ADVERTISEMENT

‘റയൽ മഡ്രിഡിന് എന്തുമാകാമല്ലോ’– അസൂയ മൂത്ത എതിർ ക്ലബ്ബുകൾക്കു പറഞ്ഞു നടക്കാം! കോവിഡ് മഹാമാരിയുടെ കാലത്തും അയ്യായിരം കോടിയിലേറെ രൂപ ചെലവിട്ട് റയൽ തങ്ങളുടെ ഹോം സ്റ്റേ‍ഡിയമായ സാന്തിയാഗോ ബെർണബ്യൂ നവീകരിക്കുന്നതാണ് കാരണം. സ്റ്റേഡിയം നിറയുന്ന സ്ക്രീനും മഴയത്ത് അടച്ചിടാവുന്ന മേൽക്കൂരയുമെല്ലാമുള്ള സ്റ്റേഡിയത്തിലേക്കുള്ള ‘രണ്ടാം ഗൃഹപ്രവേശവും’ റയൽ മോശമാക്കിയില്ല.

കഴിഞ്ഞയാഴ്ച ലാ ലിഗ ഫുട്ബോളിൽ സെൽറ്റ വിഗോയ്ക്കെതിരെ ആരാധകർക്കു മുന്നിൽ 5–2 ജയം. ചാംപ്യൻസ് ലീഗിലും ലാ ലിഗയിലും എവേ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം റയൽ ഇന്നു വീണ്ടും സാന്തിയാഗോ ബെർണബ്യൂവിൽ ഇറങ്ങുകയാണ്. എതിരാളികൾ മയ്യോർക്ക. പുതിയ സ്റ്റേഡിയത്തിന്റെ ത്രീഡി ദൃശ്യങ്ങൾ റയൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. പുതിയ സ്റ്റേഡിയത്തിന്റെ വിശേഷങ്ങളിങ്ങനെ...

∙ കളി അവസാനിക്കുമ്പോൾ യന്ത്രസഹായത്താൽ അകത്തേക്കു വലിക്കാവുന്ന രീതിയിലാണു സ്റ്റേഡിയത്തിന്റെ ഫുട്ബോൾ പിച്ചിന്റെ നിർമാണം. മത്സരം ഇല്ലാത്തപ്പോൾ മറ്റു പരിപാടികൾ നടത്താനാണ് ഈ സൗകര്യം.

∙ പുതിയ സ്റ്റേഡിയത്തിന്റെ പുറംവശത്തെ ഭിത്തി മുഴുവൻ ഒരു ഡിജിറ്റൽ സ്ക്രീൻ ആയിരിക്കും. കളി നടക്കുമ്പോൾ ഉൾവശത്ത് 360 ഡിഗ്രി സ്കോർബോർഡും ഉണ്ടായിരിക്കും.

∙ മഴയ്ക്കോ മഞ്ഞിനോ കളി തടസ്സപ്പെടുത്താനാകാത്ത വിധം അടയ്ക്കാനും തുറക്കാനും സാധിക്കുന്ന മേൽക്കൂരയും ബെർണബ്യൂവിൽ നിർമാണത്തിലിരിക്കുന്നു

നവീകരണം പൂർണമായി കഴിയുന്നതോടെ മത്സരങ്ങൾക്കു പുറമേ ബിസിനസ് കോൺഫറൻസുകൾ, സംഗീത പരിപാടികൾ, വിഡിയോ ഗെയിം ടൂർണമെന്റുകൾ തുടങ്ങിയവയ്ക്കും ആതിഥ്യം വഹിക്കാനാകും വിധം വിശാലമായാണു സ്റ്റേഡിയത്തിന്റെ നിർമാണം. വിമാനത്താവളത്തിലെ സൗകര്യങ്ങളെ അനുസ്മരിപ്പിക്കുന്നു ക്ലബ് പുറത്തു വിട്ട വിഡിയോയിലെ ദൃശ്യങ്ങൾ.

റയൽ മഡ്രിഡ് എന്നു കേൾക്കുമ്പോൾ ഫുട്ബോളെന്നാണു മനസ്സിൽ വരികയെങ്കിലും ബാസ്കറ്റ്ബോളിൽ ഉൾപ്പടെ മറ്റു കായികരംഗങ്ങളിലും റയലിനു ടീമുകളും പ്രോജക്ടുകളുമുണ്ട്. അതുകൊണ്ടു തന്നെ, പുതിയ ബെർണബ്യു ഒരുങ്ങുന്നത് ബാസ്കറ്റ്ബോൾ, ടെന്നിസ് തുടങ്ങി പല കായിക ഇനങ്ങളുടെയും മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന വിധമാണ്.

∙ പിച്ച് എങ്ങനെ അകത്തേക്ക് വലിക്കും?

മത്സരം കഴിഞ്ഞതിനു ശേഷം അകത്തേക്കു വലിക്കാവുന്ന ‘റിട്രാക്ടബിൾ പിച്ച്’ പുതിയ സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ സവിശേഷത. വേർപടുത്താവുന്ന 6 വ്യത്യസ്ത പ്ലേറ്റുകളായാണ് ടർഫ്. അതിനു താഴെ ഈ പ്ലേറ്റുകൾ നിരക്കിനീക്കാൻ റെയിൽ സംവിധാനമുണ്ട്. ഗാലറിക്കു താഴെ 30 മീറ്റർ ആഴത്തിൽ അറ നിർമിച്ചിട്ടുണ്ട്. ഇതിൽ പ്ലേറ്റുകൾ തട്ടുതട്ടായി അടുക്കി വയ്ക്കും. പുൽപ്പരപ്പിനു കേടു വരാതിരിക്കാൻ ഊഷ്മാവും ആർദ്രതയും ക്രമീകരിക്കാനുള്ള സംവിധാനവും ഈ അറയിലുണ്ട്.

English Summary: Real Madrid returns to revamped Santiago Bernabeu Stadium after 560 days away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com