ADVERTISEMENT

റിയോ ഡി ജനീറോ∙ കാൽപ്പന്തു കൊണ്ട് കവിത രചിക്കുന്ന പതിവ് ലാറ്റിനമേരിക്കൻ ശൈലിക്ക് പരുക്കൻ അടവുകളും മഞ്ഞക്കാർഡുകളുടെ ധാരാളിത്തവും വിഘാതമായെങ്കിലും, മൂന്നു പതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് ഒടുവിലാണ് ബ്രസീലിനെ കീഴ്പ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത്. 1993ൽ കിരീടം ചൂടിയ ശേഷം നാലു ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്ക് കിരീടത്തിൽ മുത്തമിടാനായില്ല. അതിൽ രണ്ടു തവണയും തോറ്റു മടങ്ങിയത് ബ്രസീലിനോട്. അതുകൊണ്ടുതന്നെ ഇത്തവണ കിരീടനേട്ടം മതിമറന്ന് ആഘോഷിക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും അധികം കാരണങ്ങൾ തിരയേണ്ട!

കോപ്പ അമേരിക്ക കിരീടം കൈപ്പിടിയിലൊങ്ങിയെന്ന് ഉറപ്പിച്ച നിമിഷത്തിൽ ഗ്രൗണ്ടിലിരുന്നുപോയ മെസ്സിയുടെ പ്രതികരണത്തിലുണ്ട്, കിരീടനേട്ടത്തിന്റെ അത്യാഹ്ലാദം. ഇത്തവണ കോപ്പ അമേരിക്ക‌യിൽ സ്ഥിരം ശൈലി വിട്ട് പലപ്പോഴും വികാര തീവ്രതയോടെ പ്രതികരിക്കുന്ന മെസ്സി പതിവു കാഴ്ചയായിരുന്നു. സെമിഫൈനലിൽ കൊളംബിയയുമായി െപനൽറ്റി ഷൂട്ടൗട്ടിൽ പോരടിക്കുമ്പോൾ, ഓരോ കിക്കിനുശേഷവും മെസ്സിയുടെ മുഖത്തേക്ക് ‘സൂം’ ചെയ്ത ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങളുടെ ഓരോ ഷോട്ടും ഗോൾവലയെ ചുംബിക്കുമ്പോൾ മുഷ്ടി ചുരുട്ടിയും ഉച്ചത്തിൽ അലറിയും മെസ്സി ആഘോഷിക്കുന്നത് കൗതുകത്തോടെയാണ് ആരാധകർ കണ്ടത്. കഴിഞ്ഞ യൂറോ കപ്പിൽ പരുക്കേറ്റ് പുറത്തായി മൈതാനത്തിനു പുറത്ത് ‘പരിശീലകനായി’ പകർന്നാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചിലരെങ്കിലും സ്മരിച്ചിരിക്കും. അതേ വികാര തീവ്രതയോടെയാണ് മെസ്സി ഇത്തവണ ഓരോ നിമിഷവും ആഘോഷിച്ചത്.

അതിന്റെയെല്ലാം പൂർത്തീകരണമാണ് ഇക്കുറി കോപ്പ അമേരിക്ക ഫൈനലിലെ‍ വിജയാഘോഷത്തിൽ കണ്ടത്. മാറക്കാനയിൽ കിരീടനേട്ടം ആഘോഷിക്കുമ്പോഴും പതിവ് മാനറിസങ്ങൾ വിട്ട് സ്വന്തം ശൈലിയിൽനിന്ന് മാറി നടക്കുകയായിരുന്നു മെസ്സി. ഈ കിരീടം താരം എത്രമാത്രം മോഹിച്ചിരുന്നുവെന്നതിന്റെ ദൃഷ്ടാന്തം പോലെ...!

English Summary: Lionel Messi Keeps Celebrating Teammates At Bay As He Consoles Neymar After Argentina Win Copa America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com