ADVERTISEMENT

എസി മിലാൻ കളിത്തട്ടിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുടംബത്തിലെ മൂന്നാം തലമുറയും വരവറിയിച്ചിരിക്കുന്നു.... ഇറ്റലിയിലെ മാൾഡീനി പരമ്പരയിലെ മൂന്നാം തലമുറക്കാരൻ. പാവ്‌ലോ മാൾഡീനിയുടെ മകൻ ഡാനിയൽ മാൾഡീനി ആദ്യ ഇലവനിലെ അരങ്ങേറ്റത്തിൽ വലകുലുക്കി. അച്ഛന്റെ അവസാന ലീഗ് ഗോളിനു ശേഷം 13 വർഷവും 179 ദിവസവും പിന്നിട്ട ദിവസം മകൻ അതേ ലീഗിൽ വല കുലുക്കി. വെറുതെയങ്ങു പോകാനല്ല ഈ മകൻ വന്നതെന്ന വിളമ്പരം പോലെ. 

അച്ഛനും മുത്തച്ഛനും കളിച്ചു വളർന്ന അതേ കുപ്പായത്തിൽ മൂന്നാം തലമുറയിലെ കുട്ടിത്താരവും. ഒരു ക്ലബ്ബിനായി വിയർപ്പു ചീന്തിയവർ.. മുത്തച്ഛൻ‌ മറ്റൊരു ക്ലബ്ബിൽ നിന്നു എസി മിലാനിന്റെ ചുവപ്പു കറുപ്പും വരകളിട്ട ജഴ്സിയിലേക്ക് ചേക്കേറിയതാണെങ്കിൽ അച്ഛനും ഇപ്പോൾ മകനും അതേ ക്ലബ്ബിൽ കളി പഠിച്ച് ഉയർന്നു വന്നവർ. 

∙ കുടുംബത്തിലെ വ്യത്യസ്തൻ 

കൊച്ചു മകൻ ഒരു കാര്യത്തിൽ വ്യത്യസ്തനാണ്. അച്ഛൻ പാവ്‌ലോ മാൾഡീനിയും മുത്തച്ഛൻ സെസാർ മാൾഡീനിയും പ്രതിരോധ നിര ഭടന്മാരാണെങ്കിൽ ഡാനിയൽ ആക്രമണത്തിനു ചുക്കാൻ പിടിക്കുന്ന മധ്യനിര താരമാണ്. 

അതുവരെ പോരാടി നിന്ന സ്പെസിയ താരങ്ങളുടെ സ്വപ്നങ്ങളിൽ ആദ്യ ആണി അടിച്ചത് ഡാനിയൽ മാൾഡീനി എന്ന പത്തൊൻപതുകാരന്റെ തലയിൽ നിന്നു പറന്ന പന്തായിരുന്നു. 48–ാം മിനിറ്റിൽ സ്പെസിയ ടീമിന്റെ വല കുലുങ്ങുമ്പോൾ ആഹ്ലാദവുമായി ഗാലറിയിൽ ഇതിഹാസ താരവും ഇപ്പോൾ ടെക്നിക്കൽ ഡയറക്ടറുമായ പാവ്‌ലോ മാൾഡീനിയും. 

അങ്ങു സ്വർഗത്തിൽ ഇരുന്ന് സെസാർ മാൾഡീനിയും കൊച്ചുമകന്റെ നേട്ടം കണ്ട് ആഹ്ലാദിക്കുന്നുണ്ടാവും. ‘ഡാനിയൽ കഴിവുള്ള താരമാണ്. കളി വായിക്കാനുള്ള കഴിവും പ്രതിഭയുമുണ്ട്. വേഗതയും ആക്രമണോത്സുകതയും കൂടി വർധിപ്പിച്ചാൽ ലോകോത്തര താരമായി മാറും.’ കളി കഴിഞ്ഞ‌് പരിശീലകൻ സ്റ്റെഫനോ പിയോളിയുടെ പ്രശംസ. 

പാവ്‌ലോ മാൾഡീനി ഉൾപ്പെടെ പ്രമുഖർ വിരമിച്ച കുറച്ചു വർഷങ്ങൾക്കുള്ളിൽ തോവികളുടെ പടുകുഴിയിലേക്ക് വീണ എസി മിലാന്റെ ചാംപ്യൻസ് ലീഗ് തിരിച്ചു വരവ് ഇതേ സീസണിലായതും ഇരട്ടി മധുരം. 

∙ ഒരു ക്ലബ്, ഒരു കുടുംബം

1954 മുതൽ 66 വരെ എസി മിലാനിലുണ്ടായിരുന്ന സെസാർ മാൾഡീനി 412 മത്സരങ്ങൾ കളിച്ചു. പിന്നീട് ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായി. 1998 ലോകകപ്പിൽ അസൂറിപ്പടയെ ക്വാർട്ടർ ഫൈനൽ വരെ എത്തിച്ചു. 2016 ഏപ്രിൽ 3ന് അദ്ദേഹം അന്തരിച്ചു. 17 വർഷം മിലാന്റെ പ്രതിരോധം കാത്ത പാവ്‌ലോ മാൾഡീനി 902 മത്സരം കളിച്ചു.... 26 ട്രോഫികൾ നേടി. 

ഡാനിയൽ മാൾഡീനി ഇതുവരെ സീനിയർ ടീമിനായി 14 കളികൾ കളിച്ചു. 12 എണ്ണം ഇറ്റാലിയൻ ലീഗിൽ ആദ്യം പതിനൊന്നിൽ ഇടംപിടിച്ചത് സ്പെസിയയ്ക്കെതിരെ. വല കുലുക്കി പരിശീലകന്റെ വിശ്വാസം കാത്തു. 

ഇറ്റലിയുടെ യൂത്ത് ടീമുകളിലും മിലാൻ അക്കാദമി, യൂത്ത് ടീമുകളിലും തിളങ്ങിയാണ് ‘ഈ മോൻ’ സീനിയർ ടീമിലും പിന്നീട് ആദ്യ ഇലവനിലേക്കും ഇടിച്ചു കയറിയത്. മിലാൻ യൂത്ത് ടീമിനായി 41 കളികളിൽ 19 ഗോളുകൾ 5 അസിസ്റ്റുകൾ. ടെക്നിക്കൽ ഡയറക്ടറുടെ മകനായതു കൊണ്ടല്ല ടീമിൽ കളിക്കുന്നതെന്ന് ചുരുക്കം. 

ac-milan

∙ ഒരു താരം, ഒരു ക്ലബ് 

തിളങ്ങിനിന്ന കാലത്ത് പാവ്‌ലോ മാൾഡീനിയോടു ഇറ്റലിയിൽ തുടരാതെ, മറ്റു ലീഗുകളിലെ വമ്പന്മാരോടൊപ്പം ചോർന്നുകൂടേ എന്ന് പലരും ചോദിച്ചു -  സമ്മതം മൂളിയാൽ റാഞ്ചിക്കൊണ്ടു പോകാൻ വൻ ക്ലബ്ബുകൾ കാവലിരുന്ന കാലത്ത് അയാൾ പ്രഖ്യാപിച്ചു- ഞാനില്ല.... വളർച്ചയുടെ പടവുകളിൽ മകനും അച്ഛന്റെ രീതി പിന്തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

എങ്കിലും എല്ലാ ഫുട്ബോൾ പ്രണയികൾക്കും സുപരിചിതമായ ഫുട്ബോൾ ലോകത്തെ കുടുംബപ്പേരാണ് മാൾഡീനി. ഡാനിയലിന്റെ ചേട്ടൻ ക്രിസ്റ്റ്യൻ മാൾഡീനിക്കു നേടാൻ കഴിയാതെ പോയ അസുലഭ ഭാഗ്യമാണ് താരം നേടിയത്. മുത്തച്ഛന്റെയും അച്ഛന്റെയും വഴി പിന്തുടർന്നു ഡിഫൻഡറായ ക്രിസ്റ്റ്യൻ മാൾഡീനിക്കു ഫുട്ബോൾ ലോകത്ത് ശോഭിക്കാനായില്ല. 

English Summary: Daniel Maldini creates history for A.C. Milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com