ADVERTISEMENT

യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിൽ സ്പെയിൻ ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്വീഡനെതിരെ അരങ്ങേറ്റം കുറിക്കുമ്പോൾ പെദ്രി ഗോൺസാലസിനെക്കുറിച്ച് ആരാധകർക്കുണ്ടായിരുന്ന അങ്ങേയറ്റത്തെ പ്രതീക്ഷ ഈ പതിനെട്ടുകാരൻ യുവതാരത്തിനുള്ള പുരസ്കാരം നേടുമെന്നായിരുന്നു. എന്നാൽ, പെദ്രി ഇപ്പോൾ ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. സ്പെയിൻ സെമിയിലെത്തി നിൽക്കുമ്പോൾ പെദ്രിയുടെ പേര് പറഞ്ഞു കേൾക്കുന്നത് മറ്റൊരു പുരസ്കാരത്തിലേക്കാണ്. മികച്ച യുവതാരമല്ല, ടൂർണമെന്റിലെ മികച്ച താരം തന്നെ!

യൂറോയിൽ സ്പെയിന്റെ 5 മത്സരങ്ങളിലും പൂർണസമയം (390 മിനിറ്റ്) കളിച്ച 3 കളിക്കാരിലൊരാളാണു പെദ്രി. ഗോൾകീപ്പർ ഉനായ് സിമോണും ഡിഫൻഡർ അയ്മെറിക് ലപോർട്ടുമാണു മറ്റു രണ്ടു പേർ. ഇവരെക്കാൾ ശാരീരിക അധ്വാനം വേണ്ട സെൻട്രൽ മിഡ്ഫീൽഡർ സ്ഥാനത്താണു പെദ്രി കളിച്ചതെന്നും ശ്രദ്ധേയം. ആദ്യ മത്സരങ്ങളിൽ ഗോളടിക്കാൻ കഷ്ടപ്പെട്ടപ്പോഴും സ്പെയിൻ മധ്യനിരയിൽ ആധിപത്യം പുലർത്തിയതിനു കാരണം പെദ്രിയായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ദൂരം ഓടിയവരിൽ ഒന്നാം സ്ഥാനത്തുണ്ട് സ്പാനിഷ് ക്ലബ് ബാർസയുടെ കൂടി ഭാവി പ്രതീക്ഷയായ പെദ്രി: 61.5 കിലോമീറ്റർ!

സ്പെയിൻ ടീമിലും ബാർസ ടീമിലും സഹതാരമായ സെർജിയോ ബുസ്കെറ്റ്സിനെക്കുറിച്ചു പറയുന്നതു പെദ്രിക്കും ബാധകമാണ്. കളി മാത്രം കണ്ടിരുന്നാൽ നിങ്ങൾ പെദ്രിയെ കാണില്ല. പക്ഷേ, പെദ്രിയെ മാത്രം നോക്കിയിരുന്നാൽ നിങ്ങൾക്കു കളി മുഴുവനായി കാണാം. യൂറോയിൽ ഇതുവരെ പെദ്രി ഒരു ഗോൾ പോലും നേടിയിട്ടില്ല. ഒരു ഗോളിനും പാസ് (അസിസ്റ്റ്) നൽകിയിട്ടില്ല. സ്കോർ ബോർഡിൽ പെദ്രിയുടെ പേര് ഇടം പിടിച്ചത് ഒരേയൊരു വട്ടമാണ്. ക്രൊയേഷ്യയ്ക്കെതിരെ സെൽഫ് ഗോളിലൂടെ! പക്ഷേ, സൂക്ഷ്മമായ കളിക്കണക്കുകളിൽ പെദ്രിയെ കാണാം. ഗോളിനും അസിസ്റ്റിനും മുൻപുള്ള പ്രീ അസിസ്റ്റുകളാണു പെദ്രിയുടെ പ്രത്യേകതകളിലൊന്ന്. സ്‌ലൊവാക്യയ്ക്കെതിരെയുള്ള മത്സരത്തിൽ മാത്രം സഹതാരങ്ങൾക്ക് 3 പ്രീ അസിസ്റ്റുകളാണ് പെദ്രി നൽകിയത്.

സ്പാനിഷ് ടീമിലും ബാർസ ടീമിലും ആന്ദ്രെ ഇനിയേസ്റ്റയുടെ പിൻഗാമിയായിട്ടാണു പെദ്രി വാഴ്ത്തപ്പെടുന്നത്. എന്നാൽ‌, ഇനിയേസ്റ്റയെയോ ചാവിയെയോ പോലെ ബാർസയുടെ ലാ മാസിയ അക്കാദമിയിലൂടെയല്ല പെദ്രി വളർന്നത്. കാനറി ദ്വീപസമൂഹത്തിലെ ടെഗെസ്റ്റെ പട്ടണത്തിൽ ജനിച്ച പെദ്രി അവിടെ ലാ പൽമാസ് ക്ലബ്ബിലൂടെയാണു വളർന്നത്. 16-ാം വയസ്സിൽ ബാർസയുമായി കരാറിലെത്തിയെങ്കിലും കഴിഞ്ഞ സീസണിലാണ് അരങ്ങേറ്റം കുറിച്ചത്.

∙ സ്പെയിൻ കപ്പടിച്ചാൽ പെദ്രി തല മൊട്ടയടിക്കും!

സ്പെയിൻ യൂറോ കപ്പ് ജേതാക്കളായാൽ തല മൊട്ടയടിക്കുമെന്നു ടീമിലെ കൗമാരതാരം പെദ്രി. സെമിയിൽ ഇറ്റലിയെ നേരിടുന്നതിനു മുൻപായിരുന്നു പതിനെട്ടുകാരൻ പെദ്രിയുടെ പ്രഖ്യാപനം. ‘ബാർസിലോന ക്ലബ്ബിനായും സ്പെയിൻ ടീമിനായും കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. യൂറോ കപ്പ് ട്രോഫി നേടിയാൽ ഞാൻ അതാഘോഷിക്കാൻ തല മൊട്ടയടിക്കും’ – പെദ്രി പറഞ്ഞു.

English Summary: Pedri Gonzalez, wonder boy of Euro cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com