ADVERTISEMENT

ദക്ഷിണ അമേരിക്കയുടെ ലോകകപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിലേക്ക് ഫുട്ബോൾ ആരാധകർക്ക് മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം.  ലോക ഫുട്ബോളിലെ ഏറ്റവും ആവശം നിറഞ്ഞ പോരാട്ടങ്ങളുടെ ചരിത്രമാണ് ഓരോ ബ്രസീൽ– അർജന്റീന മൽസരങ്ങളും സമ്മാനിച്ചിട്ടുള്ളത്. 

ബ്രസീൽ– അർജന്റീന മൽസരങ്ങളെ ഫിഫ വിശേഷിപ്പിച്ചിട്ടുള്ളത് ‘ഫുട്ബോൾ വൈര്യത്തിന്റെ സത്ത്’ എന്നാണ്. ലോകഫുട്ബോളിലെ ചിരവൈരികളുടെ പോരാട്ടങ്ങളിൽ ഒന്നാമത് നിൽക്കുന്നവയുടെ കൂട്ടത്തിൽ ബ്രസീൽ–അർജന്റീന, ഇംഗ്ലണ്ട്– സ്കോട്‌ലൻഡ് എന്നിവർ തമ്മിലുള്ള മൽസരങ്ങളാണ്. ബാറ്റിൽ ഓഫ് ദ് അമേരിക്കാസ് എന്നാണ് പരമ്പരാഗത വൈരികളായ അർജന്റീനയും ബ്രസീലും തമ്മിലുള്ള മൽസരങ്ങളെ വിശേഷിപ്പിക്കാറുള്ളത്. 

copa-neymar-messi-malappuram-1

∙ നൂറ്റാണ്ടുകളുടെ ചരിത്രം

ബ്രസീൽ– അർജന്റീന ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് പറയാൻ. രാജ്യാന്തര ഫുട്ബോളിൽ ഇരുരാജ്യങ്ങളും ആദ്യമായി ഏറ്റുമുട്ടിയത് 1914 സെപ്റ്റംബർ 20നാണ്.  ബ്യൂനസ് ഐറിസിൽ നടന്ന മൽസരത്തിൽ അർജന്റീന 3–0ന് ബ്രസീലിനെ തോൽപിച്ചു. ബ്രസീൽ ഫുട്ബോളിനെ നിയന്ത്രിക്കുന്ന ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പിറക്കുന്നതിനുമുൻപെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്.

അവയക്ക് ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നില്ല എന്നുമാത്രം. 1908–1913 കാലത്ത് 16 മൽസരങ്ങൾ നടന്നിരുന്നെങ്കിലും അവയ്ക് ഔദ്യോഗിക മൽസരങ്ങളുടെ പദവി ഉണ്ടായിരുന്നില്ല. 1908ൽ സാവോപോളോയിൽ നടന്ന മൽസരത്തിലാണ് ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത്. അന്ന് മൽസരം സമനിലയിൽ പിരിഞ്ഞു (2–2). 

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും തമ്മിലുണ്ടായിട്ടുള്ള സംഘർഷങ്ങളും രാഷ്ട്രീയ തർക്കങ്ങളും ആരും ഓർക്കാറില്ല. എന്നാൽ ഫുട്ബോളിലെ പരമ്പരാഗത വൈരികൾ എന്ന നിലയിൽ ഇവർ തമ്മിൽ നടന്നിട്ടുള്ള മൽസരങ്ങൾ കായികപ്രേമികളുടെ മനസിലുണ്ട്

pacquetta-neymar
ബ്രസീൽ താരങ്ങളായ ലൂക്കാസ് പക്വെറ്റ, നെയ്മർ എന്നിവർ.

∙ ജയത്തിന്റെ കണക്കിൽ ബ്രസീൽ

ബ്രസീൽ–അർജന്റീന മൽസരങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ നിയന്ത്രണസംഘടനകൾ സൂക്ഷിച്ചുവച്ചിട്ടുള്ള കണക്കുകളിൽ നേരിയ വ്യത്യാസം കാണാം. ഫിഫയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരുടീമുകളും ഏറ്റുമുട്ടിയത് 105 തവണ. 

ഇതിൽ ബ്രസീൽ 41 ജയവുമായി മുന്നിട്ടുനിൽക്കുമ്പോൾ അർജന്റീന കുറിച്ചത് 38 ജയങ്ങൾ. 26 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഗോളടിയിലും ബ്രസീലിനാണ് നേരിയ മുൻതൂക്കം: 163 ഗോളുകൾ. അർജന്റീന 160 തവണ ബ്രസീൽവല ചലിപ്പിച്ചു. 

ഇരു ടീമുകളുടെയും ആരാധർക്ക് ഒരു പിടി നേട്ടങ്ങൾ സമ്മാനിച്ച ചരിത്രമുണ്ട്. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് ഉയർത്തിയപ്പോൾ (1958, 62, 70, 94, 2002) അർജന്റീന രണ്ടു തവണ കിരീടം ചൂടി (1978, 1986). വൻകരകളുടെ മാറ്റ് തെളിയിക്കുന്ന കോൺഫഡറേഷൻസ് കപ്പിൽ ബ്രസീൽ നാലു തവണ മുത്തമിട്ടപ്പോൾ അർജന്റീന ഒരിക്കൽ ജേതാക്കളായി.  അർജന്റീന 14 തവണ കോപ അമേരിക്ക സ്വന്തമാക്കി, ബ്രസീൽ ഒൻപത് തവണയും. ഒളിംപിക്സിൽ രണ്ടു തവണ അർജന്റീന സ്വർണമണിഞ്ഞപ്പോൾ ബ്രസീൽ ഒരിക്കൽ കിരീടം സ്വന്തമാക്കി (2016). 

അർജന്റീനയ്ക്കായി ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസും അസിസ്റ്റ് നൽകിയ ലയണൽ മെസ്സിയും ആഹ്ലാദത്തിൽ.  നിരാശനായി നിൽക്കുന്ന കൊളംബിയ ഗോൾകീപ്പർ ഒസ്പിനയേയും കാണാം (കോപ്പ അമേരിക്ക ട്വീറ്റ് ചെയ്ത ചിത്രം)
അർജന്റീന താരങ്ങളായ ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവർ.

∙ കോപ്പയിൽ അർജന്റീന

ലോകകപ്പിൽ ബ്രസീൽ–അർജന്റീന ഫൈനലിനുവേണ്ടി ഫുട്ബോൾ ആരാധകർ കാത്തിരുന്നിട്ടുണ്ടെങ്കിലും അങ്ങനെയൊന്ന് ഇതേവരെ സംഭവിച്ചിട്ടില്ല. ലോകകപ്പിൽ ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ  രണ്ടു പ്രാവശ്യം ജയിച്ചു, അർജന്റീന ഒരിക്കലും. ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്കയിൽ ഇരു ടീമുകളും 33 തവണ ഏറ്റുമുട്ടി. അർജന്റീന–15, ബ്രസീൽ– 10, സമനില – 8 എന്നതായിരുന്നു കണക്കുകൾ. 

ഇരുരാജ്യങ്ങളും പരസ്പരം പോരാടിയതിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തിപരമായ നേട്ടങ്ങളുടെ കാര്യത്തിൽ രണ്ടു താരങ്ങൾ കൂടുതൽ തിളങ്ങി നിൽക്കുന്നു: കൂടുതൽ  മൽസരങ്ങൾ എന്ന റെക്കോർഡ് ഹവിയർ സനേറ്റിയുടെ പേരിലും (16) കൂടുതൽ ഗോളുകൾ ലിയോണിഡാസിന്റെ പേരിലുണാണ് (എട്ട്). ഏറ്റവും വലിയ വിജയം അർജന്റീനയ്ക്ക് സ്വന്തം (6–1). 1940ലെ മൽസരത്തിലാണ് ഈ ജയം പിറന്നത്. 

English Summary: History and Stats of Brazil- Argentina matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com