ADVERTISEMENT

കോഴിക്കോട്∙ പുരുഷ ടീമിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ വനിതാ ടീമും എഎഫ്സി ടൂർണമെന്റിലേക്ക്. ഏഷ്യൻ ഫു‍ട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) വനിതാ ക്ലബ് ചാംപ്യൻഷിപ്പിലേക്കാണ് ഇന്ത്യൻ വനിതാ ലീഗ് ചാംപ്യൻമാരായ ഗോകുലം തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബർ 30 മുതൽ നവംബർ 14 വരെയാണ് ടൂർണമെന്റ്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വനിതാ ലീഗ് ചാംപ്യന്മാരായ 8 ടീമുകളാണു പങ്കെടുക്കുന്നത്. ഇറാൻ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകളാകും ഗോകുലം ഉൾപ്പെടുന്ന ‘ഗ്രൂപ്പ് ബി’ യിൽ മത്സരിക്കുക. വേദി തീരുമാനമായിട്ടില്ല.

ഐ ലീഗ് ചാംപ്യന്മാരായ ഗോകുലം പുരുഷ ടീം അടുത്തവർഷം നടക്കുന്ന എഎഫ്സി കപ്പിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബിന്റെ പുരുഷ, വനിതാ ടീമുകൾക്ക് ഒരേസമയം എഎഫ്സി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

എഎഫ്സി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇത്തവണത്തെ ഇന്ത്യൻ വനിതാ ചാംപ്യന്മാർക്ക് അവസരം നൽകാനായിരുന്നു അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷന്റെ തീരുമാനം. എന്നാൽ, കോവിഡ് മൂന്നാം തരംഗവും കനത്ത മഴയും പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ ഒഡീഷയിൽ നടക്കേണ്ടിയിരുന്ന വനിതാ ലീഗ് എഐഎഫ്എഫ് മാറ്റിവച്ചു. ഇതോടെയാണ് നിലവിലെ ചാംപ്യന്മാരായ ഗോകുലത്തിനു നറുക്ക് വീണത്. ഇതിനു മുൻപ് 2019ൽ മാത്രമാണ് എഎഫ്സി വനിതാ ചാംപ്യൻഷിപ് നടന്നത്. അത്തവണ ഇന്ത്യൻ ടീമുണ്ടായിരുന്നില്ല.

ടീം അടിമുടി മാറും

ഇന്ത്യൻ വനിതാ ലീഗ് ചാംപ്യന്മാരായ ടീമിൽ നിന്നു മാറ്റങ്ങളുമായാകും ഗോകുലം ഇറങ്ങുക. ഗോകുലത്തെ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേപ്പാളിൽ നിന്നുള്ള സൂപ്പർ താരം സബിത്ര ഭണ്ഡാരിക്കു പരുക്കേറ്റതിനാൽ ഇത്തവണ ടീമിലുണ്ടാകില്ല. എഎഫ്സി ടൂർണമെന്റിൽ 5 വിദേശ താരങ്ങളെ വരെ കളിപ്പിക്കാം. വിദേശ താരങ്ങളുമായി ക്ലബ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശി പി.വി.പ്രിയ തന്നെയാകും ഗോകുലത്തിന്റെ ഹെഡ് കോച്ച്.

English Summary: Gokulam women's team to Asian Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com