ADVERTISEMENT

ബ്രസീലിയ∙ കളിക്കളത്തിനു പുറത്തു നല്ല സുഹൃത്തുക്കളാണു മെസ്സിയും നെയ്മറും. എന്നാൽ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ കോപ്പ അമേരിക്ക ഫൈനലിനു പന്തുരുളുമ്പോൾ യാതൊരു ‘ദാക്ഷിണവും’ പ്രതീക്ഷിക്കേണ്ടെന്നു നെയ്മർ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണു നെയ്മര്‍‍ നിലപാടു കടുപ്പിച്ചത്. 

മെസ്സിയെ ആരാധിക്കുന്നതിനാൽ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ബ്രസീലിലെത്തന്നെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയതാണു നെയ്മറെ ചൊടിപ്പിച്ചത്. 

Neymar

∙ ‘ബ്രസീലുകാരനായതിൽ അഭിമാനം’

‘ബ്രസീലുകാരനായതിൽ അഭിമാനിക്കുന്നു. ബ്രസീലിനായി കളിക്കുക എന്നതാണ് എക്കാലത്തും എന്റെ വലിയ ആഗ്രഹം. ആരാധകരുടെ ആർപ്പുവിളികൾ എന്റെ ചെവിയിൽ ഉച്ചത്തിൽ മുഴങ്ങാറുണ്ട്. കായകത്തിലോ മറ്റു മേഖലകളിലോ ബ്രസീൽ മത്സരിക്കുമ്പോൾ ഞാൻ ഒരിക്കലും രാജ്യത്തെ നിന്ദിക്കില്ല, പിന്തുണയ്ക്കാതിരിക്കില്ല. 

കാരണം ഞാൻ ബ്രസീലുകാരനാണ്. ബ്രസീലിൽനിന്നുള്ള ആരാണു മറിച്ചു ചെയ്യുക? ശരി നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു, പക്ഷേ ഇത്തരക്കാർക്കു ... ലേക്കു പോകാം– നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

marquinjos
മാർക്വിന്നോസ്.

∙ പിന്തുണ വേണം: മാർക്വിന്നോസ്

രാജ്യത്തിനു കൂടുതൽ പിന്തുണ നൽകണമെന്നു ബ്രസീൽ പ്രതിരോധനിര താരം മാർക്വിന്നോസും ആരാധകരോട് അഭ്യർഥിച്ചു. ‘ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ വിഷമമുണ്ട്. 

ബ്രസീലിൽനിന്നുള്ള ഒട്ടേറെ ആരാധകർ ടീമിനെ പിന്തുണയ്ക്കുന്നില്ല. ടീമിനായി ആർപ്പു വിളിക്കുന്നതിൽ അവർക്ക് പഴയ താൽപര്യം ഉള്ളതായി തോന്നുന്നില്ല. രാജ്യത്തിന്റെ അവസ്ഥ മോശമാണെന്നു സമ്മതിക്കുന്നു. എന്നാൽ ഞങ്ങൾക്കുള്ളതെല്ലാം കളിക്കളത്തിൽ രാജ്യത്തിനായി നൽകുകയാണ് –’ മാർക്വിന്നോസ് പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്നു അർജന്റീനയും കൊളംബിയയും പിന്മാറിയതോടെ അവസാന നിമഷത്തിലാണു ബ്രസീൽ ടൂർണമെന്റിന്റെ ആതിഥേയത്വം ഏറ്റെടുത്തത്. അടച്ചിട്ട സ്റ്റേഡയത്തിൽ നടത്തുന്ന ടൂർണമെന്റിനോടു ബ്രസീലിലെ ആരാധകരും വലിയ താൽപര്യം കാണിച്ചിരുന്നില്ല. 

കോപ്പ അമേരിക്ക ഫുട്ബോളിൽ ബൊളീവിയയ്ക്കെതിരെ മത്സരത്തിൽ അർജന്റീന താരം ലയണ‍ൽ മെസ്സി. ചിത്രം: DOUGLAS MAGNO / AFP
കോപ്പ അമേരിക്ക ഫുട്ബോളിൽ ബൊളീവിയയ്ക്കെതിരെ മത്സരത്തിൽ അർജന്റീന താരം ലയണ‍ൽ മെസ്സി. ചിത്രം: DOUGLAS MAGNO / AFP

∙ ‘പിന്തുണ അർജന്റീനയ്ക്ക്’ 

ബ്രസീലിയൻ സ്പോർട്സ് ജേണലിസ്റ്റ് ഫാബിയോള ആന്ദ്രാദെ ഉൾപ്പെട ഒട്ടേറെ ആളുകൾ കോപ്പ ഫൈനലിൽ അർജന്റീനയ്ക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ‘എന്നെ പൊതു നിരത്തിൽ വിചാരണ ചെയ്യുന്നതിനു മുൻപ് ഒരു കാര്യം. ഞാൻ ബ്രസീലിനെയും ബ്രസീൽ ഫുട്ബോളിനെയും സ്നേഹിക്കുന്നു, ആരാധിക്കുന്നു. 

എനിക്ക് അർജന്റീനക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്നാൽ അവർക്കു വേണ്ടിയല്ല കോപ്പ ഫൈനലിൽ ഞാൻ അർ‌ജന്റീനയ്ക്കായി ആർപ്പു വിളിക്കുക. ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു. ലയണൽ മെസ്സിയെയും. ഇവർക്കാണ് എന്റെ പിന്തുണ. അർജന്റീന ജഴ്സിയിൽ മെസ്സി ഒരു കിരീടം നേടട്ടെ, നീതിക്കു വേണ്ടി,–’ ആന്ദ്രാദെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. രാജ്യത്തിനായി ഒരു കീരീടം നേടുക എന്നാതാണു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നു കൊളംബിയയ്ക്കെതിരായ സെമിയിലെ വിജയത്തിനു ശേഷവും 34 കാരനായ മെസ്സി ആവർത്തിച്ചിരുന്നു. 

English Summary: Copa America: Neymar hits out at Brazil supporters for backing Messi in final 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com