെൻസേമ (ഫ്രാൻസ്) എന്നിവർ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും അവസരനഷ്ടത്തിന്റെ വേദന മാത്രം ബാക്കിയാക്കി അവരും മടങ്ങിക്കഴിഞ്ഞു. അഞ്ച് ഗോളുകളുമായി ക്രിസ്റ്റ്യാനോയും ഷിക്കും ഒപ്പത്തിനൊപ്പമാണെങ്കിലും ഒരു ഗോൾ അസിസ്റ്റ് ഉള്ളതിനാൽ ക്രിസ്റ്റ്യാനോയ്ക്കാണ് മുൻതൂക്കം. കുറവ് കളിസമയവും ക്രിസ്റ്റ്യാനോയ്ക്കാണ് - 360 മിനിറ്റ്. ഷിക്ക് 404 മിനിറ്റ് കളിക്കിടെയാണ് ഇത്രയും ഗോളടിച്ചത്.

ഒരൊറ്റ യൂറോയിൽനിന്ന് ഏറ്റവും കൂടുതൽ ഗോൾനേടുന്ന ചെക്ക് താരമെന്ന റെക്കോർഡും ഇതിനിടെ ഷിക്കിന്റെ കാലിൽ വന്നുചേർന്നു. നാലു ഗോളുകളുമായി മിലാൻ ബാറോസിന്റെ പേരിലായിരുന്നു നിലവിൽ റെക്കോർഡ്. യൂറോയിലെ എക്കാലത്തെയും ഏറ്റവും വലിയ ഗോൾനേട്ടക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച് യൂറോയിൽനിന്ന് ആകെ 14 ഗോൾ. 9 ഗോളുമായി ഫ്രാൻസിന്റെ മിഷേൽ പ്ലറ്റീനിയാണ് രണ്ടാമൻ. 

∙ സ്വിസ് നിക്ഷേപം, യാൻ സോമർ

നീളൻമു‌‌ടി ഒതുക്കിവയ്ക്കാനാണ് സ്വിറ്റ്സർലൻഡ് ഗോളി യാൻ സോമർ തലയിൽ കറുത്ത റബ്ബർ ബാൻഡ് ചുറ്റിയിരിക്കുന്നത്. അതൊഴിവാക്കിയാൽ ആർക്കു മുന്നിലും ഒതുങ്ങാതെ ഗോൾപോസ്റ്റിനു മുന്നിൽ റബ്ബർപന്തുപോലെ പെരുമാറുന്ന ഈ ആറടിക്കാരനാണ് യൂറോയുടെ ഗോൾവല ഹീറോയെന്നു പറയുന്നവരാണധികവും. തോറ്റെങ്കിലും സ്പെയിനിനെതിരായ ക്വാർട്ടർ ഫൈനലിന്റെ കളിസമയം സ്വിസ് ഗോൾവലയ്ക്കു മുന്നിലുള്ള വിരുന്നാക്കിമാറ്റിയവനാണ് സോമർ. ഒട്ടും മെരുക്കമില്ലാത, ഇടതടവില്ലാതെ പാഞ്ഞുവന്ന സ്പാനിഷ് മസാലയെ സുന്ദരമായി വിഴുങ്ങിക്കളഞ്ഞു സോമർ.

yann-sommer

ഈ കളിയിലെ അതുല്യ പ്രകടനത്തോടെ സേവുകളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. അഞ്ച് കളികളിൽനിന്ന് 21 സേവുകൾ. പെനൽറ്റി ഷൂട്ടൗട്ടിലേക്കുനീണ്ട പ്രീ ക്വാർട്ടറിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്റെ അന്തകനായി മാറിയതും ഈ കാവലാൾത്തന്നെ. കിലിയൻ എംബപെയുടെ അവസാനഷോട്ട് വലത്തേക്ക് ഡൈവ് ചെയ്ത് കുത്തിയകറ്റിയ സോമർ അതോടെ ആരായിമാറിയെന്ന് എംബപെയുടെ മുഖഭാവം പറയും. 

ഈ രക്ഷപ്പെടുത്തലോടെ സ്വിസ് ടീം 67 വർഷത്തിനുശേഷം ഒരു പ്രധാന ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അസാധാരണമാംവിധം ഈ യൂറോയിൽ ഗോൾകീപ്പർമാർ സെൽഫ് ഗോളടിക്കുന്നതും വമ്പൻ പിഴവുകൾ വരുത്തുന്നതും കാണുമ്പോഴാണ് ജർമൻ ബുന്ദസ് ലിഗ ക്ലബ് ബൊറൂസിയ മോൺഷെഗ്ലാഡ്ബാച്ച് താരമായ സോമറിന്റെ മൂല്യമേറുന്നത്. 

English Summary: Best Goal and Goal Keeper in UEFA EURO 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com