ADVERTISEMENT

ഇന്നാണ് ആ മാച്ച്. യൂറോപ്പിനു പുറത്ത് ഏറെയൊന്നും കൊട്ടിഘോഷിക്കപ്പെടുന്ന ലീഗല്ല ജർമനിയിലെ ബുന്ദസ്‌ലിഗ. ഇന്നു പക്ഷേ യൂറോപ്പിന്റെ ശ്രദ്ധ മുഴുവൻ ജർമനിയിലെ ഈ പോരാട്ടത്തിലേക്കാണ്. ഇതാണു സൂപ്പർ കപ്പ് പോര്. ബയേൺ മ്യൂനിക്കും ബൊറൂസിയ ഡോർട്മുണ്ടും തമ്മിൽ. ഇന്നു കളത്തിലിറങ്ങുന്നത് കളിപ്രേമികളുടെ ഹൃദയം കവർന്ന പോരാളികളാണ്. അവർക്കു താരത്തിളക്കമുണ്ട്.

പക്ഷേ യൂറോപ്പിൽ കളിക്കുന്ന മറ്റു ചിലരുടെയത്ര വെള്ളിവെളിച്ചം അവർ സൃഷ്ടിക്കുന്നില്ല. എന്നാലും ഉയർന്ന നിലവാരമുള്ള കളിക്കാരാണ്. ആരാധക മനസ്സിൽ തിരയിളക്കുന്നവർ. റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മുള്ളർ, ഏർലിങ് ഹാലൻഡ്, ജിയോ റെയ്ന എന്നിങ്ങനെ പോകുന്നു ആ പട്ടിക.

∙ എന്താണു സൂപ്പർ കപ്പ്?

ജർമനിയിലെ സൂപ്പർ കപ്പിനൊരു പാരമ്പര്യമുണ്ട്. ജർമൻ ക്ലാസ്സിക്കോ എന്നാണതിനെ പുറത്തുള്ളവർ വിളിക്കുന്നത്. ‘ദെ ക്ലാസ്സിക്കെർ’ എന്നു ജർമൻകാർ വിളിക്കും. തൊട്ടുമുൻപത്തെ സീസണിലെ ഡിഎഫ്ബി കപ്പ് ജേതാക്കളും ഒന്നാംനിര ലീഗായ ബുന്ദസ്‌ലിഗയിലെ ചാംപ്യൻമാരുമാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്. ജർമനിയിലെ ഏറ്റവും മികച്ച 2 ടീം എന്നർഥം. തൊട്ടുമുൻപത്തെ 2 വർഷം ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും സൂപ്പർ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ രണ്ടുകൂട്ടർക്കും വിജയം കൈവരിക്കാനായി.

∙ ഇക്കുറി ആര്?

രണ്ടു ടീമുകളുടെ പോരാട്ടം എന്നതിനപ്പുറം ചില താരങ്ങളുടെ നേർക്കുനേർ കൊമ്പുകോർക്കൽ കാണാം ഇന്നു രാത്രി. പരിചയസമ്പന്നനായ റോബർട്ട് ലെവൻഡോവ്സിക്ക് എതിരെ യുവതാരം ഏർലിങ് ഹാലൻഡ്. രണ്ടു ചാംപ്യൻ സ്ട്രൈക്കർമാർ. ഗോളടി യന്ത്രമാണ് ലെവൻഡോവ്സ്കി (32). അദ്ദേഹത്തിന്റെ പിൻമുറക്കാരനാണ് ഗോളടിയുടെ അർഥത്തിൽ ഇരുപത്തൊന്നുകാരൻ ഏർലിങ്. ഇവർ തമ്മിലുള്ള പോര്, കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഗോളടിക്കാരൻ ഗെർഡ് മുള്ളർക്കുള്ള ആദരാഞ്ജലി ആയിട്ടാണു ഫുട്ബോൾ ലോകം കാണുന്നത്.

മറ്റൊരു പോരാട്ടം മാർക്കോ റ്യൂസും തോമസ് മുള്ളറും തമ്മിലാണ്. രണ്ടുപേരും പരിചയസമ്പന്നർ. മാനുവൽ ന്യൂയറും ഗ്രെഗർ കോബെലും തമ്മിലും ശ്രദ്ധേയ പോരാട്ടങ്ങളുണ്ടാകും. സ്വീപ്പർ–കീപ്പർ ശൈലിയിലൂടെ മനംകവർന്നയാൾ ന്യൂയർ. മറ്റേയാൾ ഒട്ടും മോശക്കാരനല്ല. കളത്തിന്റെ മറ്റൊരു ഭാഗത്തു മാറ്റുരയ്ക്കുന്ന ജൂഡ് ബെല്ലിങ്ങാമിനെയും ജോഷ്വാ കിമ്മിച്ചിനെയും മറന്നുകൂടാ... ജിയോ റെയ്ന–ജമാൽ മുസിലായ പോരും ശ്രദ്ധേയമാകും.

∙ പരിശീലകർ ‘മനോരമ ഓൺലൈൻ’ അഭിമുഖത്തിൽ...

ബയേൺ മ്യൂനിക് കോച്ച് ജൂലിയൻ നെഗൽസ്മൻ  പറയുന്നു...

∙ബയേൺ കോച്ച് എന്ന നിലയ്ക്ക് ആദ്യജയം തേടുകയാണു ഞാൻ. ആദ്യജയം ആദ്യകിരീടം ആകുമെന്ന് അറിയാം. പക്ഷേ കടുത്ത പോരാട്ടമായിരിക്കും. ഞങ്ങളുടെ പ്രീസീസൺ അൽപം വൈകി. എതിരാളികളാവട്ടെ, ലീഗിൽ മികച്ച തുടക്കമാണു കുറിച്ചിരിക്കുന്നത്.

∙എതിരാളികളുടെ പ്രത്യാക്രമണത്തെ പേടിക്കണം. ഇതു പറയാൻ നാണക്കേടൊന്നുമില്ല. ചില നേരത്ത് അവർ കെട്ടുപൊട്ടിച്ചുപായും.  അവരുടെ സ്ട്രൈക്കർമാർ മികച്ച ഫോമിലാണ്. ഞങ്ങളുടെ പ്രതിരോധനിരയ്ക്കു തൊട്ടുമുൻപിലുള്ള സ്പേസ് അവർ എങ്ങനെ ഉപയോഗിക്കുമെന്നതാണു പ്രധാനം. പന്തു നഷ്ടമായാലുടൻ ‘കൗണ്ടർ പ്രസ്’ നടത്തിയേ തീരൂ.

julien-nagelsmann
ജൂലിയൻ നെഗൽസ്‌മൻ (ട്വിറ്റർ ചിത്രം)

∙കൂടുതൽ നീളമേറിയ പാസുകൾ ഒഴിവാക്കേണ്ടിവന്നേക്കാം. എതിർ പകുതിയിൽ പന്തു കൈവശപ്പെടുത്തുക, പ്രത്യാക്രമണം അവിടെനിന്നു തുടങ്ങുക എന്നതാവും ഞങ്ങൾ ലക്ഷ്യമിടുന്നത്.

∙ഹാലൻഡിനെ നേരിടുക എന്നതൊരു ദൗത്യമായിരിക്കും. അത് ടീം ഒറ്റക്കെട്ടായി ചെയ്യും.

∙ ബൊറൂസിയ ഡോർട്മുണ്ട് കോച്ച് മാർക്കോ റോസ് പറയുന്നു...

∙ഹാലൻഡിനെ എതിരാളികൾ പേടിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്. അതിലേറെ സന്തുഷ്ടനാണ് ഹാലൻഡും മറ്റു കളിക്കാരും മികച്ച ഫോമിൽ ആണെന്നതിൽ. ഏർലിങ് പൂർണതയുള്ള കളിക്കാരനാകാൻ ആഗ്രഹിക്കുന്നു. അത് അവൻ സ്വയം ആവർത്തിക്കുകയും ചെയ്യുന്നു. അത്തരമൊരു കളിക്കാരൻ ടീമിന്റെ ഡ്രസിങ് റൂമിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്.

∙ഈ സീസണിലെ ആദ്യ മത്സരഫുട്ബോൾ കഴിഞ്ഞിട്ട് 3 ദിവസമേ ഞങ്ങൾക്കു കിട്ടുന്നുള്ളൂ. ശാരീരികമായൊരു വീണ്ടെടുപ്പിന് അതിലേറെ സമയം ആവശ്യമാണ്. പക്ഷേ മികച്ച ഫോമിൽ, മികച്ച പ്രകടനത്തിനു കാത്തുനിൽക്കുന്നു.

marco-rose
മാർക്കോ റോസ് (ട്വിറ്റർ ചിത്രം)

∙ഇതൊരു കിരീടപ്പോരാട്ടമാണ്. കിരീടങ്ങളിലേക്കാണു നമ്മുടെ കഠിനാധ്വാനം. ഈ ക്ലബിന്റെ അകവും പുറവും മനസ്സിലാക്കുന്ന ഈ കളിക്കാർക്ക് ആ കിരീടത്തിനായുള്ള പോരാട്ടത്തിന്റെ പ്രാധാന്യം അറിയാം.

∙എന്റെ കളിക്കാർ തന്ത്രങ്ങളെക്കുറിച്ച് അധികം തലപുകയ്ക്കേണ്ടതില്ല. പരിചയസമ്പന്നർ കളത്തിലുണ്ട്. എന്റെ കാഴ്ചപ്പാട് അവർക്കറിയാം. ഇതാ, ഇങ്ങനെ ചെയ്യണമെന്ന് അവർ നയിച്ചോളും. യുവതാരങ്ങളുടെ കരുത്തിലും ആത്മാർഥതയിലും ഞാൻ ആനന്ദിക്കുന്നു.

∙ സാഞ്ചോയ്ക്കു പകരം റെയ്ന?

ജിയോവാനി റെയ്നയ്ക്കു വയസ് 18. പക്ഷേ ബൊറൂസിയ ഡോർട്മുണ്ട് എന്ന ജർമൻ ക്ലബിന്റെ നെടുന്തൂണായി മാറുകയാണ് ജിയോ. ആകർഷകമായ ഓഫറിൽ കൂടുമാറിപ്പോയ ജെയ്ഡൻ സാഞ്ചോയുടെ പിൻഗാമിയാണോ എന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ‘മനോരമ ഓൺലൈൻ’ അഭിമുഖത്തിൽ മറുപടി പറയുന്നു, ജിയോ റെയ്ന.

∙ സാഞ്ചോയുടെ പിൻഗാമിയാണോ?

∙ സാഞ്ചോ ക്ലബ് വിടുമോ എന്ന സംസാരം കുറച്ചുനാളായി ഉണ്ടായിരുന്നു. അദ്ദേഹം പോകുകയാണെങ്കിൽ ആ സ്ഥാനം എനിക്കാണെന്നു പലരും പറയുകയും ചെയ്തു. അതെ, ആ റോൾ ഏറ്റെടുക്കാൻ ഞാൻ തയാറാണ്. പക്ഷേ അദ്ദേഹം ചെയ്ത കാര്യങ്ങൾ അതേ പൂർണതയിൽ നിറവേറ്റാൻ എനിക്കു കഴിയുമോ എന്നറിയില്ല. എന്നെ ഏറെ സഹായിച്ചിട്ടുള്ള ആളാണ്. ഈ സീസണിൽ മാത്രമല്ല, വരുംസീസണുകളിലും അദ്ദേഹം ചെയ്ത കാര്യങ്ങൾ പൂർത്തിയാക്കാൻ ഞാൻ ശ്രമിക്കും. മെച്ചപ്പെടാനുള്ള ശ്രമം എന്നുമുണ്ടാകും.

giovanni-reyna
ജിയോവാനി റെയ്ന (ട്വിറ്റർ ചിത്രം)

∙ മെച്ചപ്പെടാനുള്ള ശ്രമത്തിൽ പോസിറ്റീവ് ഘടകങ്ങൾ എന്തൊക്കെയാണ്?

∙ കോച്ച് മാർക്കോ റോസിന്റെ സാന്നിധ്യം തന്നെ. കൂടുതൽ ആക്രമണോത്സുക ഫുട്ബോൾ ആവശ്യപ്പെടുന്ന പരിശീലകനാണ് അദ്ദേഹം. ഈ സീസണിൽ ഡോർട്മണ്ട് കൂടുതൽ ആക്രമിച്ചു കളിക്കും. എതിർ ഗോൾ മേഖലയിൽ ആക്രമിച്ചു കളിക്കുമ്പോൾത്തന്നെ പ്രതിരോധത്തിൽ ഒരു കണ്ണുവേണമെന്നതാണ് അദ്ദേഹം എന്നിൽനിന്ന് ആഗ്രഹിക്കുന്നത്. ഊർജസ്വലത. അതും ആക്രമണത്തിലെ പ്രതിരോധത്തിൽ ഏറെ ആവശ്യമാണ്. അത്തരമൊരു നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്.

∙ എന്തൊക്കെയാണു കോച്ച് നൽകിയ ഉപദേശങ്ങൾ?

∙ ചെറിയ കാര്യങ്ങളാണ്. പ്രസ് ചെയ്തു കളിക്കുക. എതിർ നിരയിലെ ആക്രമണകാരികളുടെ കാലിൽ പന്തുള്ളപ്പോൾ   കൂടുതൽ അടുത്തുചെന്നു വെല്ലുവിളിക്കുക. അത് എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരാറുണ്ട്. ഓരോ ഉപദേശവും അന്നന്നുതന്നെ പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിക്കാറുമുണ്ട്.

English Summary: Borussia Dortmund vs Bayern Munich, German Super Cup Match, live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com