ADVERTISEMENT

പാരിസ്∙ കാത്തിരിപ്പ് അൽപം നീണ്ടു പോയതിൽ പിഎസ്ജി ആരാധകർക്കിപ്പോൾ വിഷമം ഉണ്ടാകില്ല. പാരിസ് സെന്റ് ജർമെയ്ൻ ജഴ്സിൽ ലയണൽ മെസ്സി ഗോളടി തുടങ്ങിയിരിക്കുന്നു! പിഎസ്ജിയുടെ ഹോം മൈതാനമായ പാർക് ദെ പ്രിൻസെസിൽ തിങ്ങിനിറഞ്ഞ ആരാധകരുടെ മനസ്സു നിറച്ച ഗോൾ പിറന്നതു ചാംപ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിലാണെന്നതു മെസ്സിയുടെ മനസ്സും നിറച്ചിരിക്കും. ബാർസിലോനയിലെ പഴയ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു മുന്നിലാണു ഗോൾ നേട്ടം എന്നതു മറ്റൊരു യാദൃശ്ചികത. പെപ്പിനു കീഴിൽ 2008–12 കാലയളവിൽ 14 മേജർ കിരീടം നേടിയ ബാർസിലോനയിലെ പ്രധാന താരമായിരുന്നല്ലോ മെസ്സി. 

മെസ്സിയുടെ ഗോളിൽ, പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത് ഏറ്റവും അധികം സന്തോഷിപ്പിച്ചിരിക്കുക പിഎസ്ജി പരിശീലകൻ മൗറീഷ്യോ പൊചെറ്റിനോയെയാകും എന്നും ഉറപ്പാണ്. കാരണം, പൊച്ചെറ്റിനോയുടെ മുൻ ക്ലബ് ടോട്ടനത്തെ ഇപിഎല്ലിൽ പലകുറി തകർത്തുവിട്ട ടീമാണല്ലോ മാഞ്ചസ്റ്റർ സിറ്റി!

സെനെഗൽ മധ്യനിര താരം ഇദ്രിസ ഗുയെ (8’), ലയണൽ മെസ്സി (74’) എന്നിവരുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ 2–0 നു കീഴടക്കിയ പിഎസ്ജി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും കയ്യടക്കി. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ അത്‌ലറ്റികോ മഡ്രിഡ് എസി മിലാനെയും (2–1), ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ്ങിനെയും (1–0), ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗെ റെഡ്ബുൾ ലെയിപ്ഷിഷിനെയും (2–1) കീഴടക്കി. 

ഇരട്ടോ ഗോളാടെ മുഹമ്മദ് സലാ (18’, 60’), 67–ാം മിനിറ്റിൽ സലായ്ക്കു പകരക്കാരനായി ഡബിൾ നേടിയ റോബർട്ടോ ഫിർമിനോ (77’, 81’) സാദിയോ മാനെ (45’) എന്നിവർ തിളങ്ങിയ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ ലിവർപൂൾ 5–1നു തകർത്തപ്പോൾ റഷ്യൻ ക്ലബ് ഷെറിഫിനെതിരായ ഹോം മത്സരത്തിൽ റയൽ മഡ്രിഡിന് അടിതെറ്റി (1–2). ഉസ്ബക്ക് വിങ്ങർ യസ്യൂർബെക് യാക്‌ഷിബോയെവ് (25’), സെബാസ്റ്റ്യൻ തിൽ (89’) എന്നിവരാണു ഷെറിഫിന്റെ ഗോൾ നേട്ടക്കാർ. 65–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നു കരീം ബെൻസേമയാണു റയലിനായി വല കുലുക്കിയത്. 

∙ മെസ്സി, പാരിസ്

കളിയുടെ 55 ശതമാനം സമയവും പന്തു കൈവശം വയ്ക്കാനായെങ്കിലും പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്കു നിരാശയായിരുന്നു ഫലം. ആദ്യ പകുതിയിൽത്തന്നെ സിറ്റി താരങ്ങളുടെ 2 ഷോട്ടുകൾ പോസ്റ്റിലിടിച്ചു മടങ്ങിയ മത്സരത്തിൽ ഗുയെയുടെ ഗോളിൽ 9–ാം മിനിറ്റിൽത്തന്നെ പിഎസ്ജി ലീഡെടുത്തിരുന്നു. നെയ്മാർ, എംബപ്പെ എന്നിവർക്കൊപ്പം ഫസ്റ്റ് ഇലവനിലെ മുന്നേറ്റനിരയിൽ മെസ്സിക്കും പൊച്ചെറ്റിനോ അവസരം നൽകി. 

രണ്ടാം പകുതിയിൽ മാർക്കോ വെരാറ്റി തുടക്കമിട്ട കൗണ്ടറിൽനിന്നായിരുന്നു മെസ്സിയുടെ ഗോൾ. വലതുപാർശ്വത്തിൽനിന്നു മറിഞ്ഞു കിട്ടിയ പന്തുമായി സിറ്റിയുടെ പകുതിയിലേക്കു കുതിച്ച മെസ്സി ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന എംബപ്പെയ്ക്കു പന്തു മറിച്ചു. എംബപ്പെയുടെ വൺ ടച്ച് ബാക്ക് ഹീലിൽ പന്തു തിരികെ മെസ്സിക്ക്. ഇടം കാലൻ വെടിയുണ്ട പോസ്റ്റിന്റെ ഇടതുമൂലയിൽ! 

‘കരുത്തരായ എതിരാളികൾക്കെതിരെ വിജയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ചാംപ്യൻഷിപ്പിൽത്തന്നെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ക്ലബുകളിൽ ഒന്നാണു സിറ്റി. ഒരിക്കൽ മാത്രമേ ഞാൻ ഈ മൈതാനത്തു കളിച്ചിട്ടുള്ളു. പതുക്കെയാണെങ്കിലും ടീമുമായി ഇണങ്ങിച്ചേരാൻ ശ്രമിക്കുകയാണു ഞാൻ’– മത്സരത്തിനു ശേഷം മെസ്സി പറഞ്ഞു. 

20–ാം മിനിറ്റിൽ ഗോളടിച്ചെങ്കിലും 29–ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സി ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ 10 പേരായി ചുരുങ്ങിയ എസി മിലാനാണ് അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ 83 മിനിറ്റും ലീഡ് ചെയ്തിരുന്നത്. എന്നാൽ ആന്റോയിൻ ഗ്രീസ്മാൻ (84’), ലൂയിസ് സുവാരെസ് (97’– പെനൽറ്റി) എന്നിവരുട ഗോളിൽ അത്‌ലറ്റിക്കോ മിലാനിൽനിന്നു വിജയവുമായി മടങ്ങി. 

English Summary: Champions League: Sheriff Tiraspol Shock Real Madrid As Lionel Messi Opens PSG Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com