ADVERTISEMENT

മുംബൈ∙ ക്രൊയേഷ്യയിലെ മുൻനിര ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്കു പന്തു തട്ടാൻ സന്ദേശ് ജിങ്കാൻ ഇനിയും കാത്തിരിക്കണം. ടോപ് ലീഗ് ക്ലബ്ബായ എച്ച്എൻകെ ഷിബെനിക്കിൽ ചേർന്നതായി സ്ഥിരീകരിച്ചതിന്റെ മൂന്നാം ദിവസം ജിങ്കാൻ പരുക്കിന്റെ പിടിയിലായതാണ് കാരണം. റിജേക്കാ എഫ്സിക്കെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ജിങ്കാൻ പരുക്കിന്റെ പിടിയിലായെന്ന് എച്ച്എൻകെ ഷിബെനിക്ക് പരിശീലകൻ മരിയോ റോസാസ് സ്ഥിരീകരിച്ചു.

ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ കവർന്ന് ജിങ്കാൻ ക്രൊയേഷ്യൻ ക്ലബ്ബിൽ ചേർന്ന് മണിക്കൂറുകൾക്കുള്ളിലാണ് താരത്തിന് പരുക്കേറ്റത്. ക്ലബ്ബിന്റെ മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് പരുക്കുമൂലം ടീമിനു പുറത്തായവരെക്കുറിച്ച് എച്ച്എൻകെ ഷിബെനിക് പരിശീലകൻ പ്രതികരിച്ചത്. ജിങ്കാനു പുറമേ ഈ സീസണിൽ ഇന്റർ മിലാനിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിച്ച ക്രിസ്റ്റഫർ അത്തിസും പരുക്കിന്റെ പിടിയിലാണ്. ഇരുവരെയും ടീമിന്റെ അടുത്ത മത്സരത്തിൽ പരിഗണിക്കില്ലെന്ന് പരിശീലകൻ അറിയിച്ചു.

സന്ദേശ് ജിങ്കാൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയനായെന്ന് പരിശീലകൻ വ്യക്തമാക്കി. ‘ജിങ്കാൻ എംആർഐ സ്കാനിന് വിധേയനായിട്ടുണ്ട്. താരത്തിന്റെ പരുക്കിനെക്കുറിച്ച് ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. ചിലരുടെ അഭിപ്രായത്തിൽ അടുത്ത ആഴ്ച ജിങ്കാന് പരിശീലനം പുനരാരംഭിക്കാം. എന്തായാലും കാത്തിരുന്ന് കാണാം. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കരുതുന്നു’ – പരിശീലകൻ വ്യക്തമാക്കി.

പോയ വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തെട്ടുകാരനായ ജിങ്കാൻ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാനിൽനിന്നാണ് എച്ച്എൻകെ ഷിബെനിക്കിൽ ചേർന്നത്. 1932ൽ സ്ഥാപിതമായ ഈ ക്ലബ്, പുതിയ മാനേജ്മെന്റിനു കീഴിൽ കഴിഞ്ഞ സീസണിലാണ് ഒന്നാം ലീഗിലേക്ക് തിരിച്ചെത്തിയത്. 

English Summary: Sandesh Jhingan injured three days after joining Croatia’s HNK Sibenik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com