ADVERTISEMENT

ലണ്ടൻ∙ ‘ഇതിലും മികച്ച ട്രോൾ സ്വപ്നങ്ങളിൽ മാത്രം’ – ആരേക്കുറിച്ചാണെന്നല്ലേ? ന്യൂസീലൻഡ് ക്രിക്കറ്റ് താരം ജയിംസ് നീഷം, മുൻ താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ് എന്നിവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യൂറോ കപ്പ് ഫൈനലിൽ ഇറ്റലി – ഇംഗ്ലണ്ട് പോരാട്ടം പുരോഗമിക്കുമ്പോൾ നീഷമും സ്റ്റൈറിസും ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിൽ അവസാനിച്ചതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് ആവശ്യമായി വന്നിരുന്നു.

മത്സരം ഷൂട്ടൗട്ടിലേക്കാണെന്ന് ഉറപ്പായതോടെ നീഷമും സ്റ്റൈറിസും പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് ഇപ്പോൾ ചർച്ചാവിഷയം. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡ് ആതിഥേയരായ ഇംഗ്ലണ്ടിനോടു തോറ്റ രീതിയെ പരിഹസിക്കുന്നതാണ് ഇരുവരുടെയും ട്വീറ്റ്. മത്സരം ഷൂട്ടൗട്ടിലേക്കാണെന്ന് ഉറപ്പിച്ചതിനു പിന്നാലെ ജയിംസ് നീഷം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

‘എന്തിനാണ് ഇങ്ങനെയൊരു പെനൽറ്റി ഷൂട്ടൗട്ട്? കൂടുതൽ പാസുകൾ പൂർത്തിയാക്കിയവരെ വിജയപ്പിച്ചാൽ പോരേ?’ – തമാശ രൂപേണയെന്ന് ഹാഷ്ടാഗിൽ സൂചിപ്പിച്ച് നീഷം കുറിച്ചു.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ നീഷമിന്റെ ടീമായ ന്യൂസീലൻഡും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. മത്സരം ടൈയിൽ അവസാനിച്ചതിനെ തുടർന്ന് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ നടത്തിയിരുന്നു. എന്നാൽ, സൂപ്പർ ഓവറും ടൈയിൽ പിരിഞ്ഞതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചട്ടപ്രകാരം കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇത്തരത്തിൽ ലോകകപ്പ് വിജയികളെ തീരുമാനിച്ചത് പിന്നീട് വൻ വിവാദമായി. ഇതിന് ആധാരമായ നിയമം പരിഷ്കരിക്കാൻ ഐസിസി തീരുമാനിച്ചിരുന്നു. ബൗണ്ടറിയെണ്ണി ലോകകപ്പ് ജേതാക്കളെ നിർണയിച്ചത് വൻതോതിൽ ട്രോളുകൾക്കും കാരണമായി. അന്നത്തെ ഫൈനൽ തോൽവിയുടെ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ജയിംസ് നീഷമിന്റെ ട്വീറ്റ്.

ഇതേസമയത്ത്, ന്യൂസീലൻഡിന്റെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസും സമാന സ്വഭാവമുള്ള ട്വീറ്റിലൂടെ ശ്രദ്ധ നേടി. ‘സ്റ്റിൽസാൾട്ടി’ എന്ന ഹാഷ്ടാഗ് സഹിതം സ്റ്റൈറിസിന്റെ വാക്കുകൾ ഇങ്ങനെ:

‘എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഇംഗ്ലണ്ടിനല്ലേ കൂടുതൽ കോർണറുകൾ ലഭിച്ചത്? അപ്പോൾ അവരാണ് ചാംപ്യൻമാർ’ – സ്റ്റൈറിസ് കുറിച്ചു.

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയും ഇംഗ്ലണ്ടും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽത്തന്നെ വിങ്ങർ ലൂക്ക് ഷായിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു. കീറൻ ട്രിപ്പിയറിന്റെ പാസിൽനിന്ന് ലൂക്ക് ഷാ തൊടുത്ത ഹാഫ് വോളി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയെ മറികടന്ന് വലയിൽ കയറുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ കോർണർ കിക്കിൽനിന്നെത്തിയ പന്തിന് ഇംഗ്ലണ്ട് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗോളിലേക്ക് വഴികാട്ടി ഇറ്റലിയുടെ വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില സമ്മാനിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് ഷൂട്ടൗട്ട് അനിവാര്യമായത്.

English Summary: 'Whoever made most passes wins?' - Neesham and Styris hilarious take on Euro final reminds fans of NZ's World Cup loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com